ദല്‍ഹി: കോവിഡ് അതിവ്യാപനത്തിനിടയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് നടത്തുന്ന മാര്‍ച്ച് കോവിഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പല രീതികളില്‍ തടസ്സാമാകുന്നു. സിംഘു പ്രതിഷേധം കാരണം ഹൈവേകളിലെ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രാജ്യതലസ്ഥാനത്തേക്ക് ഓക്സിജന്‍ സിലിണ്ടുകള്‍ നിറച്ചെത്തുന്ന ട്രക്കുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നിലവിളിക്കുന്ന ദല്‍ഹിയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുകയാണ് ഈ സമരം.
ഏകദേശം 20,000 കര്‍ഷകരാണ് പഞ്ചാബിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി തിക്രി അതിര്‍ത്തിയിലേക്ക് നീങ്ങി ഹൈവേകളില്‍ തടസ്സം സൃഷ്ടിക്കുന്നത്. കര്‍ഷക യൂണിയനായ ‘ഉഗ്രഹന്‍’ കര്‍ഷകരോട് തിക്രി അതിര്‍ത്തിയില്‍ സംഘം ചേരാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ദല്‍ഹിയിലെ ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്ന ഒരു പ്രധാന കമ്പനി അവരുടെ ട്രക്കുകള്‍ സമരം കാരണം രണ്ടു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് അധികൃതരെ അറിയിച്ചിരിക്കുകയാണ്.
കര്‍ഷകരുടെ സമരം മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചതിനാല് ഓക്സിജന്‍ സിലിണ്ടറുകള്‍ നിറച്ച തങ്ങളുടെ ട്രക്കുകള്‍ തലസ്ഥാനത്തെത്തുവാന്‍ നൂറ് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുന്നതായും ഇനോക്സ് എയര്‍ പ്രൊഡക്ട്സ് പറയുന്നു. ഇതേ തുടര്‍ന്ന് ബിജെപി നേതാവ് അമിത് മാളവ്യ ഹൈവേകള്‍ തടയുന്ന കര്‍ഷകര്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം അറിയിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളെയും അമിത് മാളവ്യ വിമര്‍ശിച്ചു. അടുത്ത വര്‍ഷം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെജ്രിവാളിന്റെ ഈ കര്‍ഷകസ്നേഹമെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
‘പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടുള്ള കര്‍ഷകരുടെ ഇത്തരം വഴിടതയലിനെ സഹായിക്കണോ അതേ ദല്‍ഹിയിലെ ജനങ്ങളുടെ ജീവന്രക്ഷിക്കണോ എന്ന് കെജ് രിവാള്‍ തന്നെ തീരുമാനിക്കട്ടെ,’ അമിത് മാളവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: