ന്യൂദല്‍ഹി: ടോക്കിയോ 2020 പാരാലിമ്പിക് ഗെയിമിനുള്ള ഇന്ത്യന്‍ പാരഅത്ലറ്റ് സംഘവുമായും കായികതാരങ്ങളുടെ രക്ഷിതാക്കളുമായും പരിശീലകരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര യുവജനകാര്യ, കായിക വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി, പാരഅത്ലറ്റുകളുടെ ആത്മവിശ്വാസത്തെയും ഇച്ഛാശക്തിയെയും ശ്ലാഘിച്ചു. പാരാലിമ്പിക് ഗെയിംസിലെ എക്കാലത്തെയും വലിയ സംഘത്തെ സജ്ജമാക്കുന്നതില്‍ അവരുടെ കഠിനാധ്വാനത്തെ അദ്ദേഹം പ്രശംസിച്ചു. ടോക്കിയോ 2020 പാരാലിമ്പിക് ഗെയിംസില്‍ ഇന്ത്യ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് പാരാ അത്ലറ്റുകളുമായി സംവദിച്ചശേഷം അദ്ദേഹം പറഞ്ഞു. ഇന്നിന്റെ നവ ഇന്ത്യ മെഡലുകള്‍ക്കായി താരങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും മികച്ച പ്രകടനമാണ് അവരില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയമായാലും മെഡല്‍ നഷ്ടമായാലും അത്ലറ്റുകളുടെ പരിശ്രമങ്ങള്‍ക്കൊപ്പം രാജ്യം ഉറച്ചുനില്‍ക്കുന്നുവെന്ന് ഈയിടെ നടന്ന ഒളിമ്പിക്സിന്റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഈ മേഖലയില്‍ കായികക്ഷമതയ്ക്കൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. സാഹചര്യങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോയതിന് അദ്ദേഹം പാര അത്ലറ്റുകളെ പ്രശംസിച്ചു. മത്സരപരിചയത്തിന്റെ അഭാവവും പുതിയ സ്ഥലത്തിന്റെയും പുതിയ ആളുകളുടെയും അന്താരാഷ്ട്ര ക്രമീകരണങ്ങളുടെയും കാര്യത്തിലുണ്ടായേക്കാവുന്ന മാനസിക സമ്മര്‍ദം പോലുള്ള പ്രതിസന്ധികളും പരിഹരിക്കുന്നതിനായി, വര്‍ക്ക്ഷോപ്പും സ്പോര്‍ട്സ് സൈക്കോളജി സെമിനാറുകളും ഉള്‍പ്പെടുന്ന മൂന്നു സെഷനുകള്‍ സംഘടിപ്പിച്ചു.
നമ്മുടെ ഗ്രാമങ്ങളും ഒറ്റപ്പെട്ട പ്രദേശങ്ങളും കഴിവുകളുടെ വിളനിലമാണെന്നും പാര അത്ലറ്റുകളുടെ സംഘം അതിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കളെക്കുറിച്ച് ചിന്തിക്കണമെന്നും അവര്‍ക്ക് എല്ലാ വിഭവങ്ങളും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മെഡലുകള്‍ നേടാന്‍ കഴിവുള്ള നിരവധി യുവ താരങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യം അവരിലേക്ക് എത്താന്‍ ശ്രമിക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക പ്രതിഭകളെ തിരിച്ചറിയുന്നതിനായി 360 ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഇത് 1000 കേന്ദ്രങ്ങളായി ഉയര്‍ത്തും. ഉപകരണങ്ങള്‍, മൈതാനങ്ങള്‍, മറ്റ് വിഭവങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കായികതാരങ്ങള്‍ക്ക് ലഭ്യമാക്കും. രാജ്യം കായികതാരങ്ങളെ വിശാലമനസ്സോടെയാണ് പിന്തുണയ്ക്കുന്നത്. ‘ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്കീം’ വഴി രാജ്യം ആവശ്യമായ സൗകര്യങ്ങളും ലക്ഷ്യങ്ങളും ലഭ്യമാക്കി പ്രധാനമന്ത്രി പറഞ്ഞു.
കായികരംഗത്ത് ഒരു കുട്ടിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവന്റെ കരിയര്‍ നഷ്ടമാകുമോ എന്ന രീതിയില്‍ മുന്‍ തലമുറയിലുണ്ടായിരുന്നവര്‍ക്കുണ്ടായിരുന്ന ഭയം ഒഴിവാക്കിയാല്‍ മാത്രമേ, കായികരംഗത്തു നാം മുന്‍പന്തിയിലെത്തൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ അരക്ഷിതാവസ്ഥ ഇല്ലാതാക്കേണ്ടതുണ്ട്. ഇന്ത്യയിലെ കായിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടരണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത കായിക വിനോദങ്ങള്‍ക്കും ഒരു പുതിയ വ്യക്തിത്വം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിലെ ഇംഫാലില്‍ കായികസര്‍വകലാശാല സ്ഥാപിക്കല്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ കായികമേഖലയ്ക്കുള്ള സ്ഥാനം, ഖേലോ ഇന്ത്യ സംവിധാനം എന്നിവ ആ ദിശയിലെ പ്രധാന ഘട്ടങ്ങളായി അദ്ദേഹം പരാമര്‍ശിച്ചു.
കായിക താരങ്ങള്‍ ഏതിനത്തെയും പ്രതിനിധാനം ചെയ്യട്ടെ, അവര്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിന്റെ സത്തയെ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി കായിക താരങ്ങളോട് പറഞ്ഞു. നിങ്ങള്‍ ഏത് സംസ്ഥാനത്തെയോ പ്രദേശത്തെയോ പ്രതിനിധാനം ചെയ്യുന്നവരാകട്ടെ, ഏതു ഭാഷ സംസാരിക്കുന്നവരാകട്ടെ, എല്ലാത്തിനുമുപരിയായി, ഇന്ന് നിങ്ങള്‍ ‘ടീം ഇന്ത്യ’യാണ്. ഈ മനോഭാവം, നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ തലങ്ങളിലും വ്യാപിക്കണം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
മുമ്പ്, ദിവ്യാംഗര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നത് ക്ഷേമമായി കണക്കാക്കപ്പെട്ടിരുന്നു; ഇന്ന് രാജ്യം അതിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിനാലാണ് ദിവ്യാംഗര്‍ക്ക് സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് ‘ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശനിയമം’ പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നത്. ‘സുഗമ്യ ഭാരത് കാമ്പയിന്’ ഈ നവീനാശയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നൂറുകണക്കിന് ഗവണ്മെന്റ് കെട്ടിടങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിന്‍ കോച്ചുകള്‍, ആഭ്യന്തര വിമാനത്താവളങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ദിവ്യാംഗ സൗഹൃദമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ആംഗ്യഭാഷയ്ക്കായുള്ള നിഘണ്ടു, എന്‍സിഇആര്‍ടിയുടെ ആംഗ്യഭാഷാ പരിഭാഷ തുടങ്ങിയ ശ്രമങ്ങള്‍ ജീവിതത്തെ മാറ്റിമറിക്കുകയും രാജ്യമെമ്പാടുമുള്ള നിരവധി പ്രതിഭകള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
9 കായിക വിഭാഗങ്ങളില്‍ നിന്നുള്ള 54 പാര അത്ലറ്റുകളാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത് ടോക്കിയോയിലേക്ക് പോകുന്നത്. പാരാലിമ്പിക് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: