കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കല്‍ക്കട്ട ഹൈക്കോടതി. ബംഗാളില്‍ നിയമസഭാതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് അഭിജിത് സര്‍ക്കാരിന്റെ പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്താനും കോടതി നിര്‍ദേശിച്ചു. അക്രമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യണമെന്നും അക്രമത്തില്‍ ഇരയാക്കപ്പെട്ടവരില്‍ നിന്നും മൊഴിയെടുക്കണമെന്നും തൃണമൂല്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അക്രമസംഭവങ്ങളില്‍ ഇരയാക്കപ്പെട്ട മുഴുവന്‍ പേര്‍ക്കും ചികിത്സ നല്‍കാനും തൃണമൂല്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ഈ വിഷയത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളാണ് അരങ്ങേറിയതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി പറഞ്ഞു.
അക്രമങ്ങളുമായി ബന്ധപ്പെട്ട ദേശീയ മനുഷ്യാവകാശകമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കല്‍ക്കട്ട ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ നിരീക്ഷണം. സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിക്കുന്നതിനും മറ്റുമായി മനുഷ്യാവകാശകമ്മീഷന് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ഭാഗികമാണെന്നും സമ്പൂര്‍ണ്ണറിപ്പോര്‍ട്ട് നല്കാന് കൂടുതല്‍ സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും ദേശീയമനുഷ്യാവകാശകമ്മീഷന്‍ അഭിഭാഷകന് സുബീര്‍ സന്യാല്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഘര്‍ഷ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ കമ്മീഷന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ കോടതിയലക്ഷ്യ നിയമപ്രകാരം കേസെടുക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ രാജേഷ് ബിന്ദാള്, ഐപി മുഖര്‍ജി, ഹരീഷ് ടാണ്ടന്‍, സൗമന്‍ സെന്‍, സുബ്രതാ താലുക്ദര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. ദേശീയ മനുഷ്യാവകാശകമ്മിഷന് സംഘത്തിന് സംരക്ഷണം നല്കുന്നതില് പരാജയപ്പെട്ട സൗത്ത് കൊല്‍ക്കൊത്ത ഡപ്യൂട്ട് കമ്മീഷണര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന തെരഞ്ഞെടുപ്പാനന്തര അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും നിരവധി പേര് തൃണമൂല്‍ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനത്തിനിരയാവുകയും ചെയ്തു. ഒട്ടേറെപ്പേര്‍ സ്വദേശം വീട്ട് അസമിലേക്ക് ജീവന്‍രക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടേണ്ടി വന്നു. ഈ അക്രമസംഭവത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
എന്റലി നിയോജകമണ്ഡലത്തില്‍ നിന്നും അക്രമത്തെതുടര്‍ന്ന് ഓടിപ്പോയ ബിജെപി പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത് ഹൈക്കോടതി ഒരു സമിതിയെ നിയോഗിച്ചിരുന്നു. വീണ്ടും സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിക്കുന്നവരെ തടയുന്നത് സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെയും നിയോഗിച്ചിരുന്നു.
ഈ കേസില്‍ വീണ്ടും ജൂലായ് 13ന് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: