ഗുവാഹത്തി: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിംവോട്ടുകള് ഉറപ്പിക്കാന്‍ ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയത് ആത്മഹത്യാപരമായ സഖ്യം. എല്ലാ അര്‍ത്ഥത്തിലും ഇവിടെ ജനപിന്തുണ നഷ്ടമായ കോണ്‍ഗ്രസ് പിന്നീട് ബദറുദ്ദീന്റെ ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടു (എ ഐയുഡിഎഫ്)മായി സഖ്യമുണ്ടാക്കുകയായിരുന്നു.
ആരാണ് ബദറുദ്ദീന്‍ അജ്മല്‍? ബംഗ്ലാദേശില്‍ ജനിച്ച് അസമില്‍ എത്തിയ മുസ്ലിങ്ങളുടെ രക്ഷകനാണ് ബദറുദ്ദീന്‍ അജ്മല്‍ കണക്കനുസരിച്ച് അസമില്‍ 35 ശതമാനം മുസ്ലിം വോട്ടുകളുണ്ട്. ഇത് മുഴുവന്‍ കോണ്‍ഗ്രസ് കൂടാരത്തിലെത്തിക്കുകയായിരുന്നു ബദറുദ്ദീന്‍ അജ്മലുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ലക്ഷ്യം.
എന്നാല്‍ ഈ സഖ്യം വഴി പരോക്ഷമായി ബിജെപിയ്ക്ക് അനുകൂലമാവുകയാണ്. കാരണം അസമിലെ മറ്റ് ഭാഗങ്ങളില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് മറന്നുപോയി. ഉദാഹരണത്തിന് തദ്ദേശിയരായ അസം ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം എ ഐയുഡിഎഫും അതിന്റെ സ്ഥാപകന്‍ അജ്മലും വര്‍ഗ്ഗീയവാദികളും വിഘടനവാദികളുമാണ്.
കിഴക്കന്‍ ബംഗാളില്‍ നിന്നും പിന്നീട് കഴിക്കന്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ദശലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ എത്തിയപ്പോള്‍ ജനസംഖ്യയില്‍ വലിയ മാറ്റം സംഭവിച്ച ലോവര്‍ അസമിലെ (ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളുടെ അടിത്തറയാണ് ഇവിടം) മൗലാനയാണ് (ഇദ്ദേഹവും ബംഗാള്‍ ഭാഷ സംസാരിക്കുന്ന മുസ്ലിമാണ്) 2005ല്‍ എഐയുഡിഎഫ് സ്ഥാപിക്കുന്നത്. വിവാദമായ ഐഎംഡിടി നിയമം എന്നറിയപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍ (ട്രിബ്യൂണലുകള്‍ വഴി നിശ്ചയിക്കല്‍) നിയമം, 1983 സുപ്രീംകോടതി റദ്ദാക്കിയതിന്റെ പ്രത്യാഘാതമെന്നോണമാണ് എഐയുഡിഎഫ് രൂപീകരിക്കപ്പെട്ടത്.
അസമിലേക്ക് ബംഗ്ലാദേശില്‍ നിന്നെത്തിയ വിദേശികളായ മുസ്ലിങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന അസം പ്രസ്ഥാനങ്ങളില്‍ നിന്നും ഇവരെ സംരക്ഷിക്കാന്‍ ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഐഎംഡിടി നിയമം കൊണ്ടുവന്നത്. അനധികൃതമായി ദശലക്ഷക്കണക്കിന് ബംഗ്ലാദേശി മുസ്ലിങ്ങള്‍ അസമിലേക്ക് ഒഴുകിയെത്തുന്നതിനെതിരെ 1979ലാണ് ഓള് അസം സ്റ്റുഡന്‍സ് യൂണിയന് (ആസു) പ്രക്ഷോഭം ആരംഭിച്ചത്. ഈ പ്രക്ഷോഭത്തില്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി എത്തിയ നിരവധി മുസ്ലിം കുടിയേറ്റക്കാരെക്കുറിച്ച് അസമിലെ തദ്ദേശിയര്‍ നിരവധി പരാതികള്‍ ഫയല്‍ ചെയ്യുകയുണ്ടായി. വിദേശി നിയമം 1946 പ്രകാരമായിരുന്നു ഈ പരാതികള്‍ നല്‍കിയത്.
1946ലെ നിയമമനുസരിച്ച് ഒരാള്‍ വിദേശയാണോ എന്നത് തെളിയിക്കേണ്ടത് കുടിയേറ്റക്കാരന് തന്നെയാണ്. എന്നാല്‍ ഐഎംഡിടി നിയമം വിദേശപൗരനാണ് എന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം പൊലീസിന്റെയോ പരാതിക്കാരന്റെയോ മേല്‍വെച്ചുകെട്ടുന്നു. അതായത് അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിയമമായിരുന്നു ഐഎംഡിടി നിയമം. ഈ നിയമത്തിനെതിരെ ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോണോവാല്‍ (പണ്ടത്തെ ആസു നേതാവ്) ഐഎംഡിടി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സുപ്രീംകോടതി ഐഎംഡിടി നിയമം എടുത്തുകളയാന്‍ ഉത്തരവിട്ടത്. സോണോവാലിലെ തദ്ദേശീയരായ അസം ജനത വീരനായകനായി കാണുമ്പോള്‍ അനധികൃത കുടിയേറ്റക്കാരെ രക്ഷിക്കാനാണ് അജ്മലിന്റെ എ ഐയുഡിഎഫ് ശ്രമിക്കുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകള്‍ എ ഐയുഡിഎഫ് നേടി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്നും അജ്മല്‍ വിജയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ എ ഐയുഡിഎഫ് നേടി. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്നും അജ്മല്‍ വീണ്ടും വിജയിച്ചു. കൂടെ മൂന്ന് സീറ്റുകള്‍ കൂടി നേടി.
എന്നാല്‍ 2016ല്‍ ബിജെപി അധികാരത്തില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എ ഐയുഡിഎഫ് തകര്‍ന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വെറും 13 സീറ്റുകള്‍ കിട്ടി. സ്ഥാനാര്‍ത്ഥിയായ അജ്മല്‍ തന്നെ തോല്‍ക്കുകയും ചെയ്തു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും എ ഐയുഡിഎഫിനെ കരുത്ത് ചോര്‍ന്നു. നാല് സീറ്റില്‍ നിന്നും അത് ഒരു സീറ്റായി മാറി.
തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസ് നേതാവായിരിക്കുമ്പോള് എഐയുഡിഎഫിനെ കോണ്‍ഗ്രസിന്റെ നാലയലത്ത് അടുപ്പിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതാക്കളാണ് മുസ്ലിം വോട്ടുകളില്‍ ചോര്‍ച്ച തടയാന്‍ പുതിയ സഖ്യവുമായി ഇറങ്ങിയിരിക്കുന്നത്. തദ്ദേശീയരെ വെറുപ്പിച്ചുകൊണ്ടുള്ള ഈ സഖ്യം എവിടെയെത്തുമെന്ന് മെയ് രണ്ട് ഉത്തരം പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: