കൊച്ചി: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കുമെന്നു മന്ത്രി പി. രാജീവ്. ഡിസംബര്‍ മാസത്തോടെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പദ്ധതി അങ്കമാലിയുടെ വികസനത്തിന് വഴി തുറക്കുകയും ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായകമാകുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പരമാവധി വീടുകളെ കുടിയൊഴിപ്പിക്കാതെ പദ്ധതി നടപ്പിലാക്കാന്‍ പുതിയ സാധ്യതകള്‍ അടിയന്തരമായി പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം നാളെ ഓണ്‍ലൈനായി ചേരും.
പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ജൂലൈ 8, 9, 10 തീയതികളില്‍ പബ്ലിക് ഹിയറിങ് നടത്തും. ഗിഫ്റ്റ് സിറ്റി പദ്ധതിയില്‍ ഐ ടി – സാമ്പത്തിക – സേവന വ്യവസായങ്ങളാണ് ഉണ്ടാകുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022ല്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു 2025 ഓടെ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു.
ബെന്നി ബഹന്നാന് എംപി , റോജി എം. ജോണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടര്‍ എസ്. സുഹാസ്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഡോ. ഹാരിസ് റഷീദ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: