അയ്യപ്പഭക്തര്‍ ഒഴുക്കിയ കണ്ണീരിനുള്ള മറുപടിയായിരിക്കും ഈ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാവുക എന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ശബരിമല ആചാരലംഘനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പകളേക്കാള് ഗൗരവമായി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസിസമൂഹം ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ആചാരലംഘനത്തിനെതിരെ നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും മര്ദനമഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല. ആറായിരത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവെച്ചതിനു ശേഷമാണ് ഭക്തര്‍ക്ക് കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചത്.
ശബരിമലയിലെ ആചാരലംഘന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നതിന് പോലീസിന്റെ ക്രൂരമര്ദ്ദനമേറ്റുവാങ്ങുകയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളിലുള്പ്പെടുകയും ചെയ്ത ശശികല ടീച്ചര്‍ ജന്മഭൂമിയോട് സംസാരിക്കുന്നു.
ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കുക?
= ശബരിമല വിഷയത്തില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളോടുള്ള ശക്തമായ പ്രതികരണമായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകുക. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായതിനേക്കാള്‍ ഗൗരവപൂര്‍വ്വമായിരിക്കും ഇത്തവണ വിശ്വാസികളായ വോട്ടര്‍മാരുടെ നിലപാട്. കാരണം, ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കുകയും വിശ്വാസികളെ തടയുകയും പീഡിപ്പിക്കുകയും
ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിധി പറയാനുള്ള അവസരമാണിത്. മാത്രമല്ല, ശബരിമല വിഷയം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. കോടതിയുടെ വിധിയെന്തായാലും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരിക്കും പ്രധാനം. അതുകൊണ്ടു തന്നെ, അയ്യപ്പഭക്തരുടെ വികാരങ്ങള്‍ക്കെതിരെ നില്ക്കുന്ന ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍ വിശ്വാസികള്‍ ആഗ്രഹിക്കില്ല. അവര്‍ വിശ്വാസികളെ സംരക്ഷിക്കുന്ന, അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയായിരിക്കും പിന്തുണക്കുക എന്നുറപ്പാണ്.
ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദപ്രകടനം നടത്തിയത് ഈ വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ടാണോ?
= കടകംപള്ളിയുടേത് വെറു ജാഡയാണ്. ഇപ്പോള്‍ ഖേദപ്രകടനം നടത്തിയ അദ്ദേഹത്തിന് സംഭവം നടക്കുമ്പോള്‍ ബുദ്ധിഭ്രമമായിരുന്നോ? വിശ്വാസികളായ ലക്ഷക്കണക്കിനാളുകളെ കണ്ണീരുകുടിപ്പിച്ചിട്ട് പിന്നീട് ഖേദപ്രകടനം നടത്തുന്നതിനെ എങ്ങനെ വിശ്വാസത്തിലെടുക്കും? മാത്രമല്ല, സീതാറാം യെച്ചൂരിയും കാനവുമൊക്കെ ഇപ്പോഴും പഴയ നിലപാടില്‍ തന്നെ ഉറച്ചു നില്ക്കുമ്പോള് കടകംപള്ളിക്ക് എങ്ങനെ നിലപാട് മാറ്റാനാകും?
കടകംപള്ളിയുടെ ഖേദപ്രകടനം കേരളത്തിലെ ജനങ്ങളിലുണ്ടാക്കിയ പ്രതികരണം എന്തായിരിക്കും?
= ജനങ്ങള്‍ ഈ തട്ടിപ്പ് തിരിച്ചറിയും. ലക്ഷക്കണക്കിന് വിശ്വാസികള്‍ ശബരിമല പ്രക്ഷോഭത്തില്‍ പങ്കാളികളായവരും വേട്ടയാടപ്പെട്ടവരുമാണ്. ജനങ്ങള്‍ മുഴുവന്‍ ഇതൊക്കെ കണ്ടതുമാണ്.
സുപ്രീംകോടതി വിധി ഏതു വിധേനയും നടപ്പാക്കുമെന്ന് പറഞ്ഞ പിണറായി വിജയന് ഇപ്പോള്‍ പറയുന്നത് അന്തിമവിധി എന്തായാലും എല്ലാവരോടും ആലോചിച്ചു മാത്രമേ നടപ്പാക്കൂ എന്നാണ്?
= ആരോടാണ് പിണറായി ആലോചിക്കുക? ലക്ഷക്കണക്കിന് വിശ്വാസികള്‍ സമരരംഗത്തിറങ്ങിയിട്ടും അവരോട് ആലോചിക്കാന്‍ അദ്ദേഹം തയ്യാറായില്ലല്ലോ. രഹ്ന ഫാത്തിമയോടും ബിന്ദു അമ്മിണിയോടുമൊക്കെ ആലോചിച്ചല്ലേ പിണറായി അന്ന് നിലപാടെടുത്തത്. ഒരു സമരം നടക്കുമ്പോള്‍ സമരരംഗത്തുള്ളവരുമായി കൂടിയാലോചന നടത്തുക എന്ന ഒരു ഭരണാധികാരിയുടെ സാമാന്യമര്യാദ പോലും കാണിക്കാത്തയാളാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയമുണ്ടാക്കിയ സ്വാധീനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
= വിശ്വാസികളെ ഒന്നടങ്കം വേദനിപ്പിച്ച സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ വോട്ട് രേഖപ്പെടുത്തിയത് എന്നാണ് ഫലത്തില്‍ തെളിഞ്ഞത്. ആ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഒരു സീറ്റില്‍ മാത്രം എല്‍ഡിഎഫ് ഒതുങ്ങിയത് അതുകൊണ്ടാണ്. എന്നാല്‍ ഇത്തവണ വിശ്വാസികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും അവര്‍ വോട്ട് ചെയ്യുക. അയ്യപ്പനൊപ്പം നിന്നവരെ രക്ഷിക്കുക എന്ന നിലപാടായിരിക്കും അയ്യപ്പഭക്തര്‍ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: