കാലിക്കറ്റ് സര്‍വ്വകലാശാല ലൈഫ് സയന്‍സ് വിഭാഗം അദ്ധ്യാപകന് ഡോ. ജി. രാധാകൃഷ്ണപിള്ള, കേരള സര്‍വ്വകലാശാല തമിഴ് വിഭാഗം അദ്ധ്യാപികയായ ഡോ. ടി. വിജയലക്ഷ്മി എന്നിവര്‍ കേരളാ ഹൈക്കോടതിയില്‍ നല്കിയ റിട്ട് ഹരജിയില്‍ 2021 മാര്‍ച്ച് 31-ന് പുറപ്പെടുവിച്ച ഒരു സുപ്രധാന വിധി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമ വിരുദ്ധ നിയമനങ്ങളെ വെളിച്ചത്തു കൊണ്ടു വന്നിരിക്കുകയാണ്. വിധി പുറത്തു വന്നതോടുകൂടി കേരള സര്‍വ്വകലാശാല 2017ല്‍ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം നടത്തിയ അദ്ധ്യാപക തസ്തികയിലേക്കുള്ള അമ്പത്തിയെട്ട് നിയമനങ്ങള്‍ റദ്ദായിരിക്കുകയാണ്. ഈ വിജ്ഞാപനവും അതിനാധാരമായ 2014-ല്‍ കേരള യുണിവേഴ്സിറ്റി ആക്ട് ഭേദഗതി ചെയ്ത കേരള നിയമസഭയുടെ നടപടിയും ഹൈക്കോടതി വിധിയിലൂടെ റദ്ദു ചെയ്യപ്പെട്ടു. കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കേഡറുകള്‍ക്ക് വേണ്ടി നിയമനങ്ങളും നിയമങ്ങളും അട്ടിമറിച്ചതിന്റെ ചരിത്രം ഇതോടെ ചുരുളഴിയുകയാണ്.
സിപിഎമ്മിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകരായി കേരളത്തിലെ സ്വകാര്യ, സര്‍ക്കാര്‍ കോളേജുകളിലും സര്‍വ്വകലാശാലകളിലും ജോലി ചെയ്യുന്ന ഇടതുപക്ഷ യൂണിയന് അദ്ധ്യാപകരെ പിന്‍വാതിലിലൂടെ സര്‍വ്വകലാശാലയിലേക്ക് തിരുകി കയറ്റാനുള്ള ശ്രമമാണ് കോടതി വിധിയിലൂടെ തകര്‍ന്നത്. നുണ ആവര്‍ത്തിച്ച് പറഞ്ഞ് സത്യമാക്കുന്നതില് പ്രഗല്ഭരായ ഇടത് അദ്ധ്യാപകര്‍ കോടതി വിധി തെറ്റായി വ്യഖ്യാനിച്ച് രംഗത്തു വന്ന സാഹചര്യത്തില്‍ ഈ വിധിയെ ഒന്നിഴയഴിച്ച് അവലോകനം ചെയ്യേണ്ടത് അനിവാര്യമാണ്. തൊട്ടതിനും പിടിച്ചതിനും കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ് കേരള സര്‍വ്വകലാശാല നിയമനങ്ങള്‍ നടത്തിയത് എന്ന പൊള്ളയായ വാദവുമായി രംഗത്തു വന്നിരിക്കുന്നു.
പിഴവുകളുടെ പട്ടിക
- 2017-ല്‍ കേരള സര്‍വ്വകലാശാല പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം അന്‍പത്തിയെട്ട് അദ്ധ്യാപക തസ്തികകളിലേക്ക് നിയമനങ്ങള്‍ തിരക്കിട്ടു നടത്തി. വിവിധ ഡിപ്പാര്ട്ടുമെന്റില് പ്രഫസര്‍, അസോ. പ്രൊസര്‍, അസി. പ്രൊഫസര്‍ എന്നീ കേഡറുകളില്‍ ഉള്‍പ്പെട്ട തസ്തികളെയാണ് കുട്ടിയോജിപ്പിച്ച് ഒരു യൂണിറ്റായി പരിഗണിച്ച് നിയമനം നടത്തിയത്. ഇതു മൂലം എന്താണു സംഭവിച്ചത്? ഉദാഹരണത്തിന്, സുവോളജി വിഭാഗത്തില്‍ അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥി മത്സരിക്കേണ്ടി വന്നത് ഇംഗ്ലീഷ് വിഭാഗത്തില്‍ അപേക്ഷിച്ച ആളുമായിട്ടാണ്. ഇവിടെ തുല്യരെ തുല്യ സ്ഥാനത്തേക്ക് എന്ന സാമാന്യ നിയമം അട്ടിമറിക്കുകയല്ലേ ചെയ്യപ്പെട്ടത്? ചില വകുപ്പുകളില്‍ സംവരണ വിഭാഗത്തില്‍ പെടാത്തവരെയും, ചില വകുപ്പുകളില്‍ സംവരണ വിഭാഗത്തില്‍ പെട്ടവരെ മാത്രമായും സര്‍വ്വകലാശാലക്ക് ഇഷ്ടം പോലെ നിയമനം നടത്താം എന്ന സ്ഥിതിവിശേഷമാണ് ഈ കോടതി വിധിയിലൂടെ വെളിവാക്കപ്പെട്ടത്. എല്ലാ വിഭാഗത്തിലും കുടി മൊത്തത്തില്‍ അമ്പതു ശതമാനം സംവരണം കാണിച്ചാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ ഭരണഘടനയുടെ അനുച്ഛേദം 14, 16 എന്നിവയുടെ ലംഘനം നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ അനുച്ഛേദം 14-ല്‍ പറയുന്ന കിലേഹഹശഴശമയഹല റശളളലൃലിശേമ, ഞമശേീിമഹ ചലഃൗ െഎന്നീ തത്ത്വങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ രണ്ടു വിഭാഗത്തില്‍ നില്‍ക്കുന്നവരെ രണ്ടായി പരിഗണിച്ച് സംവരണ തത്ത്വങ്ങള്‍ പാലിച്ച് നിയമനങ്ങള്‍ നടത്തേണ്ടതാണ്.
- ഒരൊഴിവു മാത്രമുള്ള പഠന – ഗവേഷണ വിഭാഗത്തിലേക്ക് സംവരണ വിഭാഗത്തിലുള്ളവര്‍ നിയമിക്കപ്പെട്ടതിലൂടെ സംവരണം 100 ശതമാനത്തിലേക്കെത്തി. ഇത് സുപ്രീകോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
- 2019 മാര്‍ച്ച് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സും തുടര്‍ന്ന് 2019 ജൂലൈയില്‍ നിലവില്‍ വന്ന നിയമവും കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കും കേന്ദ്ര ഗവര്ണ്മെന്റിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ബാധകമെന്ന് പ്രസ്തുത നിയമത്തില്‍ വ്യക്തമാക്കിയിരിക്കെ, കേന്ദ്ര നിയമ പ്രകാരമാണ് കേരള സര്‍വ്വകലാശാല വിജ്ഞാപനം എന്ന ഇടതു ന്യായീകരണ വിദഗ്ധരുടെ വാദം ഇവര്‍ എത്ര മാത്രം ബുദ്ധി ശുന്യരാണ് എന്നത് വ്യക്തമാക്കുന്നതാണ്.
- 2018 മാര്‍ച്ച് മാസം 5-ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍, യുജിസി ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (സംസ്ഥാന സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഉള്‍പ്പെടെ) പഠന ഗവേഷണ വകുപ്പ് അടിസ്ഥാനമാക്കി അതാത് വകുപ്പിലെ അദ്ധ്യാപകര്‍ക്ക് ഒരു സംവരണ സംവിധാനം ഉണ്ടാക്കണമെന്നും ആ സംവിധാനം പ്രൊഫസര്‍, അസോ. പ്രൊസര്‍, അസി. പ്രൊഫസര്‍ എന്നിങ്ങനെ ഓരോ കേഡറിലും ബാധകമാക്കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു മറച്ചു വച്ചിട്ടല്ലേ കേരള സര്‍വ്വകലാശാല സ്വന്തം നിലയില്‍ നിയമനത്തിന് സാധുത കൊടുത്തത്. കേരള സര്‍വ്വകലാശാലയില്‍ മേല്‍ക്കോടതികളില്‍ നിന്നും ഉത്തരവാദപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും വന്നിട്ടുള്ള ഉത്തരവുകളെ സംബന്ധിച്ച് പ്രാഥമിക നിയമ ഉപദേശത്തിനു പോലും ഉള്ള സംവിധാനം ഇല്ലെന്നാണോ മനസിലാക്കേണ്ടത്.
- 2021 ജനുവരി ഒന്നിന് മദ്രാസ് ഹൈക്കോടതി, തിരുച്ചിറപ്പിള്ളി ഭാരതീദാസന്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കേസിലും അലഹാബാദ് ഹൈക്കോടതിയുടേതിനു സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു. ഇത് കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനു പോകാന്‍ തയ്യാറായി നില്ക്കുന്നവരില് പരാജയ ഭീതി ഉറപ്പിക്കുന്നുണ്ട്. ചുരുങ്ങിയ പക്ഷം മേല്‍ സൂചിപ്പിച്ച വിധിന്യായങ്ങള്‍ വായിച്ചു നോക്കിയിട്ടെങ്കിലും വേണം പരാജയം ഏറ്റുവാങ്ങാന്‍ മേല്‍ കോടതിയിലേക്കു പോകാന്‍ എന്ന് ഓര്മിപ്പിക്കുവാനേ കഴിയൂ.
- സിപിഎമ്മുകാര്‍ക്കുള്ള പാര്‍പ്പിടമാക്കി സര്‍വ്വകലാശാലകളെ നശിപ്പിക്കാന്‍ കൂട്ടു നിന്ന വൈസ് ചാന്‍സലറും സര്‍വ്വകലാശാല അധികൃതരും ഇതില്‍ കുറ്റവാളികള്‍ അല്ലേ? തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പൂര്‍ണ്ണ ബോധ്യം ഉള്ളതുകൊണ്ടാണല്ലോ കോടതി വിധി എതിരായാല്‍ ജോലി നഷ്ടപ്പെട്ടേക്കാം എന്ന മുന്നറിയിപ്പു് നിയമന ഉത്തരവില്‍ എഴുതി ചേര്‍ത്തത്.
- ആശ്രിതര്‍ക്ക് അനുയോജ്യമാവുന്ന വിധത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ എല്ലാ ജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും എല്ലാ തസ്തികകളിലേക്കും മത്സരിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടത് എന്ന് പാവങ്ങളുടെ രക്ഷകര്‍ എന്ന് മേനി നടിക്കുന്ന ഇടതു വരേണ്യര്‍ മന:പൂര്‍വ്വം തമസ്കരിക്കുന്നു. കൂടാതെ കുറഞ്ഞ അനുപാതത്തിലുള്ള സംവരണ വിഭാഗങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെടുകയാണ് ചെയ്തത്.
എന്തായാലും ഹൈക്കോടതിയുടെ വിധി ചരിത്രപരമാണ്. പലതു കൊണ്ടും. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗം തേടുന്നവര്‍ക്ക് ഇത് ആശ്വാസവും പ്രതീക്ഷയും നല്കുന്നു. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്നവര്‍ക്ക് ഒരേ സമയം അഭിമാനകരവും ആശ്വാസകരവുമാണ് ഇത്. അനധികൃതമായി സംഘടനാ പ്രവര്‍ത്തന പാരമ്പര്യം പരിഗണിച്ചും യോഗ്യരായവരെ ഒഴിവാക്കിയും വിഷയ വിദഗ്ധരേയും വൈസ് ചാന്‍സലര്‍ മാരെയും സ്വാധീനിച്ചും നിയമനം നേടി കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ വിവിധ തസ്തികകളില്‍ കയറി പറ്റിയവര്‍ക്ക് ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണിത്. സംസ്ഥാന ഭരണത്തിന്റെ തണലില്‍ സുപ്രീംകോടതിയെ മറികടക്കാമെന്ന മോഹന വാഗ്ദാനങ്ങള്‍ നല്കി നിയമനം നഷ്ടപ്പെട്ട കൂട്ടത്തിലെ സീനിയര്‍ അദ്ധ്യാപക സഖാക്കള്‍ കേസ് നടത്താന്‍ പണപ്പിരിവ് ഉടന്‍ തുടങ്ങുമായിരിക്കാം. അവരെ സംബസിച്ച് റിട്ടയര്‍മെന്റ് വരെ കേസ് വലിച്ചു നീട്ടുക എന്ന താല്പര്യം മാത്രമേ. ഉണ്ടാവൂ. ഇവരുടെ വലയില്‍ വീഴാതെ നിയമത്തിന് വിധേയമായി യോഗ്യതക്കനുസരിച്ചുള്ള ഉദ്യോഗം കരസ്ഥമാക്കാന്‍ ശ്രമിക്കുകയോ ലീന്‍ പൂര്‍ത്തിയാവുന്നതിനു മുമ്പ് സ്വന്തം സ്ഥാപനത്തിലേക്ക് തിരിച്ചു പോകുകയോ ചെയ്യുക എന്നതാണ് ജൂനിയര്‍ അദ്ധ്യാപകര്‍ക്ക് അഭികാമ്യം. പണപ്പിരിവും കൊടി പിടിക്കലും ഉള്‍പ്പെടെയുള്ള കോപ്രായങ്ങള്‍ക്കു വേണ്ടി നിന്നു കൊടുക്കാതിരിക്കുക. എക്കാലത്തും പാവങ്ങളെ കബളിപ്പിച്ച് സ്വയം വികസിക്കുന്ന സംഘടനാ നേതാക്കള്‍ക്കുള്ള മറുപടിയാണ് ഹൈക്കോടതി വിധി. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് കേസിന്റെ പുന:പരിശോധനാ ഹര്‍ജി 1998-ല്‍ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് എടുത്ത നിലപാടിനെ വ്യക്തമാക്കിക്കൊണ്ടാണ് കേരള ഹൈക്കോടതിയുടെ മേല്‍ പ്രസ്താവിച്ച വിധി എന്നത് വളരെ ശ്രദ്ധേയമാണ്.
ഡോ.പി.പി. ബിനു
(കണ്‍വീനര്‍, മീഡിയസെല്‍ ഉന്നത വിദ്യാഭ്യാസ അദ്ധ്യാപകസംഘം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: