തിരുവനന്തപുരം: സ്പ്രിങ്ക്ളര്, ബെവ്ക്യു, ഇ മൊബിലിറ്റി, പ്രൈസ്വാട്ടര് ഹൗസ് കൂപ്പേഴ്സ് വിവാദങ്ങളുടെ അലയൊടുങ്ങുംമുമ്പ് പിണറായി സര്ക്കാരിന്റെ മറ്റൊരു ഇടപാട് കൂടി വിവാദത്തില്. ലൂയിസ് ബര്ഗര് എന്ന സ്ഥാപനത്തെ കണ്സള്ട്ടന്സിയാക്കിയ നടപടിയാണ് കുരുക്കില്പ്പെട്ടത്.
ബിഷപ് കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്ച്ച് കൈവശം വച്ചിരിക്കുന്ന സര്ക്കാര് ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റില് ശബരിമല വിമാനത്താവളം പണിയാന് സര്ക്കാര് കണ്സള്ട്ടന്സിയായി നിയമിച്ച ഈ സ്ഥാപനം ആഗോളതലത്തില് കുപ്രസിദ്ധിയാര്ജിച്ച ഒന്നാണ്.
ഭൂമി കാണുകപോലും ചെയ്യാതെ വിമാനത്താവള സാധ്യതാപഠന റിപ്പോര്ട്ട് നല്കിയത് വിവാദമായിരുന്നു. ലോകബാങ്ക് കരിമ്പട്ടികയില്പ്പെടുത്തിയ, സിബിഐ അന്വേഷണം നേരിടുന്ന, ലൂയിസ് ബര്ഗറിനെ ശബരിമല വിമാനത്താവളത്തിനു പുറമെ സര്ക്കാരിന്റെ നിരവധി പദ്ധതികളുടെ വിശദമായ റിപ്പോര്ട്ടുകള് തയാറാക്കാന് നിയോഗിച്ചിരിക്കുന്നുവെന്നതും ദുരൂഹമാണ്.
ഫോറിന് കറപ്റ്റ് പ്രാക്റ്റീസസ് പ്രിവന്ഷന് ആക്റ്റ് പ്രകാരം 2015ല് ലൂയിസ് ബര്ഗറിനെതിരെ അമേരിക്കയിലെ ഏറ്റവും ഉയര്ന്ന കുറ്റാന്വേഷണ ഏജന്സിയായ ഫെഡറല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന് (എഫ്ബിഐ) കേസെടുക്കുകയും കോടതി 17.1 മില്യണ് ഡോളര് പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇന്തോനേഷ്യ, വിയറ്റ്നാം, കുവൈത്ത്, ഇന്ത്യ എന്നിവിടങ്ങളിലെ നി
ര്മാണ പ്രവര്ത്തനങ്ങളിലും ഇവരുടെ കളങ്കിത പ്രവര്ത്തനങ്ങള് കണ്ടെത്തിയിരുന്നു. വിയറ്റ്നാമിലെ തേര്ഡ് റൂറല് ട്രാന്സ്പോര്ട്ട് പദ്ധതിയിലും ഡി നാംഗ് പ്രയോറിറ്റി ഇന്ഫ്രാസ്ട്രക്ചര് പദ്ധതിയിലും കമ്പനി ക്രമക്കേടു നടത്തിയതിനെത്തുടര്ന്ന് ലോകബാങ്ക് കരിമ്പട്ടികയില്പ്പെടുത്തിയിരുന്നു.
ഗോവയില് ജപ്പാന് ഇന്റര്നാഷണല് കോര്പ്പറേഷന് ഏജന്സി ധനസഹായം നല്കിയ 1031 കോടി രൂപയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ കരാര് ലഭിക്കാന് കോഴ നല്കിയെന്ന് ഇവര്ക്കെതിരെ കേസുണ്ട്. ഗുവാഹത്തിയിലെ ജലവിതരണ പദ്ധതിയുടെ 1,452 കോടി രൂപയുടെ കരാര് ഉറപ്പാക്കാന് ആറ് കോടി ഡോളര് കോഴ നല്കിയെന്നതിനും കേസുണ്ട്.
മൂന്ന് ജലവിതരണ പദ്ധതികള് കൈകാര്യം ചെയ്യാന് ഗുവാഹത്തി മെട്രോപൊളിറ്റന് ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് 2010ല് ലൂയിസ് ബര്ഗറിന് കരാര് നല്കിയത്. അഴിമതി ആരോപണം ഉയര്ന്നതിനെത്തുടര്ന്ന് 2017 നവംബറില് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ നിര്മാണപ്രവര്ത്തനങ്ങളിലും ആക്ഷേപമുണ്ട്.
ഇത്രയും വിവാദമായ കമ്പനിക്കാണ് 2017ല് പിണറായി സര്ക്കാര് കണ്സള്ട്ടന്സി നല്കിയത്. ഇവര്ക്ക് 4.6 കോടിക്ക് കണ്സള്ട്ടന്സി കരാര് നല്കിയതിലും പദ്ധതി സ്ഥലം സന്ദര്ശിക്കുക പോലും ചെയ്യാതെ സാധ്യതാപഠന റിപ്പോര്ട്ട് തയാറാക്കിയതിലും ദുരൂഹതയുണ്ട്.
സര്ക്കാരിന്റെ റീബില്ഡ് കേരളപദ്ധതിയിലുള്ള ഇടുക്കി നെയ്യശ്ശേരി-തോക്കുമ്പന്സാടില് റോഡിന്റെ ഡിപിആര് പഠനവും ചേലക്കര മണ്ഡലത്തിലെ വാഴക്കോട്-പ്ലാഴി റോഡിന്റെ ഡിപിആര് അടക്കമുള്ള മറ്റു പദ്ധതികളിലും കമ്പനിയെ ഉള്പ്പെടുത്തിയിട്ടുണ്ട്.
സാധ്യതാപഠന റിപ്പോര്ട്ടിനെതിരെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ഫ്രെബുവരി 3ന് ചേര്ന്ന ശബരിമല എയര്പോര്ട്ട് അവലോകനയോഗത്തില് രൂക്ഷവിമര്ശനമുയര്ന്നിരുന്നു. എയര്പോര്ട്ട് സ്പെഷ്യല് ഓഫീസറായ പി. തുളസീദാസ് റിപ്പോര്ട്ടിനെ തള്ളിപ്പറഞ്ഞു.
പാരിസ്ഥിതിക ആഘാത പഠനമോ കേന്ദ്രസര്ക്കാരിന്റെ അനുമതി ലഭ്യമാക്കുന്നതിനുവേണ്ട പ്രാരംഭനടപടികളോ കണ്സള്ട്ടന്സി കൈക്കൊണ്ടില്ലെന്നു സ്പെഷ്യല് ഓഫീസര് പറഞ്ഞപ്പോള് കണ്സള്ട്ടന്സിയില് നിന്നും തുക തിരിച്ചുപിടിക്കണമെന്നാണ് ഗതാഗതവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാല് ഒരു നടപടിയും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: