തിരുവനന്തപുരം: കൊറോണ വ്യാപനം സംസ്ഥാനത്ത് എത്ര പിടിമുറിക്കിയാലും എല്ലാം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞെങ്കിലും എല്ലാം വാക്കുകളില് മാത്രമായി ഒതുങ്ങി. പ്രതിദിന വര്ധന പതിനായിരത്തിനടുത്ത് എത്തുമ്പോള് സര്ക്കാര് ഒരുക്കിയിരുന്ന കോവിഡ് കെയര് സെന്ററുകളും ആശുപത്രികളും നിറയുകയാണ്. എല്ലാ ജില്ലകളിലും ഇപ്പോള് കൂടുതലായി സിഎഫ്എല്ടിസി സെന്ററുകള് ഒരുക്കുന്ന തിരക്കിലാണ് സര്ക്കാര്. മറ്റ് രോഗ ലക്ഷണങ്ങള് ഇല്ലാത്തവരെ വീടുകളില് തന്നെ ക്വാറന്റൈന് ചെയ്യാന് സര്ക്കാര് തീരുമാനിച്ചെങ്കിലും കൊറോണയുടെ വ്യാപനം വരും ദിവസങ്ങളില് വര്ദ്ധിക്കുമ്പോള് രോഗം മൂര്ച്ഛിക്കുന്നവരെ പോലും ആശുപത്രിയില് പ്രവേശിപ്പിക്കാനാകാതെ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
കോവിഡ് ആശുപത്രികള്, മറ്റ് സര്ക്കാര് ആശുപത്രികള്, സിഎഫ്എല്ടിസികള്, സ്വകാര്യ ആശുപത്രികള് എന്നിവിടങ്ങളിലായി ആകെ നാനൂറോളം കേന്ദ്രങ്ങളാണ് ഇതുവരെ സര്ക്കാര് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിലായി 43,000 കിടക്കകളാണ് ഉള്ളത്. നാലായിരത്തോളം പേര് ഇപ്പോള് തന്നെ വിവിധ ജില്ലകളിലായി ആശുപത്രികളില് ചികിത്സയിലുണ്ട്. രണ്ടു ലക്ഷത്തില്പ്പരം പേര് വീടുകളിലും സിഎഫ്എല്ടിസികളിലുമായി നിരീക്ഷണത്തിലുണ്ട്.
29 കോവിഡ് ആശുപത്രികളിലായി ആകെ 9937 കിടക്കകളും, 30 മറ്റ് സര്ക്കാര് ആശുപത്രികളിലായി 1442 കിടക്കകളും, 189 സിഎഫ്എല്ടിസികളിലായി 28,736 കിടക്കകളും, 74 സ്വകാര്യ ആശുപത്രികളിലായി 2883 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. സര്ക്കാര് ആശുപത്രികളില് ആകെ 871 കോവിഡ് ഐസിയു കിടക്കകളുള്ളതില് 700ന് മുകളിലും രോഗികളുണ്ട്. 532 കോവിഡ് വെന്റിലേറ്ററുകളുള്ളതില് 350ന് താഴെമാത്രമാണ് ഒഴിവുള്ളത്. സ്വകാര്യ ആശുപത്രികളില് 6079 ഐസിയു കിടക്കകളുള്ളതില് 5987 എണ്ണവും 1579 വെന്റിലേറ്ററുകളുള്ളതില് 1554 എണ്ണവും ഒഴിവുണ്ട്. വിവിധ ജില്ലകളില് നിന്നുള്ള ഏകദേശ കണക്കാണിത്.
രോഗികളുടെ എണ്ണം ദിനംപ്രതി ആയിരത്തിനടുത്ത് എത്തുന്നതിനാല് തിരുവനന്തപുരം മെഡിക്കല് കോളേജില് സ്ഥിതി രൂക്ഷമാവുകയാണ്. കൊല്ലം സര്ക്കാര് മെഡിക്കല് കോളജിലെ ആകെയുള്ള 26 ഐസിയു ബെഡ്ഡും നിറഞ്ഞു കഴിഞ്ഞു. ഇവിടെ 41 വെന്റിലേറ്റര് ഉണ്ടെങ്കിലും ഐസിയു ബെഡ് ഒഴിവുണ്ടെങ്കില് മാത്രമേ ഇത് ഉപയോഗിക്കാന് പറ്റൂ. 300 കിടക്കകളില് 280ലും രോഗികളുണ്ട്. ജില്ലാ ആശുപത്രിയില് 12 ഐസിയു ബെഡുകളും നിറഞ്ഞു. 200 കോവിഡ് ബെഡുകളിലും രോഗികളുമുണ്ട്. ആരോഗ്യ പ്രവര്ത്തകരുടെ കുറവാണ് ജില്ലയിലെ മറ്റൊരു വെല്ലുവിളി. വിവിധ ജില്ലകളിലെ സ്ഥിതിയും ഇതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: