തിരുവനന്തപുരം: ‘ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ, ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ’ എന്ന കലിസന്തരണ ഉപനിഷദ് മന്ത്രമുരുവിട്ട് രാത്രിയെന്നോ പകലന്നോ ഇല്ലാതെ മുടക്കമില്ലാത്ത നാമ ജപം. കെടാ വിളക്കിനു മുന്നില്‍ ഇതുവരെയും താഴെവയ്ക്കാത്ത തംബുരുവുമായി ഭക്തര്‍ മന്ത്രം ഉരുവിടുമ്പോള്‍ അനന്തപദ്മനാഭന്റെ സന്നിധിയില്‍ അഭേദാശ്രമത്തിലെ അഖണ്ഡനാമ ജപത്തിന് 70 വയസ്.
1955 ഫെബ്രുവരി 24നാണ് ആശ്രമത്തില്‍ അഖണ്ഡ നാമജപം ആരംഭിച്ചത്. ഇന്നുവരെ ഒരു നിമിഷം പോലും തടസപ്പെടാതെ മന്ത്രോച്ചാരണം തുടരുന്നു. അന്ന് തോളിലേറ്റിയ തംബുരു ഇതുവരെ നിലത്തുവച്ചിട്ടില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട് ഉപാസകര്‍ തംബുരു മാറിമാറി ഏന്തി മഹാമന്ത്രം ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു.
തിരുവനന്തപുരം കോട്ടയ്ക്കത്ത് പത്മതീര്‍ത്ഥക്കരയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന് സമീപത്താണ് അഭേദാശ്രമം. അഖണ്ഡ നാമജപത്തിനു തുടക്കം കുറിച്ച സ്വാമി അഭേദാനന്ദ ഭാരതി 1955 ഫെബ്രുവരി 24ന് പന്മന ചട്ടമ്പിസ്വാമി സമാധി ആശ്രമത്തില്‍ നിന്നാണ് ഇവിടേക്ക് ദീപം കൊണ്ടുവന്നത്. അന്ന് കൊളുത്തിയ വിളക്കാണ് ആശ്രമത്തില്‍ ഇന്നും അണയാതെ സൂക്ഷിച്ചിരിക്കുന്നത്. ഈ വിളക്കിന് ചുറ്റുമാണ് തംബുരു തോളിലേന്തി മന്ത്രോച്ചാരണം നടത്തുന്നത്. നാരദന്റെ പ്രതിബിംബമായാണ് ഇവരെ കാണുന്നത്.
ഒരാള്‍ വിശ്രമിക്കാന്‍ പോകുമ്പോള്‍ തംബുരു മറ്റൊരാള്‍ക്ക് കൈമാറും. ആശ്രമത്തിലെ ഇരുപതോളം വരുന്ന അന്തേവാസികള്‍ നിലയ്ക്കാത്ത നാമജപത്തിന്റെ തംബുരു വാഹകരാകുന്നു. ചിലപ്പോള്‍ രണ്ടും മൂന്നും ഭക്തര്‍ നാമജപത്തിനുണ്ടാകും.
മഹാമാരിക്കാലമായ കൊവിഡ് സമയത്ത് ലോകം നിശ്ചലമായപ്പോള്‍ പോലും അഖണ്ഡ നാമജപത്തിന് മുടക്കം വരുത്തിയില്ല. അന്ന് ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരായിരുന്നു തംബുരുവാഹകരായത്. ജാതിമത ഭേദമില്ലാതെ ആര്‍ക്കുമുന്നിലും തുറന്നിട്ടിരിക്കുകയാണ് മാതൃകാസ്ഥാനം കൂടിയായ അഭേദാശ്രമം.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് പ്രാര്‍ത്ഥിക്കാം. രാധയുടെ വിഗ്രഹമാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 60 വര്‍ഷം മുന്‍പ് ജയ്പൂരില്‍ നിന്നാണ് പ്രതിമ എത്തിച്ച് പ്രതിഷ്ഠ നടത്തിയത്. മന്ത്രങ്ങള്‍ എഴുതിയ കടലാസുകള്‍ ഭക്തര്‍ക്ക് സമര്‍പ്പിക്കാം. ആറുകോടിയില്‍പരം മന്ത്രങ്ങള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. മൂന്ന് നേരവും നല്കുന്ന അന്നദാനത്തിനും ഇതുവരെ മുടക്കം വന്നിട്ടില്ല.
1909ല്‍ പാറശാല കുടിവിളാകം വീട്ടില്‍ ജനിച്ച പി. വേലായുധന് പിള്ള ഒന്‍പതാം വയസില്‍ ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ചതോടെ യാത്ര ആത്മീയപാതയിലായി. ഇരുപത്തിയേഴാം വയസില്‍ ഋഷികേശിലെത്തി സന്യാസ ദീക്ഷ സ്വീകരിച്ചു. അങ്ങനെ അഭേദാനന്ദ ഭാരതിയായി. 1946ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്ത് ആറയൂരില്‍ അഭേദാശ്രമം സ്ഥാപിച്ചു. ആറയൂര്‍ ആശ്രമത്തിലും 24 മണിക്കൂറും മുടങ്ങാതെ അഖണ്ഡ നാമജപം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: