കരുനാഗപ്പള്ളി: അമൃത സ്കൂള്‍ ഫോര്‍ സസ്റ്റൈനബിള്‍ ഫ്യൂച്ചേഴ്സ് യുനെസ്കോ ചെയര്‍ ഓണ്‍ എക്സ്പീരിയന്‍ഷ്യല്‍ ലേണിങ് ഫോര്‍ സസ്റ്റൈനബിള്‍ ഇന്നോവേഷന്‍സ് ആന്റ് ഡെവലപ്പ്മെന്റ്, അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ് വര്‍ക്ക്സ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുനാമി കോണ്‍ഫറന്‍സിന് അമൃതപുരിയില്‍ തുടക്കമായി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഏഷ്യ പസിഫിക് യുഎന്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്റെ ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ വിഭാഗം ചീഫ് ഡോ. സഞ്ജയ് ശ്രീവാസ്തവ നിര്‍വഹിച്ചു.
യുനെസ്കോ ഇന്റര്ഗവണ്മെന്റല് ഓഷ്യാനോഗ്രാഫിക് കമ്മീഷന്റെ ഇന്ത്യന്‍ ഓഷ്യന്‍ സുനാമി വാണിംഗ് ആന്റ് മിറ്റിഗേഷന്‍ സിസ്റ്റം സെക്രട്ടേറിയറ്റ് മേധാവി ഡോ. ടി ശ്രീനിവാസ കുമാര്‍ മുഖ്യാതിഥിയായി. സര്‍വകലാശാലാ പ്രൊവോസ്റ്റ് ഡോ. മനീഷ. വി. രമേഷ്, മാല്‍ദീവ്സ് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഉമ്മര്‍ ഫിക്ക്രി, ശ്രീലങ്കന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ചതുര ലിയനാര്ച്ചിഗേ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു ഉല്ലാസ്, കേന്ദ്ര നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി സ്ഥാപക അംഗം പ്രൊഫ. വിനോദ് മേനോന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സുനാമി റിസ്ക് റിഡക്ഷന്‍ ആന്റ് റിസൈലിയന്‍സ് (ഐസിടിആര്‍ 3) എന്നപേരില്‍ സംഘടിപ്പിക്കുന്ന ത്രിദിന കോണ്‍ഫറന്‍സില്‍ പതിനഞ്ച് രാജ്യങ്ങളില്‍ നിന്നായി നാല്‍പ്പതിലധികം പ്രതിനിധികളാണ് സംസാരിക്കുന്നത്.
സുനാമി സംഭവിച്ച് രണ്ട് ദശകങ്ങള്‍ പൂര്‍ത്തിയാകുന്ന അവസരത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ സുനാമി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അപകട സാധ്യതാ പരിശോധനകള്‍ എന്നിവ ചര്‍ച്ച ചെയ്യും. കോണ്‍ഫറന്‍സിന്റെ ഭാഗമായി പ്രഭാഷണ പരമ്പരകള്‍, ചര്‍ച്ചകള്‍, പരിശീലന ശില്പശാലകള്, പ്രബന്ധാവതരണം, ഫോട്ടോഗ്രാഫി മത്സരം, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവയും അമൃതപുരി ക്യാമ്പസില്‍ ഒരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ അകത്തും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: