തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന് വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്കാനര്‍ പ്രവര്‍ത്തനസജ്ജമായി. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും അതോടൊപ്പം തൈറോയിഡ്, ഹൃദയം, തലച്ചോറ്, കരള്‍, വൃക്കകള്‍, ശ്വാസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും രോഗ നിര്‍ണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും. ഡോക്ടര്‍ക്ക് തത്സമയം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് രോഗനിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്കാന് ഇതിലൂടെ സാധിക്കുന്നു.
സ്പെക്റ്റ് (സിംഗില്‍ ഫോട്ടോണ്‍ എമിഷന്‍ കമ്പ്യൂട്ടഡ് ട്രോമോഗ്രഫി), സിടി (കമ്പ്യൂട്ടഡ് ട്രോമോഗ്രഫി) എന്നീ രണ്ട് ഇമേജിംഗ് രീതികള്‍ സംയോജിപ്പിച്ചുള്ളതാണ് സ്പെക്റ്റ് സിടി സ്കാനര്‍. അള്‍ട്രാസൗണ്ട് സ്കാന്‍, എക്സ് റേ, സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ എന്നിവ പ്രധാനമായും ശരീര ഘടന സംബന്ധിച്ച വിവരങ്ങള്‍ നല്കുമ്പോള് ന്യൂക്ലിയര്‍ മെഡിസിന് സ്കാനുകള്‍ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തുന്നത്. സ്പെക്റ്റ് സിടി, പെറ്റ് സിടി എന്നീ ഉപകരണങ്ങള്‍ ശരീര ഘടനയും പ്രവര്‍ത്തനവും ഒരേ സമയം പഠിക്കുന്നതിന് സഹായിക്കുന്നു.
റേഡിയോ ആക്ടീവ് ട്രേസര്‍ ഉപയോഗിച്ചാണ് സ്പെക്റ്റ് സിടി പ്രവര്‍ത്തിപ്പിക്കുക. വളരെ കുറഞ്ഞ അളവിലുള്ള റേഡിയേഷന് ഉപയോഗിക്കുന്നതിനാല്‍ വികിരണം മൂലം കോശങ്ങള്‍ക്ക് ഉണ്ടാകുന്ന തരാറുകള്‍ക്കുള്ള സാധ്യത വളരെ കുറവാണ്. രോഗാധിക്യമുള്ള കോശങ്ങളിലേക്ക് ട്രേസര്‍ ആഗിരണം ചെയ്യപ്പെടുകയും ഗാമ രശ്മികളെ പുറപ്പെടുവിക്കുകയും ചെയ്യുന്നു. സ്പെക്റ്റ് സ്കാനര്‍ ഈ രശ്മികളെ ഡിറ്റക്റ്റ് ചെയ്യുകയും ത്രീഡി ഇമേജ് സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം സിടിയിലൂടെ എക്സ്റേ ഉപയോഗിച്ച് ശരീര കലകളുടെ ഘടന സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. രോഗാധിക്യമുള്ള അവയവങ്ങളെ കൃത്യമായി കണ്ടെത്താനും പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനും കഴിയുന്നു.
7.3 കോടി രൂപ ചെലവഴിച്ചുള്ള സ്പെക്റ്റ് സിടി സ്കാനറിന് പുറമേ 15 കോടി ചെലവഴിച്ച് പെറ്റ് സിടി (PET-CT) സ്കാനര്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും 4 കോടി ചെലഴിച്ചുള്ള ന്യൂക്ലിയര്‍ മെഡിസിന് ഹൈഡോസ് തെറാപ്പി വാര്‍ഡ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: