കഴിഞ്ഞയാഴ്ച ‘സംഘപഥ’ത്തില്‍ ഒ.ജി. തങ്കപ്പനെന്ന മുന്‍കാല സംഘ സ്വയംസേവകനെക്കുറിച്ചുള്ള ഓര്‍മയുടെ ശകലങ്ങള്‍ എഴുതിയത് വായിച്ച ധാരാളം പേര് ഫോണിലൂടെ ബന്ധപ്പെട്ടു തങ്ങളുടെ സംവേദന അറിയിക്കുകയുണ്ടായി. മുമ്പ് പലപ്പോഴും സൂചിപ്പിച്ചിട്ടുള്ളതുപോലെ നമ്മുടെ പഴയകാല വഴികാട്ടികള്‍ സഞ്ചരിച്ച പാതയെ അനുസ്മരിക്കുകയാണ് ഈ പംക്തിയുടെ ഉദ്ദേശം. ജന്മഭൂമിയുടെ ചുമതലകളില്‍ നിന്ന് ഔപചാരികമായി ഒഴിഞ്ഞശേഷം പല മുന്സഹപ്രവര്ത്തകരുടെയും സ്നേഹപൂര്‍മായ നിര്‍ബന്ധമാണ് പംക്തി തുടരാന്‍ പ്രചോദനമായത്. ഈ കൃത്യം ചെയ്യുന്നതിന്റെ ഒരു പ്രതികരണം തലസ്ഥാന നഗരം കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഡോ. മംഗളം സ്വാമിനാഥന് ഫൗണ്ടേഷന് ഈ പംക്തിക്ക് ആദരവ് നല്കുന്ന വിവരം അറിയിച്ചുവെന്നതാണ്. നിങ്ങള്‍ ഇതു വായിക്കുമ്പോള്‍ ഈയുള്ളവന് അതിന്റെ ചടങ്ങില്‍ പങ്കെടുത്ത് ആദൃതനായി തിരിച്ചെത്തിയിട്ടുണ്ടാവും.
ഒ.ജി. തങ്കപ്പന് മിക്ക പ്രവര്‍ത്തകര്‍ക്കും തങ്കപ്പന് ചേട്ടനായിരുന്നു. പ്രായംകൊണ്ടു മുതിര്ന്നവനാകയാല് അതു അസ്വാഭാവികവുമായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്തു അദ്ദേഹം വളരെ ഔചിത്യപൂര്‍വം തന്റെ കര്‍മ ക്ഷേത്രത്തില്‍ സജീവമായിരുന്നു. അക്കാലത്തു കേരളത്തില്‍ തടങ്കിലാക്കപ്പെട്ട ആദ്യ പട്ടികയില്‍ ഞാനും പെട്ടിരുന്നു. അന്നു ജന്മഭൂമി കുട്ടിപ്പത്രമായി പുറത്തുവന്ന് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. അതിന്റെ തുടര്‍ച്ചയായ ജയില്‍വാസവും, ഒളിവിലെ പ്രവര്‍ത്തനങ്ങളും നടന്നുവന്നതില്‍ പങ്കെടുത്തുവന്നു. ആ പ്രവര്‍ത്തനങ്ങളുടെ സംഘടനാ സംവിധാനം പൂര്ണതോതിലായിക്കഴിഞ്ഞിരുന്നതിനാല് എനിക്കു നിയതമായ ഒരു ‘ഇട’മില്ലായിരുന്നു. ഒരിക്കല്‍ ഒ.ജി. കോട്ടയത്തേക്കു ക്ഷണിക്കുകയും ഞങ്ങള്‍ ഒരുമിച്ചു ചില സ്ഥലങ്ങളില്‍ പോകുകയും ചെയ്തു. അതിനിടയിലുണ്ടായ ചില സംഭവങ്ങള്‍ കുറിക്കുകയാണ്. വൈക്കം ഗോപകുമാറിനും, കുന്ദമംഗലം ശിവദാസനും മറ്റും ഏറ്റ പൈശാചിക പീഡന വേദിയായിരുന്ന ആലപ്പുഴയിലെ ഒരു ബാങ്കില്‍ വിശ്വനാഥന് എന്ന പ്രവര്‍ത്തകനു ജോലി ലഭിച്ചു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ അവിടെ പോയി. അതിനുശേഷം മുല്ലക്കല്‍ റോഡിലൂടെ നടക്കുമ്പോള്‍ പഴയ ഇംഗ്ലീഷ് പ്രൊഫസര്‍ ജി. കുമാരപിള്ള സാര്‍ ഒരു കടയില്‍ ഇരിക്കുന്നു. എന്നെ കണ്ടയുടന്‍ അദ്ദേഹം താഴെയിറങ്ങി വന്നു. അദ്ദേഹം തലശ്ശേരി കോളജില്‍നിന്നു തേഞ്ഞിപ്പലം സര്‍വകലാശാലയിലാണ് ജോലി ചെയ്തിരുന്നത്. അടുത്തെത്തി ‘ഒളിവിലോ വെളിവിലോ?’ എന്നന്വേഷിച്ചു. മറുപടി കേട്ടപ്പോള്‍ ‘നമുക്കു നടക്കാ’ മെന്നു പറഞ്ഞ് ഞങ്ങള്‍ വെള്ളക്കിണര്‍ ഭാഗത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി. ഭക്ഷണം കഴിപ്പിച്ചു. അന്നവിടെ താമസിക്കാന്‍ ക്ഷണിച്ചു. വേറെ ചില ആളുകളെ കാണാനുള്ളതിനാല്‍ ഞാന്‍ വിടവാങ്ങി.
അങ്ങനെയിരിക്കെ ഒ.ജിയുടെ സന്ദേശം ലഭിച്ചു. അടൂരിനടുത്തു ചില സ്ഥലങ്ങളില്‍ പോകണമെന്നായിരുന്നു താല്പര്യം. കോട്ടയത്തു നിന്നു കായംകുളം വരെ തീവണ്ടിയില്‍ ആയിരുന്നു ഞങ്ങളുടെ യാത്ര. കായംകുളത്തെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സ്റ്റെനോ ആയിരുന്ന തൊടുപുഴയിലെ അയല്‍വാസി, ചന്ദ്രശേഖരനെ കണ്ടു. അദ്ദേഹം ഓഫീസില്‍ നിന്നു പുറത്തുവന്ന് രഹസ്യമായാണ് സംസാരിച്ചത്. സമീപത്തുതന്നെയുള്ള സ്വവസതിയിലേക്കു ക്ഷണിക്കും ഭക്ഷണം തരും എന്നൊക്കെ പ്രതീക്ഷിച്ചു. എന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യപ്പോലീസുണ്ടോ എന്ന ഭയവുമുണ്ടായി എന്നു തോന്നുന്നു.
ഒ.ജിക്കു കാണാനുണ്ടായിരുന്ന ആള് സ്ഥലത്തില്ലായിരുന്നു. അപ്പോള്‍ കായംകുളം കൃഷ്ണപുരം കൊട്ടാരം കാണാന്‍ പോകാമെന്ന നിര്‍ദ്ദേശം ഞാന്‍ വെച്ചു. അങ്ങനെ അവിടേയ്ക്കു നടന്നുപോയി. അവിടെ സന്ദര്‍ശക പുസ്തകത്തില്‍ പേരും മറ്റും (അതിനു ക്ഷാമമില്ലല്ലൊ) രേഖപ്പെടുത്തി ഞങ്ങള്‍ കൊട്ടാരത്തിലെ കാഴ്ചകള്‍ കണ്ടു സമയം പോക്കി. വളരെ പ്രഖ്യാതമായ ചുവര് ചിത്രങ്ങള്‍ അവിടെയുണ്ട്. ‘ഗജേന്ദ്ര മോക്ഷം’ ആണതില്‍ മുഖ്യം. കേരളത്തിലെ ഏറ്റവും വലിയ ചുവര് ചിത്രം അതാണത്രേ. മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് ക്ഷേത്രത്തിന്റെ സംപൂര്‍ണ ശില്‍പ്പം അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. ആനപ്പള്ള ആകൃതിയിലുള്ള പുറമതിലും ഗോപുരങ്ങളും കൊടിമരവുമൊക്കെ അത്യന്തം വിസ്മയജനകമാണ്. പതിനായിരത്തെട്ട് തേങ്ങയെറിയുന്ന അവിടത്തെ വഴിപാടു പ്രസിദ്ധമാണ്. ഗാനഗന്ധര്വന് യേശുദാസ് ആ വഴിപാട് കഴിപ്പിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കൃഷ്ണപുരം കൊട്ടാരത്തിലെ ക്ഷേത്രമാതൃക കണ്ടു ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്. അപ്പോള്‍ സാക്ഷാല്‍ ഗുപ്തന് നായര്‍ സാര്‍ ആ വഴി പോകുന്നു. കുമാരപിള്ള സാറിന്റത്ര അടുപ്പം അദ്ദേഹവുമായില്ലാതിരുന്നതിനാല് നമസ്കാരം പറഞ്ഞുപോന്നു. ഏറ്റവും ശുദ്ധമായി മലയാള സംസാര രീതി ഓടനാട് എന്നറിയപ്പെടുന്ന അന്നാട്ടിലേതാണത്രേ. ഉച്ചാരണത്തിലും വ്യാകരണശുദ്ധിയിലും അവര്‍ നിഷ്ഠ പാലിക്കുന്നുവത്രേ. അതിനും ഒരു കാരണം ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. മൈസൂര്‍ സുല്ത്താന്മാരുടെ പടയോട്ടക്കാലത്ത് ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നത് വള്ളുവനാട് രാജ്യത്തിനായിരുന്നു. അവിടെനിന്ന് പലായനം ചെയ്തവരില്‍ വലിയ പങ്കും ആശ്രയം തേടിയതു അമ്പലപ്പുഴ, കായംകുളം, മാവേലിക്കര ഭാഗങ്ങളിലായിരുന്നു. വടക്കന്‍ കേരളത്തില്‍ ഏറ്റവും ശുദ്ധ മലയാളം വള്ളുവനാടന്‍ മലയാളമായി കരുതപ്പെട്ടുവന്നു. അവര്‍ കൂട്ടമായി വന്നെത്തി ഓടനാട് പ്രദേശവും അങ്ങനെയായി എന്നൊരു വ്യാഖ്യാനവും കേടിട്ടുണ്ട്.
അതെന്തായാലും ഓജിയുമൊത്ത് ഞങ്ങള്‍ ബസ് കയറി നെല്ലിമുകള്‍ എന്ന സ്ഥലത്തെത്തി. അവിടത്തെ ബാലകൃഷ്ണപിള്ള സാറിന്റെ വീട്ടിലാണ് താമസം ഏര്‍പ്പാടു ചെയ്തത്. ചെന്നിത്തലയിലെയും ഒന്ന് രണ്ട് അദ്ധ്യാപകരും എത്തിയിരുന്നു. സംസ്ഥാന സമിതി യോഗങ്ങളില്‍ പരിചയപ്പെട്ടിരുന്ന അവര്‍ക്ക് ഞാന്‍ വന്നതു സന്തോഷകരമായി. അടിയന്തരാവസ്ഥയിലെ അന്തരീക്ഷം ഉപയോഗപ്പെടുത്തി ചിന്താശീലരായ പുതിയവരെ സമ്പര്‍ക്കം ചെയ്തു പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നായിരുന്നു ചര്‍ച്ചകളുടെ താല്‍പ്പര്യം. അതിനടുത്തു ഗോഖലേ എന്നു വിളിക്കപ്പെടുന്ന ആളെപ്പറ്റി അന്വേഷിച്ചു. അടുത്തുതന്നെയാണെന്നു മനസ്സിലായപ്പോള്‍ ഓജി.യുമൊത്തവിടെ പോയി. ‘ഗോഖലേ’യുടെ അമ്മ 1942-46 കാലത്തു മണക്കാട്ട് സ്കൂളിലെ അദ്ധ്യാപികയായിരുന്നു. അവര്‍ താമസിച്ചത് എന്റെ വീട്ടിലും. ഭര്‍ത്താവ് കോണ്‍ഗ്രസുകാരനായിരുന്നതിനാല്‍ ദേശീയ നേതാക്കളുടെ പേരു മക്കള്ക്കിട്ടതാണ്. തങ്കമ്മ ടീച്ചര്‍ക്കു ആ സന്ദര്‍ശനം പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടാക്കി. അവര്‍ എന്റെ അമ്മയ്ക്കു തന്റെ ഹൃദയം തുറന്നു രണ്ടു കടലാസുകള്‍ നിറയെ എഴുതിയയച്ചുവെന്നു പിന്നീടറിഞ്ഞു. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് ഉപേന്ദ്രന് എഴുതിയ ‘ചമേല് ഒരു മനുഷ്യബോണ്സായ്’എന്ന നോവലിന്റെ വിമോചനത്തില്‍ കുടുംബസഹിതം പങ്കെടുത്തു മടങ്ങുംവഴിക്കു ഞങ്ങള്‍ നെല്ലിമുകളില്‍ പോയി ഗോഖലേയും മറ്റും കണ്ടിരുന്നു. ജനസംഘ നേതാക്കളായിരുന്ന ബാലകൃഷ്ണപിള്ള സാര്‍ ജീവിച്ചിരുപ്പില്ല.
ആത്തരം മുതിര്‍ന്നവരുമായി ഒ.ജി പുലര്‍ത്തിവന്ന സൗഹൃദം വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതായിരുന്നു. വിവിധതരം ആളുകളെ ബന്ധപ്പെടാനും, അവരുടെ മനസ്സുകളെയും ഭാവനകളെയും ഉള്‍ക്കൊണ്ട് സ്വാധീനിക്കാനുമുള്ള സാമര്‍ത്ഥ്യം ജന്മസിദ്ധമാണ് എന്നതിനു സംശയമില്ല. ആ സാമര്‍ത്ഥ്യത്തെ കണ്ടെത്തുന്നതാണ് സംഘത്തിന്റെ സവിശേഷതയെന്നു പറയാം. നമ്മുടെ മനസ്സിന്റെ തന്ത്രികളെ അവരുടെ ഓര്‍മകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കുമെന്നതിനു സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: