ന്യൂഡല്‍ഹി : ബഹളം വച്ച് സമ്മേളനം തടസ്സപ്പെടുത്തുന്ന കോണ്‍ഗ്രസ് തന്നെ സഭ നിര്‍ത്തിവയ്ക്കുന്നതു ശരിയല്ലെന്ന ആക്ഷേപവുമായി രംഗത്ത്. സമ്മേളനം തുടങ്ങുമ്പോള്‍ ബഹളത്തിന്റെ പേരില്‍ സഭ പിരിച്ചുവിടുന്ന രീതിയെ ഭരണപക്ഷം എതിര്‍ക്കുന്നില്ല എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശന്റെ സങ്കടം. സമ്മേളനം ആലസിപ്പോകട്ടെ എന്ന സമീപനമാണ് സര്‍ക്കാരിന്റെതെന്നും അദ്ദേഹം പറയുന്നു. അതേസമയം സഭാ സമ്മേളനം തുടങ്ങുമ്പോള്‍ തന്നെ ബഹളം വെച്ച് തടസ്സപ്പെടുത്തുകയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാലും സമ്മേളനം തുടരാന്‍ സഹകരിക്കാതിരിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് എങ്ങിനെ ഇതു പറയാന്‍ കഴിയുന്നു എന്നതാണ് അത്ഭുതം. കഴിഞ്ഞ നാല് ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ സമ്മേളനം തടസ്സപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം ലോക്സഭയില്‍ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ എംപിമാര്‍ സംഭല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് നടുത്തളത്തില്‍ ഇറങ്ങി ബഹളം തുടങ്ങിയിരുന്നു. സമ്മേളനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹകരിക്കണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. ബഹളം കനത്തതോടെ സഭ നിര്‍ത്തിവക്കുകയായിരുന്നു.ഉച്ചയ്ക്കുശേഷം വീണ്ടും തുടര്‍ന്നപ്പോഴും പ്രതിപക്ഷ ബഹളം തുടരുകയും അന്നത്തെ സമ്മേളനം ഉപേക്ഷിക്കുകയും ചെയ്തു.രാജ്യസഭയിലും ഇതുതന്നെയായിരുന്നു സ്ഥിതി.
വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് പുറത്തുവരും എന്നതിനാലാണ് സമ്മേളനം നിരന്തരം തടസ്സപ്പെടുത്തുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: