ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും മുകുന്ദന്റെ നോവലുകളും ഏറെ ഇഷ്ടപ്പെട്ടിരുന്ന മട്ടന്നൂര്‍ പഴശ്ശിരാജ കോളജ് വിദ്യാര്‍ത്ഥി കേരളത്തിലെ മാധ്യമ ചരിത്രത്തിന്റെ ഭാഗമായത് ജനസംഘം നേതാവ് കെ.ജി. മാരാരുടെ ഇടപെടലിലൂടെയാണ്.
കോഴിക്കോട്ട് നിന്ന് ജന്മഭൂമി എന്ന പത്രം സമാരംഭിക്കാനുള്ള ആലോചന നടക്കുമ്പോഴാണ് എഴുത്തിനോടും വായനയോടും താല്പര്യമുള്ളവരെ കണ്ടെത്താന്‍ ജനസംഘം നേതാക്കള്‍ പരിശ്രമിച്ചത്. എബിവിപിയുടെ കണ്ണൂര്‍ ജില്ലാജോയന്റ് സെക്രട്ടറിയായിരുന്ന കോമത്ത് രാമചന്ദ്രന് എന്ന ബാബു അങ്ങനെ രാമചന്ദ്രന് കക്കട്ടില്‍ എന്ന സബ്ബ് എഡിറ്ററായി മാറി. പി.വി.കെ. നെടുങ്ങാടിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ പത്രത്തിന്റെ വിരലിലെണ്ണാവുന്ന മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായി രാമചന്ദ്രന് മാറി. എന്നാല്‍ പത്രം പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോഴേയ്ക്കും അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളായി. പത്രാധിപരും പത്രം നടത്തിപ്പുകാരും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ രാമചന്ദ്രനും പോലീസ് പിടിയിലായി.
‘ കോഴിക്കോട്ട് അലങ്കാര്‍ ലോഡ്ജിലായിരുന്നു പി.വി.കെ. നെടുങ്ങാടിയടക്കമുള്ളവര് താമസിച്ചിരുന്നത്. ജനസംഘം നേതാക്കളുടെയും കേന്ദ്രം അവിടെയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഒളിപ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഡ്ജില്‍ ഒരു യോഗം നടന്നിരുന്നു. യോഗം കഴിഞ്ഞതിന് ശേഷമാണ് പോലീസ് വിവരമറിഞ്ഞത്. രാത്രി രണ്ടുമണിയോടെ പോലീസ് ലോഡ്ജ് വളഞ്ഞു. നേതാക്കളെ തെരഞ്ഞെത്തിയ പോലീസ് നാണംകെട്ടു. ജന്മഭൂമിയുടെ ചുമതലക്കാരെ പോലീസ് അറസ്റ്റു ചെയ്തു. നാലു ദിവസം മാലൂര്‍കുന്നിലെ എആര്ക്യാമ്പിലായിരുന്നു.
പി.വി.കെ. നെടുങ്ങാടിയടക്കമുള്ളവരെ ജയിലില്‍ അടച്ചു. എനിക്ക് പിന്നീട് ജാമ്യം ലഭിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജീവിതം മുംബൈയിലേക്ക് പറിച്ചു നട്ടു. പെയിന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയെന്ന കമ്പനിയുടെ തുടക്കക്കാരനും നടത്തിപ്പുകാരനുമായതോടെ പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു.’ നാദാപുരത്തിനടുത്ത് കല്ലാച്ചിയില്‍ വിശ്രമജീവിതം നയിക്കുന്ന രാമചന്ദ്രന് ജന്മഭൂമിയുടെ ആദ്യനാളുകളേയും തന്റെ പത്രപ്രവര്‍ത്തനജീവിതത്തെയും ഓര്‍ത്തെടുക്കുന്നു. നാല് പേജിലായിരുന്നു പത്രം ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, പുത്തൂര്‍മഠം ചന്ദ്രന്, സി. പ്രഭാകരന് തുടങ്ങിയ പലരും തുടക്കത്തിലെ ജന്മഭൂമിയിലുണ്ടായിരുന്നു.
ദിവ്യദര്‍ശനം എന്ന ദൈ്വവാരികയുടെ നടത്തിപ്പുകാരനായും കുറച്ചു കാലം രാമചന്ദ്രന് പ്രവര്‍ത്തിച്ചു. പിന്നീടുള്ള ജീവിതം മുംബൈയിലായിരുന്നു. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരെ ഒരു ബദല്‍ രാഷ്ട്രീയം ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് ജനസംഘം പ്രവര്‍ത്തനത്തിലേക്ക് രാമചന്ദ്രന് എത്തുന്നത്. പേരാമ്പ്രയിലെത്തി ആര്‍എസ്എസ്സിന്റെ അന്നത്തെ കാര്യകര്‍ത്താവായിരുന്ന ദാമോദരന്‍ നായരെയാണ് ആദ്യം ബന്ധപ്പെട്ടത്. ജനസംഘവും സംഘദര്ശനവും തന്റെ
പാതയാണെന്ന് രാമചന്ദ്രന് തിരിച്ചറിഞ്ഞു.
പിന്നീട് കടത്തനാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ജനസംഘത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തില്‍ രാമചന്ദ്രന്റെ പേരുമുണ്ട്. ജന്മഭൂമിയുടെ അമ്പതാം പിറന്നാളിനെ ആഹ്ലാദത്തോടെയാണ് രാമചന്ദ്രനും വരവേല്‍ക്കുന്നത്. തുടക്കത്തില്‍ പത്രം നടത്തിപ്പിന്റെ എല്ലാ ദുരിതങ്ങളും ഏറ്റുവാങ്ങിയ ഓര്‍മ്മകള്‍. വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന ജന്മഭൂമിയെക്കുറിച്ച് പറയുമ്പോള്‍ പ്രായാധിക്യവും രോഗാവശതകളും അദ്ദേഹത്തെ അലട്ടുന്നില്ല.
മകന് ശരത്ചന്ദ്രന് മുംബൈയിലെ ബിസിനസ്സ് തുടരുന്നു, മകള്‍: ഡോ. ശ്രുതി രാമചന്ദ്രന്. പ്രമീളയാണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: