തിരുവനന്തപുരം: മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ 25 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്. അനില്‍ നിയമസഭയില്‍ അറിയിച്ചു.
മുന്‍ഗണനാ കാര്‍ഡുകളായ മഞ്ഞ, പിങ്ക് കാര്‍ഡംഗങ്ങള്‍ക്ക് മസ്റ്ററിങ് നടത്താനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാല്‍ സമയപരിധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്കിയ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇ-ശ്രം പോര്‍ട്ടല്‍ പ്രകാരമുള്ളവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ കേസിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദേശാനുസരണമാണ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ ഇ കെവൈസി മസ്റ്ററിങ് ആരംഭിച്ചത്. ഒക്ടോബര്‍ എട്ട് വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷന് മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.
മുന്‍ഗണനാപട്ടികയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: