കോഴിക്കോട്: ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യന്‍ഷിപ്പായ എഫ്ഇഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഭാരത വനിതയാകാന്‍ ഒരുങ്ങി മലപ്പുറം തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്. കഴിഞ്ഞ വര്‍ഷത്തെ എഫ്ഇഐ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിട്ട ശേഷം, ഇപ്പോള്‍ ആഗോളവേദിയില്‍ ചരിത്രംകുറിക്കുന്നത് തുടരുകയാണ് നിദ.
ഏഴിന് ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് 22കാരിയായ താരം മാറ്റുരയ്ക്കുന്നത്. 40 രാജ്യങ്ങളില്‍ നിന്നായി 140 താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയ ഏക ഭാരത താരമാണ് നിദ. തന്റെ വിശ്വസ്ത പങ്കാളിയായ പെണ്‍കുതിര പെട്ര ഡെല്‍ റെയ്ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആണ്‍കുതിരയായ ഡിസൈന്‍ ഡു ക്ളൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള ദുര്‍ഘടപാതയാണ് മത്സരത്തില്‍ നിദയെ കാത്തിരിക്കുന്നത്. പാറയിടുക്കുകളും ജലാശയങ്ങളും കാടും താണ്ടി കുതിരയ്ക്ക് ഒരു പോറലുമേല്‍ക്കാതെ മുന്നേറുകയാണ് ഈ മത്സരത്തില്‍ വേണ്ടത്. കുതിരയെയും അതിനെ നിയന്ത്രിക്കുന്നയാളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന മത്സരമാണിത്. പങ്കെടുക്കുന്നയാളുടെ സഹനശക്തി, കുതിരയോട്ടത്തിലെ പ്രാവീണ്യം, കുതിരയുമായുള്ള അടുപ്പം എന്നിവ നിരന്തരം പരീക്ഷിക്കപ്പെടും. കുതിരയും അതിനെ ഓടിക്കുന്നയാളും നിരവധി വെല്ലുവിളികള്‍ ഈ മത്സരത്തിനിടെ അതിജീവിക്കേണ്ടതുണ്ട്. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷന് അഥവാ എഫ്ഇഐയാണ് മത്സരങ്ങള്‍ നടത്തുന്നത്.
ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അടക്കാനാവാത്ത സന്തോഷവും അഭിമാനവുമുണ്ടെന്ന് നിദ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ നേട്ടമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ആഗോളവേദിയില്‍ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും, നിദ കൂട്ടിച്ചേര്‍ത്തു. യമമ ആപ്പിലൂടെ നിദയുടെ മത്സരയോട്ടം കാണാവുന്നതാണ്. തഖാത് സിങ് റാവോ ആണ് നിദയുടെ ട്രെയിനര്‍.
റീജന്‍സി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് ചേലാട്ടും മിന്നത് അന്‍വര്‍ അമീനുമാണ് മാതാപിതാക്കള്‍. ഡോ. ഫിദ അന്‍ജും ചേലാട്ട് സഹോദരിയാണ്.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബിര്‍മിങ്ഹാമില്‍ നിന്നും സാമൂഹിക പ്രവര്‍ത്തനത്തില്‍ ബിരുദവും ദുബായിലെ റാഫിള്‍സ് വേള്‍ഡ് അക്കാദമിയില്‍ നിന്നും ഐബി ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട് നിദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: