പൗരാണിക ഭാരതത്തിലെ ആയുര്‍വേദ ആചാര്യന്മാരിലെ മഹാഭിഷഗ്വരനാണ് ചരകാചാര്യന്‍. ശ്രാവണ മാസത്തിലെ ശുക്ല പക്ഷ പഞ്ചമി ദിനമാണ് ചരക ജയന്തിയായി ആഘോഷിക്കുന്നത്. ഇന്നാണ് ചരക ജയന്തി.
ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപക ഡയറക്ടറും പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനുമായിരുന്ന ഡോ: എം.എസ്. വല്യത്താന് ചരക സംഹിതയ്ക്ക് ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്. വൈദ്യ ശ്രേഷ്ഠനായിരുന്ന വൈദ്യ ഭൂഷണം രാഘവന് തിരുമുല്‍പ്പാടായിരുന്നു ഗുരു. ക്യാന്‍സര്‍ ചികിത്സ വിദഗ്ധനായിരുന്ന സി.പി മാത്യുവിനെ പോലുള്ള ഡോക്ടര്‍മാരടക്കം ചരക സംഹിതയടങ്ങുന്ന ആയുര്‍വേദത്തിന്റെ പ്രാധാന്യം
മനസിലാക്കുകയും തങ്ങളുടെ ചികിത്സയുമായി സമന്വയിപ്പിച്ച് നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
എട്ട് സ്ഥാനങ്ങളും നൂറ്റി ഇരുപത് അധ്യായങ്ങളും അടങ്ങിയ വിഖ്യാതമായ ചരകസംഹിത ചരകാചാര്യന്റെ സംഭാവനയാണ്. ആരോഗ്യ ശാസ്ത്രമെന്നത് ശരീരത്തെക്കുറിച്ച് മനസിലാക്കുന്നത് മാത്രമല്ല. കാലാവസ്ഥ, ദേശം, ശരീര പ്രകൃതി, പോലുള്ള മറ്റ് വിഷയങ്ങളിലും തുല്യപ്രാധാന്യം ഉണ്ടെന്ന് ബോധ്യപ്പെടുത്തുന്നു. ഇവിടെയാണ് ചരകസംഹിതയുടെ കാലിക പ്രസക്തി. അതിനാല്‍ ആരോഗ്യ സംസ്കാരത്തിന്റെ പുനര്‍വായന ആരംഭിക്കേണ്ടത് ചരക സംഹിതയില്‍ നിന്നാണ്.
‘ജനപദോധ്വംസനീയം’ എന്ന അദ്ധ്യായത്തില്‍ സമൂഹത്തെ ഒന്നടങ്കം രോഗത്തിലേക്കോ, മരണത്തിലേക്ക് തന്നെയോ നയിക്കുന്ന കാരണങ്ങളും പരിഹാരവും ചരകസംഹിത വിശദീകരിക്കുന്നു.
ഇന്നത്തെ ആഗോള ആരോഗ്യ രംഗത്തെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ചരക സംഹിതയിലെ ജനപദോധ്വംസനീയം അദ്ധ്യായത്തില്‍ പറഞ്ഞിട്ടുള്ളത് യാഥാര്‍ഥ്യമാണെന്ന് മനസിലാക്കാം.. മഹാമാരികള്‍ പടരുന്ന, പ്രകൃതി ദുരന്തങ്ങള്‍ കൂടുതലായി ഉണ്ടാവുന്ന ഈ ഒരു സാഹചര്യത്തില്‍ പുതിയൊരു ആരോഗ്യ സംസ്കാരത്തിന് രൂപം കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരോഗ്യവും രോഗവും പ്രകൃതിയും മനുഷ്യരടങ്ങുന്ന സര്‍വ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആയുര്‍വേദത്തിന്റെ പ്രസക്തി ഉപയോഗപ്രദമാക്കുന്നത് ഇവിടെയും വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു.
ആരോഗ്യ സംരക്ഷണത്തിനായുള്ള ദിനചര്യ, ഋതുചര്യ, സദ്വൃത്തം, രോഗചികിത്സ തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ മാത്രം ഒതുങ്ങാതെ രാഷ്ട്രനന്മക്കായി ഒരു പൗരനെ വളര്‍ത്തുന്നതിലും ഒരു ദേശത്തിന്റെ സാമൂഹികപരമായ ഉയര്‍ച്ചയ്ക്കായുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിലും ചരക സംഹിത ശ്രദ്ധേയമാണ്.
ചരക ശപഥം (Charaka oath)ഏറെ പ്രസക്തമാണ്. വൈദ്യശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന് നല്കുന്ന നിര്‍ദേശങ്ങളുടെ രൂപത്തിലാണ് ചരകസംഹിതയിലുള്ളത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനുള്ള നിരുപാധിക വ്യവസ്ഥകള്‍ വൈദ്യശാസ്ത്രത്തില്‍ പഠിപ്പിക്കാന്‍ യോഗ്യത നേടുന്നതിനാവശ്യമാണ്. വിദ്യാര്‍ഥി അനുഷ്ഠിക്കേണ്ട ജീവിത രീതി, വിദ്യാര്‍ഥി-അധ്യാപക ബന്ധം, രോഗിയുടെ ക്ഷേമത്തിനായുള്ള ആത്മസമര്‍പ്പണം, സ്ത്രീകളോടുള്ള പെരുമാറ്റം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഈ ഭാഗം വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
ചില വസ്തുതകളെ അടിസ്ഥാനമാക്കി വൈദ്യരംഗത്തെ വ്യാജ ചികിത്സകരെയും ചരകാചാര്യന്‍ വര്‍ഗീകരിച്ചിട്ടുണ്ട്. ലഘു രോഗങ്ങള്‍ മുതല്‍ മഹാരോഗങ്ങള്‍ വരെ ഉണ്ടാവാനുള്ള കാരണങ്ങള്‍, അവയ്ക്കുള്ള ചികിത്സ, ഉപദ്രവ ചികിത്സ എന്നിവയെല്ലാം അതിഗംഭീരമായി ആചാര്യന് രേഖപ്പെടുത്തിയിക്കുന്നു.
ഔഷധ സസ്യങ്ങള്‍, അന്ന വര്‍ഗം, ജല വര്‍ഗം, മാംസ വര്‍ഗം തുടങ്ങി പ്രകൃതിയിലെ എല്ലാ ദ്രവ്യങ്ങളുടെയും വര്‍ഗീകരണവും ഗുണദോഷങ്ങളും ചരകസംഹിതയില്‍ കാണാം. ഷോഡശ സംസ്കാരം (ഒരു മനുഷ്യന് ജനിക്കുന്നത് മുതല്‍ മരണം വരെ ചെയ്യേണ്ടുന്ന കാര്യങ്ങളെ 16 ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഇത് ആരോഗ്യത്തിനും ജീവിതത്തിന്റ എല്ലാ തലത്തിലുമുള്ള ഉയര്‍ച്ചയ്ക്കും സഹായിക്കുന്നു), ആരോഗ്യമുള്ള കുഞ്ഞിനായി അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍, ഗര്‍ഭകാല ചര്യ, ഗര്‍ഭ കാലത്തുണ്ടാവുന്ന രോഗചികിത്സ, സുഖ പ്രസവത്തിനായി ചെയ്യേണ്ടവ, പ്രസവാനന്തര ചികിത്സ എന്നിവയും വിവരിച്ചിട്ടുണ്ട്. ചരക സംഹിതയടങ്ങുന്ന ആയുര്‍വേദം ഒരേ പോലെ രോഗ ചികിത്സയിലും ആരോഗ്യ സംരക്ഷണത്തിലും ശോഭയോടെ എന്നും നിലനില്ക്കുന്നതിന്റെ കാരണം പ്രകൃതിയും സര്‍വ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളിച്ചു അടിസ്ഥാനപരമായ കാര്യങ്ങള്‍ രൂപപ്പെടുത്തിയതു കൊണ്ടാണ്.
ആയുര്‍വേദവും അടിസ്ഥാന പ്രമാണങ്ങളും വരുംതലമുറയെ ബോധ്യപ്പെടുത്താനായി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരും ആയുഷ് വകുപ്പും വിശ്വ ആയുര്‍വേദപരിഷത്തും അഭിനന്ദനം അര്‍ഹിക്കുന്നു. ആരോഗ്യത്തിനും രാഷ്ട്രത്തിന്റെ ഉയര്‍ച്ചയ്ക്കും ആയുര്‍വേദത്തിന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തണം. ചരക-ശുശ്രുത-വാഗ്ഭടരെ പോലെ ഒരേ സമയം വൈദ്യവും ഗവേഷണവും ചെയ്യുന്ന മഹാ ഭിഷഗ്വരന്മാര് ഓരോ കാലഘട്ടത്തിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അത്തരം വൈദ്യ -ഗവേഷകര്‍ ഈ കാലഘട്ടത്തിലും ആരോഗ്യ രംഗത്തെ കൂടുതല്‍ പ്രശോഭിപ്പിക്കട്ടെ.
(ദി ആര്യ വൈദ്യ ഫാര്‍മസി കോയമ്പത്തൂര്‍ ലിമിറ്റഡില്‍ മെഡിക്കല്‍ ഓഫീസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: