കോണ്‍ഗ്രസിന്റെ പൊടുന്നനെയുള്ള ഭരണഘടനാ പ്രേമം ഇന്ത്യാ മഹാരാജ്യത്തിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ കക്ഷികളെയെല്ലാം ഒരുപോലെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടാവണം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും ഭരണഘടന വിജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചും കോണ്‍ഗ്രസ് എംപിമാര്‍ ലോക്സഭയില്‍ രാഷ്ട്രീയ നാടകം കളിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ രാഷ്ട്രീയ ബോധമുള്ളവര്‍ക്കെല്ലാം അറപ്പുളവാക്കുന്നതായി. രാജ്യത്തെ ജനങ്ങളുടെ മറവിയെ സമര്‍ത്ഥമായി ഉപയോഗിച്ച് അധികാരം കാലാകാലങ്ങളായി ഉപയോഗിക്കുന്ന കൂട്ടരാണ് കോണ്‍ഗ്രസുകാര്‍. 1975ല്‍ ഭരണഘടന തകര്‍ത്ത്, ജനാധിപത്യം ഇല്ലതാക്കി ലക്ഷക്കണക്കിന് പേരെ ജയിലറകളിലിട്ട് തല്ലിച്ചതച്ച ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെപ്പറ്റി പുതുതലമുറയ്ക്കറിയില്ലെന്ന ഉറച്ച ബോധ്യമുള്ളവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യത്തെ 140 കോടി ജനങ്ങളില്‍ 75 ശതമാനം പേരും അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉണ്ടായവരാണെന്നും അവര്‍ക്ക് അതേപ്പറ്റി അറിയില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തന്നെയാണ്. ജൂണ്‍ 25നെ ഭരണഘടനാ ഹത്യാദിവസായി പ്രഖ്യാപിച്ച്, കോണ്‍ഗ്രസ് എന്താണ് ഭരണഘടനയോട് ചെയ്തതെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തില്‍ രാഹുലും കോണ്‍ഗ്രസും അസ്വസ്ഥരാവുന്നതിന് കാരണവും ഇതാണ്.
ജനങ്ങള്‍ക്ക് സാധാരണ മറവിയുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ മറവികള്‍ക്ക് സ്ഥാനമില്ല. ചിലത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുക തന്നെ വേണം. ഈ രാജ്യത്തെ ഭരണഘടനയോട് കോണ്‍ഗ്രസ് ചെയ്തതെല്ലാം മറവിക്ക് വിട്ടുകൊടുക്കുന്നവര്‍ വിഡ്ഢികളാണ്. അതിന് നിന്നു കൊടുക്കാന്‍ ബിജെപിയെ എന്തായാലും കിട്ടില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നതും പീഡനങ്ങള്‍ അനുഭവിച്ചതുമെല്ലാം കോണ്‍ഗ്രസിനൊപ്പമുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ മറന്നുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ കാപട്യത്തെ നിരന്തരം തുറന്നുകാട്ടേണ്ടതുണ്ട്. ഡോ. ബാബാസാഹേബ് അംബേദ്ക്കറിന്റെ ഭരണഘടനയെ ഏറ്റവുമധികം തവണ ഉപദ്രവിച്ചതും തന്നിഷ്ടപ്രകാരം വളച്ചൊടിച്ചതും മരവിപ്പിച്ചതും ഭേദഗതി വരുത്തിയതുമെല്ലാം നെഹ്റുവും അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാഗാന്ധിയും മകന് രാജീവ്ഗാന്ധിയും പ്രധാനമന്ത്രിമാരായിരുന്ന കാലത്താണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഫെഡറലിസം തകര്‍ത്തുവെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആരോപിച്ചു നടക്കുന്ന കോണ്‍ഗ്രസുകാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോള്‍ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് 90 തവണയാണ് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടപടിയെടുത്തത്. ഈ വകുപ്പ് ഉപയോഗിച്ച് 50 തവണ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ഇന്ദിരാഗാന്ധി മാത്രം പിരിച്ചുവിട്ടിട്ടുണ്ട്. എത്ര വലിയ ജനാധിപത്യ ധ്വംസനങ്ങളാണ് കോണ്‍ഗ്രസ് ഭരണഘടനാ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തുകൊണ്ട് നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ തകര്‍ക്കുന്നുവെന്നും ഫെഡറലിസം ഇല്ലാതാക്കുന്നുവെന്നും ആരോപിക്കുന്നവര്‍ മോദിസര്‍ക്കാര്‍ ഭരണഘടനാ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നില്ല എന്നതില്‍ തന്ത്രപരമായ മൗനം പാലിക്കുന്നു. വംശീയ കലാപങ്ങള്‍ക്ക് പേരുകേട്ട മണിപ്പൂരില്‍ പത്തുതവണയാണ് കോണ്‍ഗ്രസ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കുക്കി-മെയ്തേയ് കലാപശേഷവും ജനാധിപത്യ സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവാനാണ് മോദി സര്‍്ക്കാര്‍ തയ്യാറായത്.
സംവരണ വിഷയത്തിലാണ് മറ്റൊരു നുണപ്രചാരണം കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിയത്. തെരഞ്ഞെടുപ്പ് വേളയിലും അതിന് ശേഷവും അവര്‍ തുടരുന്ന നുണകളിലൊന്നാണ് ബിജെപി ഭരണഘടന മാറ്റിയെഴുതി സംവരണം ഇല്ലതാക്കും എന്നത്. എന്നാല്‍ എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം. രാജ്യത്തെ ദളിത്-പിന്നാക്ക വിഭാഗക്കാരുടെ സംവരണം വെട്ടിക്കുറച്ച് മുസ്ലിം വിഭാഗത്തിന് നല്കാന് നിരന്തരം ശ്രമിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കര്‍ണ്ണാടകയിലും തെലങ്കാനയിലും അവരത് പലവട്ടം നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലിങ്ങള്‍ക്ക് നല്കിയ കര്‍ണ്ണാടകയിലെ നിലപാട് ഭരണഘടനാ വിരുദ്ധമായിരുന്നു. അവിഭക്ത ആന്ധ്രയില്‍ എസ്സി, എസ്ടി, ഒബിസി ക്വാട്ട വെട്ടിക്കുറച്ചാണ് കോണ്‍ഗ്രസ് മുസ്ലിം സംവരണം നടപ്പാക്കിയത്. ദളിത്-പിന്നാക്ക സംവരണ വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ സ്വീകരിച്ചത്. 1961ല്‍ രാജ്യത്തെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും എഴുതിയ കത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തനിക്ക് സംവരണ സംവിധാനം ഇഷ്ടമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം പ്രീണനത്തിനായി ഭരണഘടനയെയും വകുപ്പുകളെയും തന്നെ മാറ്റിയെഴുതിയിട്ടുണ്ട് രാജീവ്ഗാന്ധി. ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ പുതിയ നിയമ നിര്‍മാണം നടത്തി രാജ്യത്തിന്റെ ഭരണഘടന മുസ്ലിങ്ങള്‍ക്ക് ബാധകമല്ലാതാക്കിത്തീര്ത്തിട്ടുണ്ട് രാജീവ്ഗാന്ധിയും കൂട്ടരും. ഈ മഹാരാജ്യത്തെ കോടതികളെയും നിയമ നിര്‍മാണ സഭകളെയും നോക്കുകുത്തികളാക്കി മതപ്രീണനത്തിന്റെ പുതിയ ചരിത്രം രചിച്ചതില്‍ ഇന്നത്തെ ‘ഭരണഘടനാ സംരക്ഷകന്‍’ രാഹുലിന്റെ പിതാവ് കുപ്രസിദ്ധി നേടി. 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലിം സ്ത്രീകളുടെ വിവാഹമോചന സംരക്ഷണ നിയമം അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ പോലെ അഭിമാനമുള്ളവര്‍ രാജീവ്ഗാന്ധിയുടെ നടപടിയെ തള്ളിപ്പറഞ്ഞ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിറങ്ങിയത് ഭരണഘടനയെയും സുപ്രീംകോടതിയെയും കോണ്‍ഗ്രസ് അപമാനിച്ചതില്‍ പ്രതിഷേധിച്ചുകൂടിയായിരുന്നു. ഷാബാനു കേസിലെ സുപ്രീംകോടതി വിധിയും അതിനെ മറികടക്കാന്‍ രാജീവ്ഗാന്ധി ഭരണഘടനാ വ്യവസ്ഥകളെ തന്നെ ഇല്ലാതാക്കിയതും രാജ്യത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായമാണ്. 1973ലാണ് ഷാബാനു കേസിന്റെ തുടക്കം. മുഹമ്മദ് അഹമ്മദ് ഖാന് എന്നയാള്‍ മറ്റൊരു വിവാഹം കഴിക്കുന്നതിനായി ആദ്യ ഭാര്യയായ ഷാബാനുവിനെ മൊഴിചൊല്ലി.
നാല്‍പതുവര്‍ഷത്തിലധികമായി മുഹമ്മദിനൊപ്പം ജീവിച്ച ഷാബാനു ജീവനാംശം തേടി പ്രാദേശിക കോടതിയെ സമീപിക്കുകയും 1979ല്‍ ഷാബാനുവിന് അനുകൂലമായ വിധി വരികയും ചെയ്തു. പ്രതിമാസം 25 രൂപ ഷാബാനുവിന് നല്‍കണം എന്നായിരുന്നു വിധി. എന്നാല്‍ മുസ്ലിം വ്യക്തിനിയമ പ്രകാരം വിവാഹമോചനത്തിന് ശേഷം ഇദ്ദത് കാലയളവില്‍(128 ദിവസം) മാത്രമേ ജീവനാംശം നല്‍കേണ്ടതുള്ളൂ എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈക്കോടതിയെ മുഹമ്മദ് സമീപിച്ചെങ്കിലും അവിടെയും കീഴ്ക്കോടതി വിധി ശരിവെച്ചു. ഇതോടെ മുഹമ്മദ് സുപ്രീംകോടതിയില്‍ ഹര്‍ജിയുമായെത്തി. നാലുവര്‍ഷത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം 1985 ഏപ്രില്‍ 23ന് ഷാബാനുവിന് അനുകൂലമായി സുപ്രീംകോടതിയും വിധി പറഞ്ഞു. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് അവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെങ്കില്‍, മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാന്‍ ക്രിമിനല്‍ നടപടിച്ചട്ടം(സിആര്‍പിസി) 125 പ്രകാരം അര്‍ഹതയുണ്ടെന്നായിരുന്നു ചരിത്ര വിധി. ഇതിനെതിരെ രാജ്യത്തെ മുസ്ലിം പണ്ഡിത സമൂഹം ഇളകി. ഇസ്ലാമിക നിയമങ്ങള്‍ക്ക് ഭരണഘടനയേക്കാള്‍ പ്രാധാന്യമുണ്ടെന്നും മുസ്ലിം വ്യക്തിനിയമം ഭരണഘടനയ്ക്ക് മുകളിലാണെന്നും പ്രഖ്യാപിച്ച് രാജ്യമെങ്ങും മുസ്ലിം മതനേതൃത്വം പ്രതിഷേധങ്ങളുയര്‍ത്തി. സംഘടിതമായ ഇത്തരം പ്രതിഷേധങ്ങള്‍ കണ്ടു ഭയന്ന രാജീവ്ഗാന്ധി സര്‍ക്കാര്‍ 1986ല്‍ മുസ്ലിം സ്ത്രീകളുടെ വിവാഹമോചന സംരക്ഷണ നിയമം വഴി വിവാഹമോചിതയായ സ്ത്രീയ്ക്ക് ഇദ്ദത് കാലയളവിലോ അല്ലെങ്കില്‍ 90 ദിവസം വരെ മാത്രമോ ജീവനാംശത്തിന് അര്‍ഹതയുള്ളൂ എന്ന നിയമനിര്‍മാണം നടത്തി. ഭരണഘടനയ്ക്കും സുപ്രീംകോടതിക്കും പുല്ലുവില നല്‍കിയായിരുന്നു ഈ നടപടി. ഒടുവില്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തലാഖ് നിരോധന നിയമത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യത്തെ കോടിക്കണക്കിന് വരുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ശാപമോക്ഷം നല്‍കിയത്.
ജീവനാംശം ലഭിക്കാന്‍ സിആര്‍പിസി 125 പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് ക്രിമിനല്‍ കേസ് നല്‍കാമെന്ന് കഴിഞ്ഞ ബുധനാഴ്ച ചരിത്ര വിധിയിലൂടെ സുപ്രീംകോടതിയും വ്യക്തമാക്കിക്കഴിഞ്ഞു. വിവാഹമോചനം നടത്തി ഒഴിവാക്കിയ ഭാര്യയ്ക്ക് പ്രതിമാസം പതിനായിരം രൂപ ജീവനാംശം നല്‍കണമെന്ന തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച മുഹമ്മദ് അബ്ദുള്‍ സമദ് എന്നയാളുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി വന്നത്. മുസ്ലിം വ്യക്തിനിയമ പ്രകാരം നടന്ന വിവാഹ മോചനമായതിനാല്‍ ജീവനാംശം നല്കാനാവില്ലെന്നായിരുന്നു മുഹമ്മദിന്റെ വാദം. മുസ്ലിം വ്യക്തിനിയമത്തേക്കാള്‍ മതേതര നിയമമാണ് രാജ്യത്ത് നിലനില്‍ക്കേണ്ടതെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. സിആര്‍പിസി 125ലെ വ്യവസ്ഥകള്‍ മുസ്ലിങ്ങള്‍ക്കടക്കം രാജ്യത്തെ എല്ലാവര്ക്കും ബാധകമാണെന്നും വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസി 125 ബാധകമാക്കിയതായും കോടതി പ്രഖ്യാപിച്ചു. രാജീവ്ഗാന്ധിയുടെ 1986ലെ വിവാദ നിയമത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടുള്ള ജസ്റ്റിസ് ബി.വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന് ജോര്‍ജ് മസിഹ് എന്നിവരുടെ വിധിക്ക് പൂര്‍ണ്ണ സംരക്ഷണം നല്കാന് മോദി സര്‍ക്കാര്‍ രാജ്യത്തുണ്ട് എന്നത് ഭരണഘടനയ്ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. രാഹുലിന്റെ കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജ്യത്ത് ഇപ്പോഴുള്ളതെങ്കില്‍ ഈ വിധി പറയാനുള്ള ശേഷി സുപ്രീംകോടതിക്കുണ്ടാവുമോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു. ഇനിയഥവാ അത്തരത്തിലൊരു വിധി വന്നാല്‍ അതിനെ മറികടക്കാനും മുത്തലാഖ് നിരോധന നിയമത്തെ തന്നെ ദുര്‍ബലപ്പെടുത്താനും രാഹുല്‍ ഭരണഘടനാ ഭേദഗതിയുമായി മുന്നിട്ടിറങ്ങുമെന്നുറപ്പാണ്. മുസ്ലിം പ്രീണനത്തില്‍ രാജീവ് ഗാന്ധിയെക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ് മകന്. അവിടെ ഭരണഘടനാ സ്നേഹമൊന്നും രാഹുല്‍ കാണിക്കില്ലെന്നുറപ്പ്. അതാണാ കുടുംബത്തിന്റെ ചരിത്രവും.
പ്രത്യേകിച്ചും ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടക്കം പ്രമേയം പാസാക്കി ജസ്റ്റിസ് നാഗരത്ന ബെഞ്ചിന്റെ വിധിക്കെതിരെ പഴയപോലെ അരയും തലയും മുറുക്കി രംഗത്തെത്തിയ പശ്ചാത്തലത്തില്‍, ഭരണഘടനയേയും മതേതര നിയമങ്ങളേയും ബഹുമാനിക്കുന്നവര്‍ ഭരണഘടനയുടെ കപട സംരക്ഷകരായി അവതരിച്ച കോണ്‍ഗ്രസുകാരെ കൂടുതല്‍ ജാഗ്രതയോടെ കണേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: