ന്യൂദല്‍ഹി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തടസപ്പെടുത്താന്‍ പ്രതിപക്ഷാംഗങ്ങളെ പ്രേരിപ്പിച്ചത് രാഹുലെന്ന് ബിജെപി. നടുത്തളത്തിലിറങ്ങി ബഹളംവയ്ക്കാന്‍ അംഗങ്ങളെ രാഹുല്‍ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിന്റെ തെളിവായി ബിജെപി പുറത്തുവിട്ടു. ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്പോഴാണ് തുടക്കം മുതല്‍ ഒടുക്കം വരെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചത്.
പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാരോട് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ രാഹുല്‍ വിരല്‍ചൂണ്ടി നിര്‍ദേശിക്കുന്ന വീഡിയോ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവെച്ചു. പ്രധാനമന്ത്രിയായിരിക്കെ വാജ്പേയിയെ പരിഹസിക്കാന്‍ രാഹുലിന്റെ അമ്മ സോണിയ ചെയ്തതും ഇത് തന്നെയാണ്. എന്നാല്‍ മോദി വാജ്പേയിയും രാഹുല്‍ സോണിയയും അല്ല. മൂന്നാം തവണയും തോല്‍വി ഏറ്റുവാങ്ങിയ രാഹുല്‍ സ്വയം ഒരു കാരിക്കേച്ചറിലേക്ക് ചുരുങ്ങിയെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാലയും രാഹുലിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു. സഭാചട്ടങ്ങള്‍ ലംഘിക്കാനും സഭയുടെ നടുത്തളത്തിലിറങ്ങാനും പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താനും രാഹുല്‍ തന്നെ എംപിമാരെ പ്രോത്സാഹിപ്പിക്കുന്നു. തന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുന്ന എംപിക്ക് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി കുടിക്കാന്‍ വെള്ളം നല്കുന്നു. ആരാണ് ഏകാധിപതി. ലോക്സഭാ പ്രതിപക്ഷ നേതാവ് ആകാന്‍ പോലും രാഹുലിന് അര്‍ഹതയില്ല, ഷെഹ്സാദ് പൂനെവാല വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ പ്രതിപക്ഷാംഗങ്ങളെ പ്രേരിപ്പിച്ചതിന് സ്പീക്കര്‍ ഓം ബിര്‍ള രാഹുലിനെ ശാസിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് ഇത് ചേരാത്തതാണ്. പ്രതിപക്ഷാംഗങ്ങളോട് സഭയുടെ നടുത്തളത്തിലിറങ്ങാന്‍ നിങ്ങള്‍ ആവശ്യപ്പെടുന്നത് താന്‍ കണ്ടതാണെന്നും ഓം ബിര്‍ള രാഹുലിനോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: