തിരുവിതാംകൂര് സഹോദരിർ എന്നറിയപ്പെട്ട ലളിത, പത്മിനി, രാഗിണിമാരെ പോലെയാണ് മലയാള സിനിമയ്ക്ക് കലാരഞ്ജിനി, കൽപ്പന, ഉര്വശി സഹോദരിമാരും. ഒരേ കുടുംബത്തിൽ നിന്നെത്തിയ മൂന്നുപേരെയും സിനിമാപ്രേമികൾക്ക് അത്രയിഷ്ടമാണ്. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും പ്രത്യേകത. 2016ൽ കല്പന ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും കലാരഞ്ജിനിയും ഉർവശിയും ഇപ്പോഴും സിനിമയിൽ സജീവമാണ്. മൂന്ന് പേരിൽ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ കൽപ്പനയും കലാരഞ്ജിനിയും എക്കാലവും എടുത്ത് പറഞ്ഞിരുന്നത് ഉർവശിയുടെ പേരായിരുന്നു.ഉർവശിയ്ക്ക് പകരം ഉർവശി മാത്രമെന്ന് പ്രേക്ഷകരെ പോലെ ഈ സഹോദരിമാരും ഉറപ്പിച്ച് തന്നെ പറയാറുണ്ട്. കലാരഞ്ജിനി വളരെ സെലക്ടീവായി മാത്രമെ സിനിമകൾ ചെയ്യാറുള്ളു.
1970കളുടെ അവസാനത്തിൽ അഭിനയ ജീവിതം ആരംഭിച്ചിരുന്നു കലാരഞ്ജിനി. മദനോത്സവത്തിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം.പിന്നീട് അങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു കലാരഞ്ജിനി. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും കലാരഞ്ജിനി അഭിനയിച്ചിട്ടുണ്ട്. കലാരഞ്ജിനിയുടെ പേര് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകർക്ക് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ താരത്തിന്റെ ഭാര്യ വേഷമാണ് ഓർമ വരിക. സഹോദരിമാരെ പോലെ നർമ്മം ചെയ്യാൻ കലാരഞ്ജിനിയും മുന്നിലാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞതും ഈ സിനിമയുടെ റിലീസോടെയാണ്.വിവാഹമോചിതയായ താരത്തിന് പ്രിൻസ് എന്നൊരു മകനുണ്ട്. കൽപ്പനയുടെ വേർപാടിനുശേഷം മകൾ ശ്രീമയി കലാരഞ്ജിനിയുടെ സംരക്ഷണയിലാണ്. എവിടെ പോയാലും അമ്മയുടെ റോളിൽ കലാരഞ്ജിനി ശ്രീമയിക്കൊപ്പമുണ്ടാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കലാരഞ്ജിനി വളരെ കുറച്ച് സിനിമകളിൽ മാത്രമെ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുള്ളു.ഹൗ ഓൾഡ് ആർ യു ഒഴികെയുള്ള മറ്റുള്ള സിനിമകളിൽ മറ്റ് ഡബ്ബിങ് ആർട്ടിസ്റ്റുകളാണ് കലാരഞ്ജിനിക്ക് ശബ്ദം നൽകാറുള്ളത്.
കലാരഞ്ജിനിക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വ്യക്തിമായി ഉയർന്ന ശബ്ദത്തിൽ സംസാരിക്കാൻ സാധിക്കാറില്ല. ഇപ്പോഴിതാ തന്റെ ശബ്ദത്തിന് എന്താണ് സംഭവിച്ചതെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്. റെഡ്നൂൽ എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശബ്ദം നഷ്ടപ്പെടാൻ കാരണമായ സംഭവം കലാരഞ്ജിനി വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘എനിക്ക് കുട്ടിക്കാലത്ത് പാപ്പിലോമ എന്നൊരു രോഗമുണ്ടായിരുന്നു. മറുക് പോലുള്ള ചെറിയ തടിപ്പ് ശ്വാസ നാളത്തിൽ വരുന്ന അവസ്ഥയാണത്. ഒരു പ്രായം കഴിയുമ്പോൾ അത് വരുന്നത് നിൽക്കും. പ്രശ്നമൊന്നുമില്ല. അത് മാത്രമല്ല സിനിമയിലേക്ക് വന്നശേഷം എന്റെ വായിൽ ആസിഡ് വീണു.’
ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്ന സമയത്ത് മേക്കപ്പ് മാൻ ഷൂട്ടിന് വേണ്ടി ബ്ലെഡ് ഉണ്ടാക്കിയിരുന്ന വെളിച്ചെണ്ണയിലായിരുന്നു. ഒരു ദിവസം പ്രേം നസീർ സാറിനൊപ്പം ഞാൻ അഭിനയിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ബ്ലെഡ് തയ്യാറാക്കാൻ ചായം ആസിറ്റോണിൽ മിക്സ് ചെയ്ത് വെച്ചു. അത് അറിയാതെ ഞാൻ വായിൽ ഒഴിച്ചു. അതോടെ വായ മുഴുവൻ പൊള്ളി. അതോടെ ശ്വാസനാളം ഡ്രൈയാകാൻ തുടങ്ങി.’
പ്രായം കൂടുന്തോറും ഡ്രൈ ആകുന്ന അവസ്ഥ അധികമായി. അതാണ് എന്റെ ശബ്ദത്തിനുണ്ടായ മാറ്റത്തിന് കാരണം. അയാൾ മനപൂർവം ചെയ്തതല്ല. അറിയാതെ സംഭവിച്ചതാണ്. ഇങ്ങനെ സംഭവിക്കണമെന്നത് എന്റെ വിധി അത്രമാത്രം’, എന്നാണ് കലാരഞ്ജിനി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: