ആന്റ്വേര്‍പ്പ്: പാരിസ് ഒളിംപിക്സിന് മുന്നോടിയായി യൂറോപ്യന്‍ പര്യടനത്തിനെത്തിയ ഭാരത ഹോക്കി ടീമിന് ആദ്യ മത്സരത്തില്‍ വിജയം. ബെല്‍ജിയത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോല്‍പ്പിച്ചത്. നിശ്ചത സമയ മത്സരം 2-2 സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. 4-2നായിരുന്നു വിജയം.
ഷര്ദാനന്ദ തിവാരി നേടിയ ഇരട്ട ഗോളാണ് ഭാരതത്തിന് രക്ഷയായത്. മത്സരത്തിന്റെ തുടക്കത്തിലേ മൂന്നാം മിനിറ്റിലായിരുന്നു തിവാരിയുടെ ആദ്യ ഗോള്‍. രണ്ടാം ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ 27-ാം മിനിറ്റില്‍ ഭാരതത്തിനായി തിവാരി രണ്ടാം ഗോളും നേടി. രണ്ട് ക്വാര്ട്ടറുകളിലുമായി നേടിയ എതിരില്ലാത്ത രണ്ട് ഗോളിന്റെ ബലത്തില്‍ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.
ഇടവേളകഴിഞ്ഞ് തുടങ്ങിയ മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തിലേ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി ബെല്‍ജിയം ആദ്യ തിരിച്ചടി നല്കി. മത്സരം നാലാം ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോഴും ഭാരതം 2-1ന് മുന്നിട്ടു നിന്നു. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ ഭാരതത്തെ ഞെട്ടിച്ച് ബെല്‍ജിയം രണ്ടാം ഗോളും നേടി സമനില പിടിച്ചു. ഒടുവില്‍ ഷൂട്ടൗട്ടിലേക്ക്.
ഷൂട്ടൗട്ടില്‍ ഭാരതത്തിനായി ഗുര്‍ജോത്ത് സിങ്, സൗരഭ് ആനന്ദ് കുശ്വാഹാ, ദില്‍രാജ് സിങ്, മന്മീത് സിങ് എന്നിവര്‍ സ്കോര്‍ ചെയ്തു. ഭാരതത്തിന്റെ ഗോള്‍വല കാത്ത പ്രിന്‍സ് ദീപ് സിങ് ഷൂട്ടൗട്ടില്‍ കാഴ്ച്ചവച്ച രണ്ട് കിടിലന്‍ സേവുകള്‍ വിജയത്തില്‍ നിര്‍ണായകമായി. ബെല്‍ജിയത്തിനെതിരായ അടുത്ത മത്സരം ഇന്ന് നെതര്‍ലന്‍ഡ്സിലെ ബ്രെഡയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: