ന്യൂദല്‍ഹി: ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം എക്സില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗാന്ധി നഗര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ അമിത് ഷായ്ക്ക് ഒപ്പമാണ് പ്രധാനമന്ത്രി വോട്ടുചെയ്യാനായി എത്തിയത്. വോട്ടുചെയ്ത് പുറത്തിറങ്ങിയ പ്രധാനമന്ത്രി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. ജയ് ജയ് മോദി വിളികളോടെയാണ് ജനം അദ്ദേഹത്തെ വരവേറ്റത്.
ജനങ്ങള്‍ റിക്കാര്‍ഡ് സംഖ്യയില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നമ്മുടെ രാജ്യത്തില്‍ ദാനത്തിന് വലിയ പ്രാധാന്യമുണ്ട്. അതേ ആവേശത്തില്‍, ജനങ്ങള്‍ കഴിയുന്നത്ര വോട്ട് ചെയ്യണം. ഗുജറാത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍, ഇവിടെയാണ് താന്‍ സ്ഥിരമായി വോട്ടുചെയ്യുന്നത്, അമിത് ഭായ് ആണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. ഗുജറാത്തിലെ വോട്ടര്‍മാര്‍ വളരെ ആവേശത്തോടെയാണ് വോട്ട് ചെയ്യുന്നത്. നാട്ടുകാരോടും ഗുജറാത്തിലെ വോട്ടര്‍മാരോടും നന്ദി അറിയിക്കുകയാണെന്ന് മോദി പറഞ്ഞു.
ഭാരതത്തിലെ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് മാനേജ്മെന്റും ലോകത്തിലെ മറ്റ് ജനാധിപത്യരാജ്യങ്ങള്‍ക്ക് പഠിക്കാനുള്ള ഉദാഹരണങ്ങളാണെന്നും മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സര്‍വകലാശാലകള്‍ ഇതേകുറിച്ച് പഠനം നടത്തണം. ഏകദേശം 64 രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു, അവയെല്ലാം താരതമ്യം ചെയ്യണം. ജനാധിപത്യത്തിന്റെ ആഘോഷമാണിവിടെ. രാജ്യത്ത് 900 ലധികം ടിവി ചാനലുകള്‍ ഉണ്ട്, അവ തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ നിറഞ്ഞിരിക്കുന്നു. വലിയതോതില്‍ വോട്ടുരേഖപ്പെടുത്താനും ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കാനും വീണ്ടും പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലെ അഹമ്മദാബാദ് റാണിപ് അംബിക ചരസ്തയിലെ നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലാണ് പ്രധാനമന്ത്രി വോട്ട് രെഖപ്പെടുത്തിയത്. സഹോദരന് സോംഭായ് മോദിയും പ്രധാനമന്ത്രിയ്ക്ക് പിന്നാലെ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാരന്‍പുരയിലെ മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലെ പോളിങ് ബൂത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
റിക്കാര്‍ഡ് സംഖ്യയില്‍ വോട്ടുചെയ്ത് തെരഞ്ഞെടുപ്പിന്റെ ഊര്ജ്ജസ്വലത വര്‍ധിപ്പിക്കണമെന്ന കുറിപ്പ് ഹിന്ദി, കന്നഡ, ഗുജറാത്തി, ബംഗാളി, ആസാമീസ്, മറാത്തി തുടങ്ങിയ ഭാഷകളില്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: