സംസ്ഥാനത്ത് ചൂടേറി ജനങ്ങള്‍ നില്ക്കപ്പൊറുതിയില്ലാതിരിക്കെ വൈദ്യുതി നിയന്ത്രണവും നിരക്ക് വര്‍ധനയും നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. ഈ മാസത്തെ ബില്ലില്‍ യൂണിറ്റിന് 10 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകയാണ്. നിലവില്‍ 9 പൈസ സര്‍ചാര്‍ജ് ഇടാക്കവെയാണ് 10 പൈസകൂടി ചുമത്തിയത്. ആറുമാസമായി നിലവില്‍ ഒന്‍പത് പൈസ നിരക്കില്‍ ഈടാക്കുകയാണ്. അതുതന്നെ അടയ്ക്കാന്‍ ബുദ്ധിമുട്ടായിരിക്കെയാണ് 10 പൈസ കൂടി വര്‍ധിപ്പിക്കാനുള്ള തീരുമാനം. താടിക്ക് തീപിടിച്ച് തെക്കുവടക്ക് ഓടുമ്പോള്‍ അതില്‍നിന്നും ബീഡി കത്തിക്കുന്ന ഏര്പ്പാടുപോലെയാണിത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ലെന്ന് പറയുന്നു. എന്നാല്‍ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗാണ് നിലവിലുള്ളത്. നിയന്ത്രണങ്ങളില്ലെന്ന് പരസ്യമായി പറയുകയും രഹസ്യമായി അത് നടപ്പാക്കുകയും ചെയ്യുന്നതുമൂലം പലഭാഗത്തും സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജനങ്ങളെ കബളിപ്പിക്കുന്ന ഈ കള്ളക്കളി അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകും.
മെയിലെ വൈദ്യുതി ബില്ലിനൊപ്പമാണ് അധികമായുള്ള സര്‍ചാര്‍ജ്. ഇതോടെ മെയിലെ ബില്ലില്‍ യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് നല്‍കണം. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുന്നത്. ചൂട് കൂടുതലായതിനാല്‍ ഈ മാസത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്‍ഡിലാണ്. ഓരോ വീട്ടിലെയും വൈദ്യുതി ഉപയോഗം ഇരട്ടിയിലധികമായി. അതോടെ ബില്ലില്‍ വലിയ തുക വ്യത്യാസം വരും. അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. പത്തോ പതിനഞ്ചോ മിനിറ്റു മാത്രം വൈദ്യുതി നിയന്ത്രിക്കാനാണ് തീരുമാനം. രണ്ടു ദിവസത്തെ ഉപയോഗക്കണക്കുകള്‍ പരിശോധിച്ച ശേഷം നിയന്ത്രണം തുടരണോയെന്നതില്‍ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം 200 മെഗാവാട്ട് വൈദ്യുതി ഉപയോഗം കുറഞ്ഞെന്നാണ് കണക്ക്.
പവര്‍കട്ട് ഒഴിവാക്കി നിയന്ത്രണത്തിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു കനത്ത തിരിച്ചടിയാണുണ്ടാവാന് പോവുന്നത്. കനത്ത ചൂടിനൊപ്പം എസിയുടെ ഉപയോഗം വലിയ തോതില്‍ കൂടിയതോടെ പിടിവിട്ടു കുതിച്ച് വൈദ്യുതി ഉപയോഗം മുന്നേറുകയാണ്. ഒരു ദിവസത്തിനിടെ കൂടിയത് 1.76 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. 115.9485 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 93.1949 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്നെത്തിച്ചപ്പോള് 20.4303 ദശലക്ഷമാണ് ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്പാദനം. വ്യാഴാഴ്ച 114.1852 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. ഒരാഴ്ചയോളമായി 113 ദശലക്ഷം യൂണിറ്റിനു മുകളിലാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ശരാശരി 90 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പരമാവധി വൈദ്യുതി പുറത്തു നിന്നു വിലയ്ക്കു വാങ്ങി കെഎസ്ഇബി ഉപയോക്താക്കള്‍ക്കു വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ വൈദ്യുതി ലഭിക്കുന്നതിന് ഏതെങ്കിലും തടസമുണ്ടാകുകയോ പ്ലാന്റുകള്‍ക്കു തകരാര്‍ സംഭവിക്കുകയോ ചെയ്താല്‍ പവര്‍കട്ടല്ലാതെ മറ്റു മാര്‍ഗമില്ല. ഉപയോഗത്തില്‍ കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലാകും കെഎസ്ഇബി. സാധാരണ വര്‍ഷംതോറും ഉപയോഗത്തില്‍ വര്‍ധന വരാറുണ്ടെങ്കിലും പരമാവധി അഞ്ചു ദശലക്ഷം യൂണിറ്റ് വരെയാണ്. എന്നാല്‍ ഈ വര്‍ഷം അത് 20 മുതല്‍ 28 ദശലക്ഷം യൂണിറ്റ് വരെയാണ് കൂടിയത്. ഇതാണ് വലിയ പ്രതിസന്ധിക്കു കാരണം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗമാണ് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് വേണ്ടെന്നും ബദല്‍ നിയന്ത്രണങ്ങള്‍ മതിയെന്നും തീരുമാനിച്ചത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനത്ത് സര്‍വകാല റിക്കാര്‍ഡ് ഉണ്ടായി. ഇതോടെയാണ് മേഖലതിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി തുടങ്ങിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. പ്രദേശത്ത് രാത്രി എഴിനും അര്‍ധരാത്രി ഒന്നിനും ഇടയില്‍ ഇടവിട്ട് വൈദ്യുതി നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. മലബാറിലെ സബ് സ്റ്റേഷനുകളില്‍ നിന്നും പുറപ്പെടുന്ന 11 കെ.വി. ലൈനുകളിലും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെഎസ്ഇബി മുന്നോട്ടുവരുമെന്നാണറിയുന്നത്.
സംസ്ഥാനത്ത് കനത്ത ചൂടിനേയും ഉഷ്ണക്കാറ്റിനേയും തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്കുണ്ടാകുന്ന തടസ്സം പരിഹരിക്കുന്നതിനും സ്ഥിതിഗതികള്‍ സംസ്ഥാനമൊട്ടാകെ ഏകോപിപ്പിക്കുന്നതിനും കെ.എസ്.ഇ.ബി. പ്രത്യേകം കണ്ട്രോള് റൂം സംവിധാനം ഏര്‍പ്പെടുത്തി. ഫീഡറുകളിലെ ഓവര്‍ലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം തുടങ്ങി നിരവധി കാര്യങ്ങള്‍ ഏകോപിപ്പിക്കുക ലക്ഷ്യമാക്കിയാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക. തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലാണ് കണ്ട്രോള് റൂം സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: