ടൊറന്‍ഡോ: കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനത്തിനൊപ്പം ആഴ്ചയില്‍ പരമാവധി 24 മണിക്കൂറേ പാര്‍ട്ട് ടൈം ജോലി ചെയ്യാനാകൂ. നേരത്തെ ഇത് മണിക്കൂറായിരുന്നു.
പൊതു-സ്വകാര്യ കരിക്കുലം ലൈസന്‍സിംഗ് ക്രമീകരണത്തിലൂടെ കോഴ്സുകള്‍ നടത്തുന്ന കോളേജുകളില്‍ മെയ് 15-നോ അതിനുശേഷമോ ചേരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയുമില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ പഠനം കഴിഞ്ഞ് തിരികെ പോരേണ്ടിവരും. കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികളെ മാത്രം ലക്ഷ്യമിട്ട് ഇത്തരം കോഴ്്സുകള്‍ നടത്തുന്ന ഒട്ടേറെ കോളേജുകളുണ്ട്. പഠനാനന്തരം വര്‍ക്ക് പെര്‍മിറ്റ് കിട്ടില്ലെന്നു വരുന്നതോടെ വിദേശ വിദ്യാര്‍ത്ഥികള്‍ ചേരില്ലെന്നതുകൊണ്ട് ഇത്തരം കോഴ്സുകള്‍ നിറുത്തുകയും കോളേജുകള്‍ മെയിന്‍ കാമ്പസ് മാത്രമാക്കി ചുരുക്കുകയുമാണ്. കേരളത്തിലെ സ്വാശ്രയ കോഴ്സുകള്‍ പോലെയെന്ന് പറയാവുന്നതാണ് ഇത്തരം കോഴ്സുകള്‍.
ക്യാമ്പസിന് പുറത്ത് ആഴ്ചയില്‍ 20 മണിക്കൂറിലധികം ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നത് കോവിഡ് മുന്‍നിറുത്തിയുള്ള താല്‍ക്കാലിക നയം മാത്രമായിരുന്നെന്നും അത് നീട്ടുകയില്ലെന്നും ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ മന്ത്രി മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ 24 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠന നിലവാരം കുറയുന്നുവെന്നു കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയെന്നും അതിനാലാണ് ഈ നിയന്ത്രണവുമെന്നാണ് മന്ത്രി പറയുന്നത്.
‘ജോലി ചെയ്യുന്നത് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിചയം നേടാനും അവരുടെ ചില ചെലവുകള്‍ നികത്താനും സഹായിക്കും. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ എത്തുമ്പോള്‍, അവര്‍ ഇവിടെയുള്ള ജീവിതത്തിനായി തയ്യാറെടുക്കണമെന്നും അവര്‍ക്ക് വിജയിക്കാന്‍ ആവശ്യമായ പിന്തുണ ലഭിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, വിദ്യാര്‍ത്ഥികള്‍ പഠിക്കാനായിരിക്കണം വരേണ്ടത്, ജോലിക്കല്ല. ഞങ്ങളുടെ സ്റ്റുഡന്റ്സ് പ്രോഗ്രാമിന്റെ സമഗ്രത സംരക്ഷിക്കാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും’മില്ലര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: