ന്യൂദല്‍ഹി: സിഖ് സമുദായ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍. ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും സിഖ് സമുദായത്തിലെ പ്രമുഖരും ഉള്‍പ്പെടെ ആയിരത്തിലധികം പേരാണ് ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ സാന്നിധ്യത്തില്‍, പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിലാണ് ഇവര്‍ ബിജെപി കുടുംബത്തിന്റെ ഭാഗമായത്.
ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഭൂപേന്ദ്രസിങ് ഗിന്നി, രമണ്‍ദീപ് സിങ് ഥാപ്പര്‍, പര്‍വീന്ദര്‍ സിങ് ലക്കി, മഞ്ജിത് സിങ് ഔലാഖ്, രമണ്‍ ജ്യോത് സിങ്, ജാസ്മിന് സിങ് നൗനി, ഹര്‍ജിത് സിങ് പാപ്പ എന്നിവരുടെ നേതൃത്വത്തിലാണ് ആയിരത്തിലധികം വരുന്ന സിഖ് സമുദായാംഗങ്ങള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, ദേശീയ സെക്രട്ടറി മഞ്ജീന്ദര്‍ സിങ് സിര്‍സ, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ദേവ എന്നിവര്‍ ചേര്‍ന്ന് അംഗത്വം കൈമാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനയാത്രയുടെ ഭാഗമാകാന്‍ സിഖ് സമുദായത്തിലെ ആയിരത്തിലധികം പേര് ബിജെപി കുടുംബത്തിന്റെ ഭാഗമായ ചരിത്ര നിമിഷമാണിതെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി എല്ലാ വിഭാഗത്തിലും സമുദായത്തിലുംപെട്ടവര് ബിജെപിയുടെ ഭാഗമാവുകയാണ്. സിഖ് സഹോദരന്മാര് രാജ്യത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി ജീവന്‍വരെ സമര്‍പ്പിച്ചതായും ജെ.പി. നദ്ദ പറഞ്ഞു. സിഖ് സമൂഹത്തിനുവേണ്ടി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണെന്നും ജെ.പി. നദ്ദ പറഞ്ഞു.
എഫ്സിആര്‍എ നിയമം ഭേദഗതി ചെയ്ത് പറ്റ്നയിലെ തഖ്ത് ഹര്‍മന്ദിര്‍ സാഹിബുമായി സഹകരിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് അവസരം നല്‍കിയത് മോദിയാണ്. വളരെക്കാലമായി ഉയരുന്ന ഈ ആവശ്യം മുന്‍സര്‍ക്കാരുകള്‍ അവണിക്കുകയായിരുന്നു. കര്‍താര്‍പൂര്‍ ഇടനാഴിക്ക് വഴിയൊരുക്കി, 1984ലെ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കി. വീര്‍ ബല് ദിവസ് ആഘോഷിച്ച് സിഖ് സമൂഹം നല്കിയ സംഭാവനകള്‍ക്ക് രാജ്യം മുഴുവനും ആദരമുറപ്പാക്കുകയും ചെയ്തു.
മറ്റുപാര്‍ട്ടിക്കാര്‍ സിഖ് സമൂഹത്തിന് വെറും വാഗ്ദാനം മാത്രം നല്കുന്നു. എന്നാല്‍ ബിജെപി എപ്പോഴും സിഖ് സമൂഹത്തോടൊപ്പമാണ്. അവര്‍ക്കുവേണ്ടിയും നിലകൊള്ളുന്നു അവരെ മുഖ്യധാരയുമായി ബന്ധിപ്പിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും തുടരുന്നു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവയുടെ കാവല്ക്കാര് എന്ന നിലയില്‍ ബിജെപിയില്‍ ചേര്‍ന്നതിന് എല്ലാ സിഖ് സഹോദരങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ജെ.പി. നദ്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: