പത്തനംതിട്ട: പവന് 400 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും പുതിയ ഉയരത്തില്‍. 54,520 രൂപയാണ് ഇന്നലെ ഒരു പവന് (22 കാരറ്റ്) സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6,815 രൂപ. പണിക്കൂലിയും നികുതിയുമടക്കം ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ ഇപ്പോള്‍ 60,000 രൂപയ്ക്കടുത്താവും. കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയത്.
മധ്യപൗരസ്ത്യമേഖലയില്‍ ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം മൂര്ച്ഛിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന ചെയര്മാന് ജെറോം പവലിന്റെ പ്രസ്താവനയും ചൈനയില്‍ വര്‍ധിച്ചുവരുന്ന ആഭരണഭ്രമവുമാണ് ഇപ്പോള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന മൂന്നു സുപ്രധാന ഘടകങ്ങള്‍.
യുദ്ധഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ലോകമെങ്ങുമുള്ള സമ്പന്നര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങാന്‍ തിടുക്കപ്പെടുന്നത് വരുംദിവസങ്ങളിലും വില ഉയരാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 24 കാരറ്റ് തനിത്തങ്കം 10 ഗ്രാമിന്റെ ഇന്നലത്തെ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലെ വില 72,689 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് (31.103 ഗ്രാം) സ്വര്‍ണത്തിന് 2,395 ഡോളര്‍ ആയിരുന്നു.
ക്രൂഡ് വിലയിലും കുതിപ്പ്
ഇറാനില്‍ ഇസ്രയേല്‍ മിസൈല്‍ പ്രത്യാക്രമണം നടത്തി എന്ന എബിസി ന്യൂസ് പുറത്തുവന്നതോടെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയും ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 2.63 ഡോളര്‍ ഉയര്‍ന്ന് ബ്രെന്റ് ക്രൂഡ് വില 89.74 ഡോളറായി.
അമേരിക്കന്‍ ഷെയ്ല്‍ എണ്ണയുടെ രാജ്യാന്തര ബഞ്ച്മാര്‍ക്ക് വിലയായ വെസ്റ്റ് ടെക്സാസ് ഇന്‍ഡക്സ് (ഡബ്ല്യുടിഐ) 3.1 ശതമാനം ഉയര്‍ന്ന് 84.66 ഡോളറിലെത്തി. മിഡില്‍ ഈസ്റ്റ് മേഖലയിലൂടെ ഉള്ള എണ്ണനീക്കം പുതിയ പശ്ചാത്തലത്തില്‍ തടസപ്പെട്ടേക്കാമെന്നതാണ് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: