തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുടെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പര്യടനം വട്ടിയൂര്‍ക്കാവില്‍ ആനന്ദോത്സവമായി. സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത് പൂത്തിരി കത്തിച്ചും, പുഷ്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞും മാലപ്പടക്കം പൊട്ടിച്ചുമായിരുന്നു.
ഉത്സവ പ്രതീതിയായിരുന്നു വട്ടിയൂര്ക്കാവിലെങ്ങും. നഗര അതിര്‍ത്തിയായ കുണ്ടമണ്‍ കടവ് ദേവീ ക്ഷേത്ര ജംഗ്ഷനില്‍ നിന്നായിരുന്നു ഇന്നലത്തെ പര്യടനത്തിന് തുടക്കം. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. വിടി.രമ പര്യടനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ മോദിക്കൊപ്പം നിര്‍ണ്ണായ പങ്കുവഹിച്ചിരുന്ന മന്ത്രിയാണ് രാജീവ് ചന്ദ്രശേഖറെന്ന് വി.ടി.രമ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പത്മകുമാര്‍ അദ്ധ്യക്ഷനായി. കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലന്‍, ബിജെപി സംസ്ഥാന സമിതി അംഗം പി. അശോക്കുമാര്, പാച്ചല്ലൂര്‍ അശോകന്, തമ്പാനൂര്‍ സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. യുണെറ്റ്ഡ് നേഴ്സസ് അസോസിഷേന്റെ പിന്തുണ അറിയിച്ച് പ്രസിഡന്റ് ജാസ്മിന്‍ഷാ, സെക്രട്ടറി സുദീബ് എം.വി.എന്നിവര്‍ വേദിയിലെത്തി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം പിടിപി നഗറിലെത്തിയ സ്ഥാനാര്‍ത്ഥിയെ നാനോ ശില്‍പ്പി രാജഗോപാല്‍ ചന്ദനഹാരം അണിയിച്ച് സ്വീകരിച്ചു.
തുടര്‍ന്ന് പാറക്കോവിലിലെ സ്വീകരണത്തിനു ശേഷം മരുതന്‍കുഴിയില്‍ സ്ഥാനാര്‍ത്ഥി എത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം. പുഷ്പവൃഷ്ടി നടത്തിയും ആരതി ഉഴിഞ്ഞും തിലകം ചാര്‍ത്തിയും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വിവിധ മേഖലകളിലുള്ളവര്‍ താമരഹാരം അണിയിച്ചു. ഉദിയന്നൂര്‍ ക്ഷേത്രത്തിലേക്ക് കാല്‍നടയായി സ്ഥാനാര്‍ത്ഥി നീങ്ങിയപ്പോള്‍ ചുറ്റും വോട്ടര്‍മാരും അണിനിരന്നത് ഒരു മിനി റോഡ്ഷോയായി മാറി. കൗണ്‍സിലര്‍മാരായ സുമിബാലു, പത്മലേഖ, ദേവിമ, മധുസുദനന്‍ നായര്‍, ഗിരികുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം അനുഗമിച്ചു.
എസ.കെ. ഹോസ്പിറ്റല്‍, ഇടപ്പഴിഞ്ഞി വഴി ശാസ്തമംഗലത്ത് എത്തിയ സ്ഥാനാര്‍ത്ഥിയെ ശാസ്തമംഗലം എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ സ്വീകരണം നല്കി. തുടര്‍ന്ന് കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന മന്നത്ത് പദ്മനാഭന്റെ പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച ശേഷം അടുത്ത സ്വീകരണ സ്ഥലത്തേക്ക്. രാത്രി വൈകി വട്ടിയൂര്‍ക്കാവില്‍ പര്യടനം സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: