ചെന്നൈ: തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ബുധനാഴ്ച തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയുടെ സാന്നിധ്യത്തിൽ വീണ്ടും ബിജെപിയിൽ ചേർന്നു.
ഗവർണർ പദവിയിലിരിക്കെ ബിജെപിയിൽ ചേർന്നതിന് തമിഴിസൈ സൗന്ദരരാജനെതിരെ ഇടതുപാർട്ടികളും ഡിഎംകെയും നടത്തിയ വിമർശനത്തെ പരാമർശിച്ച ബിജെപി അധ്യക്ഷൻ അണ്ണാമലൈ ഉന്നത പദവികൾ വഹിക്കുന്നവർ സ്ഥാനമൊഴിയുന്നത് സാധാരണക്കാരനെന്ന നിലയിൽ പൊതുജനങ്ങൾക്കായി വീണ്ടും പ്രവർത്തിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു.
ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടിയിൽ പെട്ട ഒരാൾ ഉന്നതപദവികൾ ഒഴിയുകയില്ല. അവരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തിൽ ഇരിക്കുന്നത് ഉന്നത സ്ഥാനങ്ങൾ ഏറ്റെടുക്കാൻ മാത്രമാണ്. ഗവർണർ എന്ന നിലയിൽ അവർ വളരെ നന്നായി പ്രവർത്തിച്ചു. ആ സ്ഥാനം ഉപേക്ഷിച്ച് വീണ്ടും രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സൗന്ദരരാജന്റെ ജനസ്നേഹമാണ് കാണിക്കുന്നതെന്ന് അണ്ണാമലൈ പറഞ്ഞു.
അവർ വീണ്ടും ബിജെപിയിൽ ചേർന്നത് പാർട്ടിയോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തുടർച്ചയായി മൂന്നാം തവണയും അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ കരങ്ങൾ ശക്തിപ്പെടുത്തുന്നതിന് തന്റെ പ്രവർത്തനവും സഹായിക്കുമെന്ന അവരുടെ ദൃഢനിശ്ചയം വലുതാണെന്നും അദ്ദേഹം പറഞ്ഞു.
2019-ലാണ് തെലങ്കാന ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പ് സൗന്ദരരാജൻ ബിജെപിയിൽ നിന്ന് രാജിവച്ചത്. തുടർന്ന് 2021-ൽ പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായി അവർ നിയമിതയായി.
അറുപത്തിരണ്ടുകാരിയായ തമിഴിസൈ സൗന്ദരരാജൻ ഗൈനക്കോളജിസ്റ്റാണ്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് അവർ ബിജെപിയിൽ ചേർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: