തിരുവന്തപുരം: കേരളത്തില്‍ മുണ്ടിനീര് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മാര്‍ച്ച് 10ന് (ഞായറാഴ്ച) 190 കേസുകളാണ് രേഖപ്പെടുത്തിയത്. കേരള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2,505 കേസുകളാണ്.
ഈ വൈറല്‍ അണുബാധ കേസുകളില്‍ കൂടുതലും കുട്ടികളിലാണ്. ഈ വര്‍ഷം രണ്ട് മാസത്തിനുള്ളില്‍ 11,467 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ രോദവ്യാപനം സ്ഥിരീകരിക്കുകയും സംസ്ഥാനത്തെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. ഭൂരിഭാഗം കേസുകളും മലപ്പുറം ജില്ലയില്‍ നിന്നും കേരളത്തിന്റെ മറ്റ് വടക്കന്‍ ഭാഗങ്ങളില്‍ നിന്നുമാണ് രേഖപ്പെടുത്തിയത്. ഇത് കൃത്യമായി വാക്സിന് സ്വീകരിക്കാത്തതു കൊണ്ടാണ് ഉണ്ടാകുന്നതെന്ന് ചില ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി.
മലപ്പുറത്ത് വര്‍ഷങ്ങളായി സമാനമായ വാക്സിനുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം കുറവാണ്. മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നിവയ്ക്ക് വാക്സിന് നിലവിലുണ്ടെങ്കിലും അത് സര്‍ക്കാരിന്റെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂന്ന് രോഗങ്ങള്‍ക്കുമുള്ള മംപ്സ്-മീസില്‍സ്-റൂബെല്ല (എംഎംആര്‍) വാക്സിന് സ്വകാര്യ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ലക്ഷണങ്ങളും പരിചരണവും
മംപ്സ് വൈറസ് (ഒരുതരം പാരാമിക്സോവൈറസാണ്) മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് മുണ്ടിനീര്. തലവേദന, പനി, ക്ഷീണം തുടങ്ങിയ നേരിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്. എന്നാല്‍ ഇത് സാധാരണയായി ചില ഉമിനീര് ഗ്രന്ഥികളില്‍ (പാറോട്ടിറ്റിസ്) കടുത്ത വീക്കത്തിലേക്ക് നയിക്കുന്നു, ഇത് കവിള്‍ത്തടങ്ങള്‍ക്കും താടിയിലും വീക്കത്തിലേക്കും നയിക്കും.
2 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള, മുണ്ടിനീര് വാക്സിന് എടുത്തിട്ടില്ലാത്ത കുട്ടികളെയാണ് മുണ്ടിനീര് സാധാരണയായി ബാധിക്കുന്നത്. എന്നിരുന്നാലും, കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടും മുണ്ടിനീര് വരാം. വര്‍ഷങ്ങള്‍ക്ക് ശേഷം വാക്സിന് പ്രതിരോധശേഷി കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നിരുന്നാലും, മുണ്ടിനീര് അണുബാധയില്‍ നിന്ന് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പൂര്‍ണ്ണമായും വാക്സിനേഷന് എടുക്കുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: