സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ചേർന്ന് സംഘടിപ്പിക്കാനിരുന്ന ‘മോളിവുഡ് മാജിക്’ താരനിശ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സ്പോൺസർമാരുടെ അലംഭാവത്തെ തുടർന്നാണ് ഷോ ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് വിവരം. പരിപാടിക്കായുള്ള നാലായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയശേഷവും, ഷോ നടക്കേണ്ടിയിരുന്ന നയൻ വൺ സ്റ്റേഡിയത്തിന്റെ വാടക മുഴുവനായി നൽകാൻ സ്പോൺസർമാർ തയ്യാറായിരുന്നില്ല.
ഇതോടെയാണ് വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന ഷോ തുടങ്ങുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ റദ്ദാക്കിയത്. സംഘാടകരായ നയൻ വൺ ഇവന്റ്സു തന്നെയായിരുന്നു താരനിശ റദ്ദാക്കിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൂറ്റൻ സ്റ്റേഡിയത്തിൽ ഗംഭീര സ്റ്റേജും, ശബ്ദ, വെളിച്ച സംവിധാനങ്ങളും ഒരുക്കിയ ശേഷമായിരുന്നു പരിപാടി പൂർണ്ണമായി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചത്. ഇതോടെയാണ് താരങ്ങളടക്കമുള്ള സിനിമ പ്രവർത്തകർ കാര്യം അറിയുന്നത്.
പരിപാടിക്കായുള്ള സ്പോൺസർമാരെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നെങ്കിലും, അപ്രത്യക്ഷമായി സംഭവിച്ച സാമ്പത്തിക പ്രതിസന്ധികളാണ്, മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി ഉപേക്ഷിക്കാൻ ഇടയാക്കിയത്. സോറ്റിഡിയത്തിന്റെ കിലോമീറ്ററുകൾ ദൂരത്തുനിന്നുള്ള ധാരാളം ആളുകളാണ് പരിപാടി കാണാനായി ടിക്കറ്റ് ബുക്കുചെയ്തിരുന്നത്. പലരും ഇതിനായി ദിവസങ്ങൾ മുൻപു തന്നെ ഇവിടെ എത്തിയിരുന്നു.
ടിക്കറ്റ് എടുത്തവർക്കെല്ലാം, ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന നയൻ വൺ സംഘാടകരുടെ ഉറപ്പിനെ തുടർന്നാണ് കാണികളിൽ പലരും മടങ്ങിയത്. അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പരിപാടി അവസാനിപ്പിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. പരിപാടി കാണാൻ സ്റ്റേഡിയത്തിന്റെ പുറത്ത് തടിച്ചു കൂടിയ കാണികളെ പൊലീസിന്റെ സഹായത്തോടെയാണ് പിരിച്ചുവിട്ടത്.
മമ്മൂട്ടി, മോഹൻലാൽ, ജയറാം, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ഇന്ദ്രജിത്, അർജുൻ അശോകൻ, വിനീത് ശ്രീനിവാസൻ, രമേശ് പിഷാരടി, നിഖില വിമൽ, ഹണി റോസ് തുടങ്ങി വൻ താരനിരയാണ് ദോഹയിലെത്തിയത്. താരങ്ങളെ തിരികെ നാട്ടിലെത്തിക്കാനും സ്പോൺസർമാർ പണം നൽകിയില്ല. ഇതോടെ നിർമ്മാതാക്കൾ സ്വന്തം ചിലവിൽ ടിക്കറ്റെടുത്താണ് താരങ്ങളെ നാട്ടിലെത്തിച്ചത്.
പരിപാടി ഉപേക്ഷിച്ചതോടെ, താരങ്ങളുടെ യാത്രയ്ക്കും താമസത്തിനുമായി ചിലവഴിച്ച 10 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോർട്ട്. ധനശേഖരണാർഥം നടത്തിയ പരിപാടി പൊളിഞ്ഞതോടെ, നഷ്ടം നികത്തുന്നതിനായി താര സംഘടനുയുമായി സഹകരിച്ച് ’20-ട്വന്റി’ പോലൊരു മൾട്ടി സ്റ്റാർ ചിത്രം ചെയ്യാനും തീരുമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: