കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന സമ്മേളനം 11ന് രാവിലെ 11ന് ചേരും. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് മുഖ്യാതിഥിയാവും.
പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പരിപാടിയില്‍ പങ്കെടുക്കുന്നത്. വെള്ള നിറത്തിലുള്ള വേഷമാണ് ധരിക്കുക. മുണ്ട്, പാന്റ്, പൈജാമ, കുര്‍ത്ത, ചുരിദാര്‍, സാരി എന്നിവ ധരിക്കാം. ഇതിന് പുറമെ ഷാളുമുണ്ടാകും. പതിനെട്ടോളം നിറങ്ങളിലുള്ള ഷാളുകളാണ് ഒരുക്കിയിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍, വിശിഷ്ടാതിഥികള്‍, ഡീനുമാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട്, എക്സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കമ്മറ്റി അംഗങ്ങള്‍, ഡീനുമാര്‍, സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, വകുപ്പ് അധ്യക്ഷന്മാര്, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ വെവ്വേറെ നിറത്തിലുള്ള ഷാളുകളാണ് അണിയുക.
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ നല്‍കും. കൊമേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്, മാനേജ്മെന്റ് സ്റ്റഡീസ്, മാത്തമാറ്റിക്സ് എന്നീ വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡല്‍ നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ മുഴുവന്‍ പഠന വകുപ്പുകളിലും ഗോള്‍ഡ് മെഡല്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് സര്‍വകലാശാല.
വാര്‍ത്താസമ്മേളനത്തില്‍ വിസി ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന് നമ്പ്യാര്‍, പരീക്ഷാ കണ്ട്രോളര് ഡോ.ആര്. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി. കുമാര്‍, പിആര്‍ഒ കെ. സുജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: