എസ്. സേതുമാധവന്
(മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്)
ആദ്യകാലത്ത് കടലോര പ്രദേശത്ത് പ്രവര്‍ത്തിച്ചതുകൊണ്ട് പുരുഷോത്തമന് മത്സ്യപ്രവര്‍ത്തകരുടെ ഇല്ലായ്മയും വല്ലായ്മയും മനസിലാക്കാന്‍ കഴിഞ്ഞു. മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതലയേറ്റ ശേഷം അവസാനം വരെ അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഓരോ കുടുംബവുമായും അദ്ദേഹത്തിന് ആത്മബന്ധം ഉണ്ടായിരുന്നു. കടലോര പ്രദേശത്ത് മകര സംക്രാന്തി ദിവസം സമുദ്രപൂജ അദേഹത്തിന്റെ പ്രേരണ കൊണ്ട് ആരംഭിച്ചതാണ്. സാംസ്കാരിക തനിമ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു അത്. നിരവധി സ്ഥലങ്ങളില്‍ പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടുള്ള പുരുഷോത്തമന്റെ സവിശേഷത, എല്ലാ കുടുംബങ്ങളുമായി ആത്മീയ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നതാണ്. അവര്‍ക്കെല്ലാം തന്നെ ആദരവ് തോന്നിക്കുന്ന പെരുമാറ്റം, അടുപ്പം, സ്നേഹം… എല്ലാം അദ്ദേഹം എല്ലാകാലത്തും കാത്തുസൂഷിച്ചിരുന്നു. അസുഖബാധിതനായിരുന്നപ്പോഴും അദേഹം യാത്ര മുടക്കിയിരുന്നില്ല.
പ്രതികൂലാവസ്ഥയിലും കടമകള്‍ നിറവേറ്റിയ പ്രചാരകന്
എസ്. സുദര്ശനന്
(ആര്‍എസ്എസ് പ്രാന്തപ്രചാരക് )
സംഘം ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ വളരെ പ്രയാസകരമായ പരിതസ്ഥിതിയിലും കഠിനമായി പ്രയത്നിച്ച് നിറവേറ്റിയ രാഷ്ട്രതാപസനായിരുന്നു പുരുഷേട്ടന്. പുരുഷേട്ടന് രോഗാതുരനായിരുന്നപ്പോള് ആശ്വസിപ്പിക്കാന്‍ വന്ന പ്രവര്‍ത്തകരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഓരോ കുടുംബവുമായും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ ആഴം എത്രയെന്ന് നമുക്ക് ബോധ്യപ്പെടും. കേരളത്തിന്റെ സംഘപ്രവര്‍ത്തന ചരിത്രത്തില്‍ മായാത്ത അടയാളമാണ് പുരുേഷട്ടന് രേഖപ്പെടുത്തിയത്. കടലോര മേഖലയില്‍ ദേശീയബോധം വളര്‍ത്താനും ആ മേഖലയിലെ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കാനും അദ്ദേഹം വലിയ പരിശ്രമങ്ങള്‍ നടത്തിയിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ കാരണം ബൈഠക്കുകള്‍ക്കും മറ്റ് പരിപാടികള്‍ക്കും പങ്കെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രത്യേകമായി വിളിച്ച് തന്റെ അസൗകര്യം അറിയിക്കുമായിരുന്നു. സംഘടനാപരമായ ഈ രീതി മാതൃകാപരമാണ്. പുരുഷേട്ടന്റെ ദേഹവിയോഗം നമ്മുടെയെല്ലാം ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
സ്നേഹത്തിന്റെ പ്രതിരൂപം
പി.എന്‍. ഈശ്വരന്
(ആര്‍എസ്എസ് പ്രാന്ത കാര്യവാഹ്)
നിരവധി ചുമതലകളില്‍ കേരളത്തിന്റെ എല്ലാ ഭാഗത്തും പ്രവര്‍ത്തിച്ചിട്ടുള്ള പുരുഷേട്ടന് സ്വയംസേവകരുടെ ഹൃദയത്തില്‍ എന്നും ജീവിക്കും. പൂജനീയ ഡോക്ടര്‍ജി തന്റെ ജീവിതം കൊണ്ടാണ് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്, പുരുഷേട്ടനും തന്റെ ജീവിതംകൊണ്ട് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്കി. വീട്ടിലെ ഒരംഗത്തെ പോലെയായിരുന്നു സ്വയംസേവകര്‍ക്ക് പുരുഷേട്ടന്. കേരളത്തില്‍ സംഘ പ്രവര്‍ത്തനത്തിന് വേരുപിടിപ്പിച്ച ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം.
‘മത്സ്യപ്രവര്‍ത്തക സംഘാടനത്തിനായി കാല്‍നൂറ്റാണ്ട് മാറ്റിവച്ച കര്‍മയോഗി’
പി.പി. ഉദയഘോഷ്
(ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ്)
മുതിര്‍ന്ന സംഘ പ്രചാരകന് കെ. പുരുഷോത്തമന് തന്റെ 55 വര്‍ഷത്തെ പ്രചാരക ജീവിതത്തിന്റെ സിംഹഭാഗവും അസംഘടിതരായ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാനാണു വിനിയോഗിച്ചത്.
1996 മുതല്‍ 10 വര്‍ഷം സംഘടനാ ചുമതലയുള്ള പ്രഭാരിയായും തുടര്‍ന്നുള്ള 15 വര്‍ഷക്കാലം സംഘടനാ സെക്രട്ടറിയായും അദ്ദേഹം ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തെ നയിച്ചു. മത്സ്യത്തൊഴിലാളികളുടെ വിവിധ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയും വാഹന പ്രചരണ ജാഥകള്‍ സംഘടിപ്പിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്ത രീതികള്‍ പുതിയ നേതൃത്വത്തിന് എന്നും പ്രചോദനമാണ്.
തീരദേശത്തെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും ആവശ്യമായ പരിശീലനം നല്‍കുന്നതിനായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവരെ പങ്കെടുപ്പിച്ചുള്ള ക്യാമ്പുകള്‍ എല്ലാ വര്‍ഷവും നടത്തുന്നതില്‍ അദ്ദേഹത്തിന്റെ ജാഗ്രത സമരണീയമാണ്.
മാറാട് മത്സ്യത്തൊഴിലാളികളെ ഭീകരര്‍ കൂട്ടക്കുരുതി നടത്തിയ സന്ദര്‍ഭത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തെ സജ്ജമാക്കിയതും അദ്ദേഹത്തിലെ സംഘാടകനായിരുന്നു.
2004 ല്‍ സുനാമി ഒട്ടേറെ പേരുടെ മരണത്തിനും വലിയ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയപ്പോള്‍ അവിടെ മത്സ്യപ്രവര്‍ത്തക സംഘ പ്രവര്‍ത്തകരെ വിനിയോഗിച്ച് ആവശ്യമായ സേവന പ്രവര്‍ത്തനം നടത്തുന്നതിലും അദ്ദേഹം വ്യാപൃതനായിരുന്നു.
2018 ല്‍ പ്രളയ സമയത്ത് വിവിധ ജില്ലകളില്‍ നിരവധി വള്ളങ്ങള്‍ അയച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. തീരദേശ മേഖലയിലെ ഓരോ സ്പന്ദനവും തിരിച്ചറിഞ്ഞ മികച്ച സംഘാടകനെയാണ് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: