മോസ്കോ: ആര്‍ട്ടിക് ജയിലില്‍ തടവു ശിക്ഷ അനുഭവിക്കുന്നതിനിടെ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്നിഅന്തരിച്ചു എന്ന റിപ്പോര്‍ട്ടു വരുന്നത് റഷ്യ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍. അതികൊണ്ടു തന്നെ സംശയത്തിന്റെ മുന പ്രസിഡന്റ് വ്ലാദിമീര്‍ പുടിനിലേക്കും നീളുന്നു. വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തയാറെടുപ്പിലാണ് പുടിന്.
പുടിന്റെ ശക്തനായ എതിരാളിയായിരുന്നു അഭിഭാഷകന് കൂടിയായ നവല്‍നി. ജനകീയ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അഴിമതിയിലൂന്നിയ ഏകാധിപത്യ സംവിധാനമാണ് പുടിന്റേതെന്നായിരുന്നു നവല്‍നിയുടെ വാദം. 2011ല്‍ പൂടിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആദ്യം അറസ്റ്റിലായവരില്‍ ഒരാളായിരുന്നു നവല്‍നി. 2013ല്‍ മോസ്കോയില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. പിന്നീട് വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വിലക്കുകയും ചെയ്തു. എന്നാല്‍ 2018ലെ റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന്റെ എതിരാളിയായിരുന്നു അദ്ദേഹം. പുടിന് ഏറ്റവും പേടിക്കുന്ന വ്യക്തി എന്നാണ് വാള് സ്ട്രീറ്റ് ജേണല്‍ നവല്‍നിയെ വിശേഷിപ്പിച്ചത്.
2020ല്‍ അദ്ദേഹത്തിന് നേരെ വധശ്രമവുമുണ്ടായി. സൈബീരിയയില്‍ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ അദ്ദേഹം അബോധാവസ്ഥയിലായി. വിഷം ഉള്ളില്‍ ചെന്നെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. പുടിന്റെ അറിവോടെ വിഷം നല്‍കുകയായിരുന്നു എന്നായിരുന്നു ആരോപണം. എന്നാലിത് റഷ്യ തള്ളിക്കളഞ്ഞു. ആദ്യം സൈബീരിയയിലും പിന്നീട് ബെര്ലിനിലുമായിരുന്നു ചികിത്സ. പിന്നീട് 2021 ജനുവരിയില്‍ റഷ്യയില്‍ തിരിച്ചെത്തി. പിന്നാലെയായിരുന്നു അറസ്റ്റ്. വഞ്ചനാകുറ്റത്തിന് പതിനൊന്നര വര്‍ഷത്തെ തടവാണ് കോടതി ആദ്യം വിധിച്ചത്. പിന്നാലെ ഭീകരവാദത്തിന് ധനസഹായം നല്‍കിയെന്നാരോപിച്ച് 19 വര്‍ഷത്തെ അധികതടവിന് കൂടി ശിക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: