ഹൈദരാബാദ്: ഘട്കേസറില്‍ ആര്‍എസ്എസ് ഘോഷ് വാദക സംഘം അവതരിപ്പിച്ച സ്വരഝരി വിസ്മയമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും ഓസ്കര് ജേതാവ് എം.എം. കീരവാണിയുടെയും സാന്നിധ്യത്തിലാണ് തെരഞ്ഞെടുത്ത എണ്‍പത്തൊന്ന് സ്വയംസേവകര്‍ ശംഖും വംശിയും ആനകുമടക്കമുള്ള പരമ്പരാഗത ഘോഷ് വാദ്യോപകരണങ്ങളില്‍ പുതിയ സംഗീതരചനകള്‍ അവതരിപ്പിക്കുകയും അതിന് അനുസരിച്ച് സഞ്ചലനം നടത്തുകയും ചെയ്തത്.
ശംഖ്, വേണു (സൈഡ് ഫഌട്ട്), ശൃംഗ (ബ്രാസ് ബാന്‍ഡ്), ആനക് (സൈഡ് ഡ്രം), പണവ (ബാസ് ഡ്രം), ഝല്ലരി, ത്രിഭുജ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭാരതീയ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനകള്‍ സ്വയംസേവകര്‍ വായിച്ചു.
പതിമൂന്നുകാരന് മുതല്‍ അറുപത്താറുകാരന്വരെ ഘോഷ് പ്രദര്‍ശനത്തില്‍ അണിനിരന്നു. രാഷ്ട്രത്തിന്റെ സാംസ്കാരിക നവോത്ഥാനത്തില്‍ കലയും സംഗീതവും വലിയ തോതില്‍ സംഭാവന ചെയ്തിട്ടുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു.
ശിവലിംഗ, ത്രിശൂല്‍, രാം മന്ദിര്‍, കോദണ്ഡം, നാവികസേനയുടെ പുതിയ ലോഗോ, ശിവജിയുടെ അഷ്ടഭുജ കപ്പല്‍, തേജസ് വിമാനം, ലാന്‍ഡര്‍ വിക്രം തുടങ്ങിയവയുടെ രൂപത്തില്‍ സ്വയംസേവകര്‍ വ്യൂഹരചനകള് തീര്‍ത്തു.
പ്രശസ്ത സംഗീതജ്ഞരായ ആര്.പി.പട്നായിക്, കോമണ്ഡൂരി രാമാചാരി, കെ.എം. രാധാകൃഷ്ണ, എം.എം. ശ്രീലേഖ, സംഗീതജ്ഞരായ പ്രേമ രാംമൂര്‍ത്തി, വേണുഗാന പണ്ഡിതര്‍, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാക്കള്‍, മറ്റ് സംഗീതജ്ഞര്‍, എന്നിവര്‍ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: