തൃശ്ശൂര്‍: മഹാരാഷ്ട്രയില്‍ വച്ച് ട്രെയിനില്‍ അബോധാവസ്ഥയിലായി ആശുപത്രിയിലായ യുവാവിനെ മലയാളി സംഘടനകള്‍ ഇടപെട്ട് ഇന്ന് തൃശൂരിലെത്തിക്കും. അരിമ്പൂര്‍ സ്വദേശി എറണാട്ടില് ശ്രീകുമാര്‍ (43) ആണ് കരളിന്റെ പ്രവര്‍ത്തനം പാതി നിലച്ച് അബോധാവസ്ഥയിലുള്ളത്. ശ്രീകുമാറിനെയും കൊണ്ടുള്ള ആംബുലന്‍സ് വസായിയില്‍ നിന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തും.
തൃശ്ശൂരില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ശ്രീകുമാര്‍. വിദേശജോലി സംബന്ധമായ കാര്യത്തിനായി ചണ്ഡിഗഢില്‍ പോയി ഏജന്റിനെ കണ്ട ഇദ്ദേഹം 7ന് ചണ്ടിഗഢ്- കൊച്ചുവേളി ട്രെയിനിലാണ് നാട്ടിലേക്ക് മടങ്ങിയത്. പുലര്‍ച്ചെ ട്രെയിനി
ല്‍ വച്ച് ബോധം നഷ്ടപ്പെട്ട ശ്രീകുമാറിനെ സഹയാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഇടപെട്ട് മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് റെയില്‍വെ ആംബുലന്‍സില്‍ അടുത്തുള്ള ജനസേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലാതായതോടെ ശ്രീകുമാറിനെ വസായിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരും മലയാളി സമാജം ഭാരവാഹികളും ചേര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാന്തിവല്ലി ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ബന്ധു സന്ദീപും കൂടെയുണ്ട്.
മഹാനഗരത്തില്‍ ഭാഷയറിയാതെ കുഴങ്ങിയ സന്ദീപിനെയും അബോധാവസ്ഥയിലായ ശ്രീകുമാറിനും രാപകലില്ലാതെ സഹായത്തിനായി ഫെയ്മ എന്ന സംഘടനയുടെ പ്രതിനിധികളാണ് കൂടെ നിന്നത്. വിഷമസന്ധികളിലും അത്യാഹിതങ്ങളിലും പെട്ടുപോകുന്ന പ്രവാസി മലയാളികള്‍ക്ക് സഹായം എത്തിക്കുന്ന സംഘടനയാണ് ഫെയ്മ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറേഷന് ഓഫ് ആള് ഇന്ത്യ മലയാളി അസോസിയേഷന്.
ആശുപത്രിയില്‍ ബസ്സീന് കേരള സമാജം പ്രസിഡന്റ് പി.വി.കെ. നമ്പ്യാര്‍, സെക്രട്ടറി എം.കെ. വിദ്യാധരന്, ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി അധ്യക്ഷ അനു ബി. നായര്‍, ബോറിവല്ലി മലയാളി സമാജം സെക്രട്ടറി അനില്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീകുമാറിനെ പരിചരിക്കുന്നതിനൊപ്പം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി.
കഴിഞ്ഞദിവസം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, വാര്‍ഡ് അംഗം സി.പി. പോള്‍ എന്നിവരെ വിവരം അറിയിച്ചു. അബോധാവസ്ഥയില്‍ കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ച ശ്രീകുമാറിനെ നാട്ടിലെത്തിക്കണമെങ്കില്‍ ആംബുലന്‍സിനായി 80,000 രൂപ വേണം. എല്ലാം ദ്രുതഗതിയില്‍ നടന്നു. സി.പി. പോളിന്റെ നേതൃത്വത്തില്‍ നാട്ടിലെ ഒരു വ്യക്തിയെ കൊണ്ട് 50,000 രൂപ ഉടന്‍ തയ്യാറാക്കി.
മുംബൈയിലെ വിവിധ സാമൂഹിക ജീവകാരുണ്യ സംഘടനകളും അനു ബി. നായര്‍, ബോറിവല്ലിയിലെ ജീവകാരുണ്യ പ്രവര്‍ത്തക സിന്ധുറാം തുടങ്ങിയവരും ചേര്‍ന്ന് ബാക്കി 30,000 നല്കി.
ശ്രീകുമാറിനെ നാട്ടിലെ ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു കഴിഞ്ഞതായി ഫെയ്മ മഹാരാഷ്ട്ര ഘടകം ജനറല്‍ കണ്‍വീനര്‍ കെ.വൈ. സുധീര്‍ പറഞ്ഞു. പാരാ മെഡിക്കല്‍ സ്റ്റാഫുകളുമായി സെമി വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് ശ്രീകുമാറിനെയും കൊണ്ട് ഇന്ന് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡി. കോളേജിലെത്തും. ആംബുലന്‍സ് കടന്നുവരുന്ന സംസ്ഥാനങ്ങളില്‍ സഹായത്തിനായി മലയാളി സംഘടനകള്‍ സജ്ജമായി നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: