ലണ്ടന്‍: ഫുട്ബോള്‍ മത്സരത്തിനിടെ താരത്തിന് നേര്‍ക്ക് ഗാലറിയിലിരുന്ന് വംശീയാധിക്ഷേപം നടത്തിയ ആള്‍ക്ക് ഇംഗ്ലണ്ടില്‍ ഒമ്പത് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ഫോറെസ്റ്റ് ഗ്രീന്‍ റോവേഴ്സ് സ്ട്രാക്കര്‍ ജോര്‍ദാന്‍ ഗാരിക്കിനെ അപഹസിച്ചതിന്റെ പേരിലാണ് കോടതിയുടെ നടപടി. ജമൈക്കന്‍ വംശജനായ ഗാരിക്ക് നിലവില്‍ ഇംഗ്ലീഷ് പൗരനാണ്. 23കാരനായ റയാന് ഫെര്ഗ്യൂസന് എന്നയാള്‍ക്കാണ് ഗ്ലൗസെസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്.
മുന്‍നിരയില്‍ നല്ലരീതിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ജോര്‍ദാന്‍ ഗാരിക്കിനെ പോലെ മികച്ചൊരു താരത്തിന് നേര്‍ക്ക് എങ്ങനെ വര്‍ണവെറി ആക്ഷേപം നടത്താന്‍ തോന്നിയെന്ന് ശിക്ഷ വിധിച്ച ജഡ്ജി ചോദിച്ചു. വര്‍ണവെറി വലിയ പ്രശ്നമായി ഉയര്‍ന്നു നില്ക്കുന്ന ഈ കാലത്ത് ഫെര്‍ഗൂസന്റെ ഭാഗത്ത് നിന്നുണ്ടായത് നാണംകെട്ട പെരുമാറ്റമാണെന്ന് കോടതി വിലയിരുത്തി.
കഴിഞ്ഞ ഏപ്രല്‍ 18ന് ഫോറസ്റ്റ് ഗ്രീന്‍ റോവേഴ്സും ഫഌറ്റ്വൂഡ് ടൗണും തമ്മില്‍ നടന്ന മത്സരത്തിനിടെ ആണ് ഫെര്ഗൂസന് ഗാരിക്കിന് നേരെ രൂക്ഷമായി നിര്‍ത്താതെ വര്‍ണവെറി പരിഹാസം ചൊരിഞ്ഞത്. സഹതാരങ്ങള്‍ കളി വരെ നിര്‍ത്തി മാച്ച് റഫറിയോട് പരാതി പറയുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍. ഈ സംഭവത്തിലാണ് കോടതി ഇന്നലെ തടവ് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: