കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്സിന്റെ പാഠ്യപദ്ധതി എങ്ങനെ രൂപപ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാനാവില്ലെന്നും വിദഗ്ധര്‍ തീരുമാനിക്കേണ്ട നയമേഖലയിലെ വിഷയങ്ങളാണിതെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവര്‍ത്തിക്കുന്ന തരത്തില്‍ പാഠ്യപദ്ധതി പുനര്‍രൂപകല്‍പ്പന ചെയ്യണമെന്നാവശ്യപ്പെട്ട് ഗവണ്മെന്റ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ (ഐടിഐ) വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. ശനിയാഴ്ച അവധി ദിവസമാക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഐടിഐയിലെ കോഴ്സ് ഫുള്‍ ടൈം ആയി അംഗീകരിക്കപ്പെട്ടതിനാല്‍, സാധാരണയും പ്രത്യേക അനുമതിയും കൂടാതെ മറ്റൊരു കോഴ്സ് പഠിക്കാനോ മറ്റേതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനോ ഒരു വിദ്യാര്‍ത്ഥിക്കും അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞൂ. ഈ വസ്തുത തര്‍ക്കമില്ലാതെ തുടരുമ്പോള്‍, ശനിയാഴ്ചകള് അവധി ആക്കണമെന്ന് ഹര്ജിക്കാരന് എങ്ങനെ ആവശ്യപ്പെടാനാകുമെന്ന് കോടതി ചോദിച്ചു.
ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐടിഐയ്ക്കൊപ്പം മറ്റ് അനുവദനീയമായ കോഴ്സുകള്‍ കൂടി ചെയ്ത് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: