നായകനായും പരിശീലകനായും ലോകകപ്പു നേടിയ ഫ്രാന്‍സ് ബക്കന്‍ബോവര്‍ എന്ന ജര്‍മന്‍ ഫുട്ബോള്‍ താരം, മൈതാനത്തും ആരാധക മനസ്സിലും മായാത്ത മുദ്ര പതിപ്പിച്ചാണു മരണത്തിലേക്കു കടന്നുപോയത്. ആ പേര് എന്നെന്നും ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കും. മുന്‍നിരക്കാരനായും മധ്യനിരക്കാരനായും പിന്നിരക്കാരനായും മികവു തെളിയിച്ചു. ദേശീയ ടീമിലും ക്ലബ് ഫുട്ബോളില്‍ ബയണ്‍ മ്യൂണിക്കിന്റെ ജഴ്സിയിലും തിളങ്ങി. കളിയില്‍ ആവേശത്തിനും കളിമികവിനും അപ്പുറം സ്വയം നിയന്ത്രണത്തിനും സ്ഥാനമുണ്ടെന്ന് 1974 ല്‍ പശ്ചിമജര്‍മനിയെ ലോകവിജയത്തിലെത്തിച്ച് ബോവര്‍ തെളിയിച്ചു. അടുത്ത നൂറ്റാണ്ടിന്റെ ഫുട്ബോളെന്നു ലോകം വിലയിരുത്തിയ ഹോളണ്ടിന്റെ ടോട്ടല്‍ ഫുട്ബോള്‍ എന്ന അത്ഭുതത്തെ ബക്കന് ബോവറുടെ ടീം ഫൈനലില്‍ മറികടന്നത് സമചിത്തതയില്‍ ഊന്നിയ കളിയിലൂടെയായിരുന്നു.
യോഹാന്‍ ക്രൈഫിന്റെ ആ ടീമിനെതിരെ സ്വന്തം ബൂട്ടിന്റെ ബലത്തിലും നേതൃത്വത്തിന്റെ മികവിലും തന്റെ ടീമിനെയാകെ താങ്ങിക്കൊണ്ടു പിന്‍നിരയില്‍ നിന്നു മൈതാനം മുഴുവന്‍ നിയന്ത്രിച്ചു. ആരാധകര്‍ അദ്ദേഹത്തെ കൈസര്‍ എന്നു വിളിച്ചു. ഫുട്ബോളിലെ ഫീല്‍ഡ് മാര്‍ഷലായും മിഡ്ഫീല്‍ഡ് ജനറലായും വിശേഷിപ്പിക്കപ്പെട്ടു. പ്രതിരോധനിരയിലെ സ്വീപ്പര്ബോക്ക് സ്ഥാനത്തിന്റെ ഉപജ്ഞാതാവും കൈസര്‍ ഫ്രാന്‍സ് എന്ന് അറിയപ്പെട്ടിരുന്ന ഈ നായകന് തന്നെ. പെലെയെ ഫുട്ബോള്‍ ലോകം രാജാവായി വാഴ്ത്തിയപ്പോള്‍ ജര്‍മന്‍കാര്‍ ബക്കന്ബോവറെ ചക്രവര്‍ത്തിയായി വാഴിച്ചു. വിടവാങ്ങലിനു ശേഷം 1986 ലെ ലോകകപ്പില്‍ ജര്‍മന്‍ പരിശീലകനായെങ്കിലും ടീം ഫൈനലില്‍ മറഡോണയുടെ അര്‍ജന്റീനയോടു തോറ്റു. നാലുവര്‍ഷത്തിനു ശേഷം അര്ജന്റീനയെത്തന്നെ ഫൈനലില്‍ കീഴടക്കി ബക്കന് ബോവറുടെ ജര്‍മനി ലോകകപ്പു നേടി. ഫുട്ബോളില്‍ താരപരിവേഷമുള്ളവര്‍ പലരുമുണ്ടാകും. എങ്കിലും പെലെയേയും ക്രൈഫിനേയും മറഡോണയേയുമൊക്കെ പോലെ കാലത്തെ അതിജീവിക്കുന്നവര്‍ അധികമുണ്ടാവില്ല. ആ നിരയിലാണ് ബക്കന് ബോവറുടെ സ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: