കൊല്‍ക്കത്ത: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനും ബംഗ്ലാദേശിനും ഇന്ന് ജീവന്മരണപോരാട്ടം. ഇന്ന് ജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമി പ്രവേശനത്തിനുള്ള നേരിയ സാധ്യത നിലനിര്‍ത്താനാകൂ. നിലവില്‍ ആറ് മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന് നാല് തോല്‍വിയും രണ്ട് വിജയവുമടക്കം നാല് പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ്. പാകിസ്ഥാന് ഇന്നത്തെ കളിക്ക് പുറമെ ബാക്കി നേരിടാനുള്ളത് ന്യൂസിലാന്‍ഡിനെയും ഇംഗ്ലണ്ടിനെയുമാണ്.
ഈ മൂന്ന് കളികളിലും ജയിക്കുന്നതിനോടൊപ്പം മറ്റു മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും അവരുടെ സെമി സാധ്യത കുറച്ചെങ്കിലും നിലനില്ക്കുക. ഇന്ന് ബംഗ്ലാദേശിനോട് തോറ്റാല്‍ മിക്കവാറും അവര്‍ സെമി കാണാതെ പുറത്തായേക്കും. ബാ്റ്റര്മാരും ബൗളര്‍മാരും ഉള്‍പ്പെടെ ഒരാളും മികച്ച ഫോമിലേക്കെത്താത്തതാണ് അവര്‍ക്ക് കഴിഞ്ഞ് കളികളില്‍ തിരിച്ചടിയായത്.
മറുവശത്ത് ബംഗ്ലാദേശ് ആറ് കളികളില്‍ അഞ്ചിലും തോറ്റ് രണ്ട് പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. ബംഗ്ലദേശിന്റെ സെമി സ്വപ്നം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. ഇന്ന് പാകിസ്ഥാനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നതോടൊപ്പം ബാക്കിയുള്ള രണ്ട് കളികളും വന്‍ വിജയം നേടുകയും പോയിന്റ് പട്ടികയില്‍ മുന്നിലുള്ള നാല് ടീമുകള്‍ ഇനി ജയിക്കാതിരിക്കുകയും ഒപ്പം നെറ്റ് റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തുകയും ചെയ്താലേ ബംഗ്ലാദേശിന്റെ സെമി പ്രവേശനത്തിന് വളരെ നേരിയ സാധ്യത നിലനില്‍ക്കൂ. എന്നാല്‍ അത്തരം അത്ഭുതം അവരെ സംബന്ധിച്ച് വളരെ ഉയരെയാണ്. ഇന്നത്തെ കളിക്ക് പുറമെ ബംഗ്ലാദേശിന് നേരിടാനുള്ളത് ശ്രീലങ്കയെയും ഓസ്ട്രേലിയയെയുമാണ്. ഇതില്‍ ഓസ്ട്രേലിയക്കെതിരെ വിജയിക്കുക എന്നത് നിലവിലെ പ്രകടനം വച്ച് നോക്കിയാല്‍ ഏറെ പ്രയാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: