സഹകരണ ബാങ്കുകളില്‍ സംഘടനാ ബലവും അധികാരവും ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയെയും കൊള്ളയെയും കള്ളപ്പണം വെളുപ്പിക്കലിനെയും മറച്ചുപിടിക്കാനും, ഇതു ചെയ്ത പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാനും സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഏതറ്റംവരെയും പോകുമെന്ന് ഉറപ്പാണ്. ഇതിന് തെളിവാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണംതിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയതിന് ബിജെപി നേതാവും മുന്‍ എംപിയുമായ സുരേഷ് ഗോപിക്കും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
കരുവന്നൂര്‍ സഹകരണ ബാങ്കു മുതല്‍ അയ്യന്തോളിലെ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കുവരെയുള്ള പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടന്നത്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പദയാത്ര ഒരിടത്തുപോലും വാഹനങ്ങള്‍ തടയുകയോ ഗതാഗത തടസ്സമുണ്ടാക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെയൊരു പരാതി ആരില്‍നിന്നും ഉയര്‍ന്നില്ല. ഒരു മാധ്യമവും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എന്നിട്ടാണ് പദയാത്രനടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞ് സുരേഷ്ഗോപിക്കും മറ്റുമെതിരെ കള്ളക്കേസെടുത്തിരിക്കുന്നത്. കൃത്യമായ രാഷ്ട്രീയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേസിനെ ഭയമില്ലെന്നും പാവങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സുരേഷ് ഗോപി പ്രഖ്യാപിച്ചിരിക്കുകയാണ്. അറസ്റ്റുണ്ടായാല്‍ സുരേഷ് ഗോപിക്കൊപ്പം ആയിരങ്ങള്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ബിജെപിയും വ്യക്തമാക്കിയിരിക്കുന്നു.
കരുവന്നൂരിലെയും മറ്റിടങ്ങളിലെയും സഹകരണ ബാങ്കുകളില്‍ സിപിഎമ്മുകാര്‍ നടത്തിയിട്ടുള്ള അഴിമതികള്‍ ഓരോന്നായി പുറത്തുവരികയാണ്. ഈ പ്രശ്നം കരുവന്നൂരില്‍ മാത്രമായി ഒതുക്കാനാണ് സിപിഎമ്മും സര്‍ക്കാരും തുടക്കത്തില്‍ ശ്രമിച്ചത്. കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത് ഇതിനുവേണ്ടിയായിരുന്നു. ചിലരെ സ്ഥലംമാറ്റിയും മറ്റു ചിലരെ സസ്പെന്‍ഡ് ചെയ്തും കേസ് ഒതുക്കിത്തീര്‍ക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും ശ്രമിച്ചെങ്കിലും അതില്‍ വിജയിച്ചില്ല. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണബാങ്കുകള്‍ വഴി സഹസ്രകോടികളുടെ കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ട് എന്നു മനസ്സിലാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഏറ്റെടുത്തതോടെ സിപിഎം അങ്കലാപ്പിലായി. നിരവധി പാര്‍ട്ടി നേതാക്കളെ ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇവരില്‍നിന്ന് നടുക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ചില പ്രമുഖ സിപിഎം നേതാക്കളെ ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് പാര്‍ട്ടി നേതൃത്വത്തെ പിടിച്ചുകുലുക്കി. ഇതിനിടെയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടന്നതും, സംസ്ഥാന വ്യാപകമായി അതിന് അനുകൂലമായ പ്രതികരണം ലഭിച്ചതും. ഇതിനോട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നില്ല. ഇതു സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടിയല്ല, നടപടിയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
തട്ടിപ്പ് നടന്ന മറ്റു സഹകരണ ബാങ്കുകളിലേക്കും പ്രതിഷേധയാത്ര നടക്കുമെന്ന ഭീതി സിപിഎമ്മിനുണ്ട്. കരുവന്നൂര്‍ പദയാത്രയുടെ പേരില്‍ കേസെടുത്ത് സുരേഷ് ഗോപിയെ ഭയപ്പെടുത്തി പിന്മാറ്റാമെന്ന കണക്കുകൂട്ടലാണ് സര്‍ക്കാരിനുള്ളത്. എന്നാലിത് ജനരോഷം ക്ഷണിച്ചുവരുത്തുകയേയുള്ളൂ. അഴിമതിക്കാരെയും കൊള്ളക്കാരെയും ജയിലിലടയ്ക്കണമെന്ന ആവശ്യം ജനങ്ങളില്‍ ശക്തിപ്പെടുകയാണ്.
പാവങ്ങള്‍ നിക്ഷേപിച്ച പണം കട്ടുമുടിച്ചവരെയും കള്ളപ്പണം വെളുപ്പിച്ചവരെയുമൊക്കെ അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ ഏതറ്റംവരെയും പോയി സംരക്ഷിക്കുമ്പോഴാണ്, പാവങ്ങളുടെ പണം തിരിച്ചുനല്‍കണമെന്നു പറയുന്ന സുരേഷ് ഗോപിയെപ്പോലുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്! നീതിനിഷേധം എന്നതിനുപരി നീതിയെ പ്രഹസനമാക്കി മാറ്റുന്ന രീതിയാണിത്. പിണറായി ഭരണത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവവുമല്ല. സിപിഎമ്മും മന്ത്രിമാരും പ്രതിക്കൂട്ടില്‍ വരുന്ന കേസുകളില്‍ പോലീസിനെയും വിജിലന്‍സിനെയുമൊക്കെ ഉപയോഗിച്ച്, പ്രതിഷേധിക്കുന്നവരെയും പരാതിക്കാരെയും വേട്ടയാടുകയെന്നത് പിണറായി സര്‍ക്കാരിന്റെ ഔദ്യോഗിക നയമാണ്. മുഖ്യമന്ത്രിയും കുടുംബവും പ്രതിക്കൂട്ടിലായ ലൈഫ്മിഷന് അഴിമതി കേസില്‍ ക്രൈംബ്രാഞ്ചിനെ ഇറക്കി തെളിവ് നശിപ്പിച്ചു. സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അവര്‍ക്കെതിരെ പോലീസിനെ വിട്ടു. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളുന്നയിച്ചപ്പോള്‍ കുഴല്നാടനെതിരെയും വിജിലന്‍സ് കേസെടുത്തു.
രാജ്യാന്തര ബന്ധമുള്ള വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് മുറവിളികൂട്ടുന്നവരാണ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്കെതിരെ പോലീസിനെ കയറൂരിവിടുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാതെയും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെയും ബ്ലാക്ക് മെയിലിങ്ങുകളില്‍ വീഴാതെയും അഴിമതിക്കെതിരെ പോരാടുന്നവരെ അടിച്ചമര്‍ത്താനും ജയിലിലടയ്ക്കാനുമുള്ള ശ്രമങ്ങളെ സര്‍വശക്തിയുമെടുത്ത് പ്രതിരോധിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: