പുതുക്കാട്: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ കണ്ടറിയാന്‍ സുരേഷ് ഗോപി എത്തി. പുതുക്കാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ കോഫി വിത്ത് സുരേഷ്ഗോപി പരിപാടിയാണ് ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.
സാധാരണക്കാരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ സുരേഷ് ഗോപി എത്തിയപ്പോള്‍ ഓരോ പരിപാടിയിലും തടിച്ചു കൂടിയത് നൂറുകണക്കിനാളുകള്‍. സങ്കടം പറഞ്ഞും നിവേദനങ്ങള്‍ നല്‍കിയും ഒരു കൂട്ടം അടുത്തുകൂടിയപ്പോള്‍ മറ്റു ചിലര്‍ക്ക് പ്രിയ താരത്തോടൊപ്പം ഒരു ഫോട്ടോ മതിയായിരുന്നു. പുതുക്കാട് മണ്ഡലത്തിലെ നാല് കേന്ദ്രങ്ങളിലാണ് ഇന്നലെ കോഫി വിത്ത് സുരേഷ് ഗോപി പരിപാടി നടന്നത്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുതല്‍ വ്യക്തിപരമായ സങ്കടങ്ങള്‍ വരെ സുരേഷ് ഗോപിയുടെ മുന്നിലെത്തി. എല്ലാം അദ്ദേഹം കുറിച്ചെടുത്തു. പലതിനും അപ്പോള്‍ തന്നെ പരിഹാര നിര്‍ദ്ദേശങ്ങളും ഉണ്ടായി.
വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും, വ്യാപാരി സംഘടന നേതാക്കളും, പൊജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഓട്ടിസം ബാധിതനായ അശ്വിന് ഹരിഹരന്റെ പ്രാര്‍ത്ഥനയോടെയാണ് പുതുക്കാട് മണ്ഡലത്തിന്റെ ആദ്യ പരിപാടി സീജി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചത്. ചടങ്ങില്‍ പങ്കെടുത്ത കാഴ്ചശേഷിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനായ വരന്തരപ്പിള്ളി സ്വദേശി മണികണ്ഠന് വീടുവെക്കാനുള്ള സ്ഥലം വാങ്ങുന്നതിനാവശ്യമായ 80,000 രൂപ നല്‍കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി.
മൂന്നുമണിക്കൂര്‍ നീണ്ട സംവാദത്തിന് ശേഷം പരിപാടിക്ക് എത്തിയവരോടൊത്ത് കാപ്പിയും ലഘുഭക്ഷണവും കഴിച്ചാണ് സുരേഷ്ഗോപി മടങ്ങിയത്. പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി.രാജേഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാര്‍, വി.വി.രാജേഷ്, എന്‍.ആര്.റോഷന്, സുരേന്ദ്രന് ഐനിക്കുന്നത്ത്, രവികുമാര്‍ ഉപ്പത്ത്, റിസണ്‍ ചെവിടന്‍, വിജു തച്ചംകുളം, രാഹുല്‍ നന്തിക്കര, ജിബിന്‍ പുതുപ്പുള്ളി, രാമദാസ് വൈലൂര്‍, സന്ദീപ്, ഷിനോജ്, നിശാന്ത് അയ്യഞ്ചിറ, രശ്മി ശ്രീഷോബ്, വിനി ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: