തൃശൂര്‍ : കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ ഗോളക പുതുക്കിപ്പണിയാന്‍ നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹത. ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണ ഉരുപ്പടികളുടെ സ്റ്റോക്കിലും ക്രമക്കേടുണ്ടെന്ന് ആരോപണം. സ്റ്റോക്ക് കണക്കെടുത്തിട്ട് വര്‍ഷങ്ങളായി.
2006 ല്‍ ക്ഷേത്രത്തിലെ ഗോളക മോഷണം പോവുകയായിരുന്നു. ഏറെ താമസിയാതെ പ്രതികള്‍ പിടിയിലായി. ഗോളക പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. നിയമ നടപടികള്‍ക്ക് ശേഷം ഇത് ഉരുക്കി കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗോളക നിര്‍മ്മിക്കാന്‍ സ്വര്‍ണം വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഭക്തരും ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. 2.92 കിലോഗ്രാം സ്വര്‍ണമാണ് ഇതിലുള്ളത്. കൂടാതെ ഗോളക പുനര്‍ നിര്‍മ്മിക്കുന്നതിനായി ഭക്തജനങ്ങളുടെ സംഭാവനയായി ലഭിച്ച 436 ഗ്രാം സ്വര്‍ണവും ദേവസ്വം ബോര്‍ഡിന്റെ പക്കലുണ്ട്. പലവട്ടം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടി ഉണ്ടാകുന്നില്ലെന്നാണ് ഭക്തരുടെ പരാതി.
ക്ഷേത്രത്തിലെ സ്വര്‍ണ്ണം വെള്ളി സ്റ്റോക്കെടുപ്പ് സംബന്ധിച്ചും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. തിരുവാഭരണങ്ങളും മറ്റ് സ്വര്‍ണ്ണ ഉരുപ്പടികളും സംബന്ധിച്ച കണക്കെടുത്തിട്ട് വര്‍ഷങ്ങളായെന്നാണ് പരാതി. ദേവസ്വം ഓഫീസര്‍മാര്‍ ചുമതല മാറുമ്പോള്‍ സാധാരണഗതിയില്‍ കണക്കെടുപ്പ് നടത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് നിലച്ചിരിക്കുകയാണ്. ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ ഇടയുണ്ടെന്ന് ഭക്തര്‍ ആശങ്കപ്പെടുന്നു.
കൊച്ചി രാജാവിന്റെ ഉടമസ്ഥതയിലായിരുന്ന ഊരകം ക്ഷേത്രത്തിലെയും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെയും നെറ്റിപ്പട്ടങ്ങള്‍ വിറ്റാണ് കൊച്ചി- ഷൊര്‍ണൂര്‍ റെയില്‍പാത നിര്‍മ്മിക്കുന്നതിനായി അന്ന് പണം നല്‍കിയത്. ഇതിന് പുറമേ തിരുവാഭരണങ്ങള്‍ അടക്കം ഒട്ടേറെ സ്വര്‍ണവും രത്നങ്ങളും ക്ഷേത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പലതും നഷ്ടപ്പെട്ട നിലയിലാണ്. 2007 ലെ സ്റ്റോക്കെടുപ്പില്‍ 47.28 ഗ്രാം സ്വര്‍ണത്തിന്റെ കുറവ് കണ്ടതിനെ തുടര്‍ന്ന് അന്നത്തെ ദേവസ്വം ഓഫീസറോട് നഷ്ടപരിഹാരമായി ഒന്നേ മുക്കാല്‍ ലക്ഷം രൂപ അടക്കാന്‍ ദേവസ്വം ഉത്തരവായിരുന്നു. ഓഫീസര്‍ താനല്ല ഉത്തരവാദിയെന്ന് കാണിച്ച് കോടതിയില്‍ പോയി. വിഷയം ഇപ്പോള്‍ കോടതി നടപടികളില്‍ കുടുങ്ങിക്കിടക്കുകയാണ്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നാണ് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നത്.
ദേവസ്വത്തിന്റെ അനാസ്ഥ മൂലം ക്ഷേത്രം ജീര്‍ണാവസ്ഥയിലാണെന്നും പുനരുദ്ധാരണത്തിന് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഭക്തര്‍ക്ക് പരാതിയുണ്ട്. ശ്രീമൂലസ്ഥാനത്തെ തറ ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നായ ഊരകം അമ്മ തിരുവടി ക്ഷേത്രം ആറാട്ടുപുഴ പൂരത്തില്‍ പങ്കാളികളാണ്. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തിന്റെ ജീര്‍ണാവസ്ഥ ഭക്തരെയും നാട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തുന്നതായി മുന്‍ ഭരണസമിതിയംഗങ്ങളായ പി.മുരളീധരന്, പ്രദീപ് തോപ്പില്‍ ,കെ.അനൂപ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: