ഹാങ്ചൊ: പുരുഷ ഹോക്കിയില്‍ പൊന്നടിക്കാന് ഭാരതം ഇന്ന് ഫൈനലില്‍ ജപ്പാനെ നേരിടും. ഭാരത സമയം വൈകീട്ട് നാലിനാണ് പോരാട്ടം. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ ജേതാക്കളാണ് ജപ്പാന്.
2014ല്‍ ഇഞ്ചിയോണ്‍ ഗെയിംസിലാണ് ഭാരതം അവസാനമായി ഹോക്കി സ്വര്‍ണം നേടിയത്. കഴിഞ്ഞ ജക്കാര്‍ത്ത ഗെയിംസില്‍ വെങ്കലമാണ് ഭാരതം നേടിയത്.
ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പാരിസ് ഒളിംപിക്സിലേക്ക് യോഗ്യത നേടാനാകും. ഗ്രൂപ്പ് ഘട്ടത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഭാരതം കാഴ്ചവച്ചത്. പൂള് മത്സരത്തില്‍ ജപ്പാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഭാരതം സെമി ഫൈനലില്‍ കൊറിയക്കെതിരെ 5-3ന്റെ വിജയം നേടിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ പൂള് എയില്‍ വമ്പന്‍ പ്രകടനമാണ് ഭാരതം കാഴ്ച്ചവച്ചത്. 63 ഗോളുകള്‍ നേടിയപ്പോള്‍ വെറും എട്ടെണ്ണം മാത്രമാണ് വഴങ്ങിയത്.
എഫ്ഐഎച്ച് ഹോക്കി റാങ്കിങ്ങില്‍ മൂന്നാം റാങ്കിലാണ് ഭാരതം. ജപ്പാനാകട്ടെ 15-ാം സ്ഥാനത്തും.
ക്രിക്കറ്റില്‍ ഇന്ന്: ഭാരതം – ബംഗ്ലാദേശ് സെമി
ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഭാരതത്തിന് ഇന്ന് സെമി മത്സരം. ബംഗ്ലാദേശിനെതിരായ ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ മെഡല്‍ പട്ടികയിലേക്ക് ഒരെണ്ണം കൂടി ഉറപ്പിക്കാന്‍ ഭാരതത്തിന് സാധിക്കും.
റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ടീം തോല്‍വി അറിയാതെയാണ് ഇതുവരെ ഏഷ്യന്‍ ഗെയിംസില്‍ നിലകൊള്ളുന്നത്. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ ബംഗ്ലാദേശിനായും രണ്ടാം നിര ടീമാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം തുടങ്ങുക.
കബഡിയില്‍ ഇന്ന് സെമിഫൈനല്‍
ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് പുരുഷ, വനിതാ കബഡിയില്‍ ഭാരതത്തിന് ഇന്ന് സെമി പോ
രാട്ടം. പുരുഷ വിഭാഗത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍. വനിതകള്‍ക്ക് നേപ്പാളും. ഇന്നലെ പുരുഷ വിഭാഗത്തില്‍ ഭാരതം ജപ്പാനെ 56-30ന് തകര്‍ത്ത് തുടര്‍ച്ചയായ നാലാം ജയമാണ് ഭാരതം സ്വന്തമാക്കിയത്.
2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാര് വെങ്കലവും വനിതകള്‍ വെള്ളിയുമാണ് സ്വന്തമാക്കിയിരുന്നത്. ഇത്തവണ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഭാരത ടീമുകള്‍ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: