കൊച്ചി: പതിനായിരങ്ങളെ ആവേശത്തിലാറാടിച്ച് കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എഎല്‍ പത്താം സീസണില്‍ ഉജ്വല തുടക്കം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചിരവൈരികളായ ബെംഗളുരു എഫ്സിയെ തകര്‍ത്തു. അന്പത്തിരണ്ടാം മിനിറ്റില്‍ ബെംഗളുരു താരം കെസിയ വീന്‍ഡോര്‍ഫിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനായി അറുപത്തി ഒന്‍പതാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയും ലക്ഷ്യം കണ്ടു. ബെംഗളുരുവിന്റെ ആശ്വാസ ഗോള്‍ കര്‍ട്ടിസ് മെയ്ന്‍ സ്വന്തമാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മഴവിട്ടു നിന്നെങ്കിലും വീണ്ടും മഴയും എത്തി. മഴയുടെ അകമ്പടിയോടെ ഗോള്‍ എന്ന ലക്ഷ്യവുമായി ബ്ലാസ്സ്റ്റേഴ്സ് തുടര്‍ച്ചയായി ബെംഗളൂരു ബോക്സിലേക്ക് തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തി. ആദ്യ അഞ്ച് മിനിറ്റിനിടെ രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. തൊട്ടുപിന്നാലെ പെപ്റയുടെ ഷോട്ട് ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിങ് ക്രോസ് ബാറിന് മുകളിലൂടെ കോര്‍ണറിന് വഴങ്ങി കുത്തി പുറത്തേക്കിട്ടു. ഈ കോര്‍ണറില്‍ നിന്ന് പതിനായിരങ്ങളെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോളടിച്ചു. ലൂണ എടുത്ത കിക്ക് ബോക്സില്‍ പറന്നിറങ്ങിയത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബെംഗളുരു താരം കെസിയ വീന്‍ഡോര്‍ഫിന്റെ കാലില്‍ത്തട്ടി സ്വന്തം വലയില്‍ കയറുകയായിരുന്നു. അറുപത്തി അഞ്ചാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വിറച്ചെങ്കിലും ആദ്യം സച്ചിന് സുരേഷിന്റെയും പിന്നീട് ജീക്സണ് സിങ്ങിന്റെ ബൈസിക്കിള്‍ കിക്കിന്റെയും കരുത്തില്‍ സ്വന്തം വലകുലുങ്ങാതെ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു.
അറുപത്തി ഒന്‍പതാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാറാടിച്ച് ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. ഗുര്‍പ്രീത് സിങ്ങിന്റെ പിഴവില്‍ നിന്ന് അഡ്രിയാന്‍ ലൂണയാണ് അനായാസം ബെംഗളൂരുവല കുലുക്കിയത്. എണ്‍പത്തിയെട്ടാം മിനിറ്റില്‍ ബെംഗളൂരു ഒരു ഗോള്‍ മടക്കി. 88-ാം മിനിറ്റില്‍ കര്‍ട്ടിസ് മെയ്ന്‍ ആണ് ലക്ഷ്യം കണ്ടത്. തുടര്‍ന്ന് സമനിലക്കായി അവര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ വിജയം ബ്ലാസ്റ്റേഴ്സിന് സ്വന്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: