ന്യൂദല്‍ഹി: ഒളിവിലായിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) കൊടും ഭീകരൻ അറാഫത്ത് അലി എന്‍ഐഎയുടെ പിടിയിൽ. കെനിയയിലെ നെയ്റോബിയില്‍ നിന്നും ന്യൂദൽഹിയിൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻതന്നെ അറഫാത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ അറാഫത്ത് 2020 മുതൽ ഒളിവിലായിരുന്നു. അന്നുമുതൽ, ഐഎസിന്റെ ഇന്ത്യാവിരുദ്ധ ഭീകര പ്രവർത്തനങ്ങൾക്ക് ഇയാൾ ചുക്കാൻ പിടിച്ചുവരികയായിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളായ യുവാക്കളെ കണ്ടെത്തി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവാദികളാക്കുന്നതിലും അറാഫത്ത് നിർണായക പങ്ക് വഹിച്ചതായി അധികൃതർ വെളിപ്പെടുത്തി.
ശിവമോഗ തീവ്രവാദ ഗൂഢാലോചന കേസിന്റെ മുഖ്യ സൂത്രധാരനായ അറാഫത്ത് അലിയുടെ അറസ്റ്റ് ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും കണ്ടെത്താനും പരാജയപ്പെടുത്താനുമുള്ള എന്‍ഐഎയുടെ ശ്രമങ്ങളില്‍ വലിയ വഴിത്തിരിവാകുമെന്ന് എൻഐഎ അറിയിച്ചു. ശിവമോഗ ട്രയല്‍ സ്ഫോടനക്കേസിലെ പ്രതികളുമായും ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു.
മംഗളൂരു കദ്രി മഞ്ജുനാഥ ക്ഷേത്രം തകര്‍ക്കാനായി മുഹമ്മദ് ഷാരിഖ് എന്ന പ്രതി ഓട്ടോയില്‍ കൊണ്ടു പോയ പ്രഷര്‍ കുക്കര്‍ ഐഇഡി അബദ്ധത്തില്‍ വഴിയില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കേസിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും അറാഫത്ത് അലി നേരിട്ട് പങ്കാളിയാണ്. 2020-ൽ മംഗളൂരുവിൽ നടന്ന രണ്ട് ചുവരെഴുത്ത് കേസുകളുമായി അറാഫത്തിന്റെ തെളിഞ്ഞിരുന്നു. ഇയാളുടെ നിർദേശപ്രകാരം മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഷാരിഖ്, മാസ് മുനീർ അഹമ്മദ് എന്നിവർ ലഷ്കർ-ഇ-തൊയ്ബ, താലിബാൻ അനുകൂല സന്ദേശങ്ങൾ ചുവരുകളിൽ എഴുതിയിരുന്നു.
“സംഘികളെയും മന്‍വേദികളെയും നേരിടാന്‍ ലഷ്ക്കറി ത്വയ്ബയെയും താലിബാനെയും ക്ഷണിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്”, എന്നതായിരുന്നു ചുവരെഴുത്തുകള്‍. അറാഫാത്തിനും മറ്റു പ്രതികൾക്കുമെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എന്‍ഐഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: