തിരക്കഥയ്ക്ക് ചിരിക്കഥയെന്ന് പേരുവീണത് സിദ്ദിഖും ലാലും സിനിമാക്കഥ പറയാന്‍ തുടങ്ങിയപ്പോഴാണ്. മിമിക്രിക്കാരുടെ സിനിമയെന്ന പരിഹാസച്ചിരി ചിരിച്ചവരുടെയിടയില്‍ ഹിറ്റുകളില്‍ ഹിറ്റുകളിലേക്ക് തുടര്‍ച്ചയായി മുന്നേറുകയായിരുന്നു അവര്‍.
1983ല്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. കൂട്ടുകാരനായ കലാഭവന്‍ അന്‍സാറിനൊപ്പം ലാലിനെയും കൂട്ടി ആലപ്പുഴയില്‍ പോയി ഫാസിലിനെ കണ്ട കഥകള്‍ പില്ക്കാലത്ത് മിമിക്രിക്ക് പിന്നിലെ നോവും ചിരിയും പകര്‍ന്ന സിനിമ ചിരിമാ പരിപാടിക്കിടെ സിദ്ദിഖ് ഓര്‍ത്തെടുത്തിരുന്നു. ഫാസില്‍ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എടുക്കുന്നതിനിടെയായിരുന്നു. അന്നത്തെ കാഴ്ചയിലാണ് അക്കാലമത്രയും കണ്ട സ്വപ്നങ്ങള്‍ വിരിഞ്ഞു തുടങ്ങിയത്.
ഫാസിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ റാംജിറാവു പിറന്നു. വിജയരാഘവനും ബിജുമേനോനും സായ് കുമാറും മാത്രമല്ല സാക്ഷാല്‍ എന്‍എന്‍ പിള്ളയെ വരെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് ഈ പ്രതിഭയുടെ മിടുക്കാണ്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം സിദ്ദിഖ് സംവിധായകനായി ഹിറ്റ് മേക്കറായി.
ഇന്ത്യന്‍ സിനിമാ വേദിയില്‍ നിറയുമ്പോഴും സിദ്ദിഖ് ചിരിവേദികള്‍ മറന്നില്ല. സൗഹൃദങ്ങളുടെ കഥകളായിരുന്നു സിദ്ദിഖിന്റെ ചിരിക്കഥകളൊക്കെയും. സൗഹൃദങ്ങളായിരുന്നു സിദ്ദിഖിന്റെ അരങ്ങും അണിയറയും.
‘സിദ്ദിഖ് -ലാല്‍’ സൗഹൃദവും പിരിയലും
മലയാള സിനിമയുടെ എക്കാലത്തെയും ശ്രദ്ധേയരായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍. മിമിക്രിയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു സിദ്ദിഖും ലാലും. പിന്നിട് സിദ്ദിഖ് – ലാല്‍ കോമ്പോ ആയി മാറുകയായിരുന്നു. സിനിമ ആസ്വാദകന് മനസില്‍ എന്നും സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരുപിടി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ നല്കിയ ജോഡിയായിരുന്നു ഇവര്‍.
ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമയാണ് 1989-ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ്. ജനഹൃദയം ഇരു കൈയും നീട്ടിയാണ് ആ സിനിമയെ സ്വീകരിച്ചത്. അതിനാല്‍ തന്നെ വന്‍ വിജയമാണ് ആദ്യ സിനിമയില്‍ ഈ കൂട്ടുക്കെട്ട് സ്വന്തമാക്കിയത്. മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന സംവിധായകരായിരുന്നു സിദ്ദിഖും ലാലും. സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ഹിറ്റായ മറ്റു ചിത്രങ്ങളാണ് ഫ്രണ്ട്സ്, ഗോഡ് ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, കാബൂളിവാല എന്നിവ.
ആ കൂട്ടുക്കെട്ട് പിരിഞ്ഞുവെന്ന് കേട്ടപ്പോള്‍ പലരും കരുത്തിയത് പിണങ്ങിപ്പിരിഞ്ഞു എന്നാണ് എന്നാല്‍ പിണങ്ങി പിരിഞ്ഞതല്ലയെന്നും വളര്‍ച്ചയുടെ ഭാഗമായി രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. വേര്‍പിരിഞ്ഞതിനുശേഷം സിദ്ദിഖിന്റെ സ്വതന്ത്ര സംവിധാനത്തില്‍ ആദ്യമിറങ്ങിയ ചിത്രമായിരുന്നു ഹിറ്റ്ലര്‍. ചിത്രത്തില്‍ ലാല്‍ നിര്‍മ്മാതാവായി ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: