കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാന്സില് നിന്ന് ഒന്നേകാല്‍ക്കോടിയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. തിങ്കളാഴ്ച രാവിലെ സ്ഥാപനം വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരിയാണ് കവര്‍ച്ചാ വിവരം ഉടമയെ അറിയിച്ചത്. കോട്ടയം കുഴിമറ്റം പാറപ്പുറം പരമാനന്ദാലയത്തില്‍, എ.ആര്. പരമേശ്വരന് നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് പണവും സ്വര്‍ണവും കവര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവിയുടെ ഡിവിആറും മോഷണം പോയിട്ടുണ്ട്.
കോട്ടയം എസ്പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ തോതില്‍ ആസൂത്രണം ചെയ്തു നടത്തിയ മോഷണമാണിതെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. സ്ഥാപനത്തില്‍ പലരും പണയം വച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
പ്രധാന വാതിലിന്റെ ഷട്ടര്‍ പൂട്ട് പൊളിച്ച്, ഷട്ടര്‍ പാതി ഉയര്‍ത്തി, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചതിനാല്‍ പുറത്തുനിന്നുള്ളവര്‍ക്ക് കവര്‍ച്ചാശ്രമം അറിയാന്‍ സാധിച്ചിട്ടില്ല. ഇരുപത് വര്‍ഷമായി മന്ദിരം കവലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സുധാ ഫൈനാന്‍സ്. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറു വര്‍ഷമായി.
ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായിരുന്നതിനാല്‍ കവര്‍ച്ച നടന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. സോപ്പു പൊടിയും മറ്റും വിതറി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. കോട്ടയത്തുനിന്ന് വിരലടയാള വിദഗ്ധര്‍ എത്തി തെളിവെടുപ്പ് നടത്തി.
കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂയെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. കോട്ടയം, ചങ്ങനാശ്ശേരി ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: