ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കന്ററി വിദ്യാലയത്തില്‍ ‘നാട്ടുവസന്തം’ ഒരുക്കി വിദ്യാര്‍ത്ഥികള്‍. ദശപുഷ്പങ്ങള്‍, നാട്ടുപൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശനമാണ് വിദ്യാര്‍ത്ഥികള്‍ ആവിഷ്ക്കരിച്ചത്. മുക്കുറ്റി, ഉഴിഞ്ഞ, പൂവാംകുറുന്തല്‍, കയ്യോന്നി, ചെറൂള, നിലപ്പന, കറുക, മുയല് ചെവിയന്‍, വിഷ്ണുക്രാന്തി, തിരുതാളി എന്നിങ്ങനെ ദശപുഷ്ങ്ങളെല്ലാം തന്നെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു കൊണ്ടുവന്നിരുന്നു.
നാട്ടുപൂക്കള്‍ അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലത്ത് കുട്ടികളില്‍ കൗതുകവും ആകാംക്ഷയും ഉണര്‍ത്താന്‍ കഴിയുന്നതായിരുന്നു നാട്ടുപൂക്കളുടെ പ്രദര്‍ശനം. കാശിത്തുമ്പ, കോളാമ്പി, തുമ്പ, ആകാശമല്ലി, തീപ്പൊരി, നന്ത്യാര്‍വട്ടം, കാക്കപ്പൂവ്, നിത്യകല്യാണി, മന്ദാരം, ശംഖുപുഷ്പം, പിച്ചി, കല്യാണസൗഗന്ധികം, രാജമല്ലി എന്നിങ്ങനെ വിവിധങ്ങളായ നാട്ടുപൂക്കളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.
ദന്തപ്പാല, കരിനൊച്ചി, ശതാവരി, തുളസി, ഉങ്ങ്, ആവണക്ക്, മുറിക്കൂട്ടി, നെല്ലി, മുള്ളാത്ത, കീഴാര്‍നെല്ലി, കുടവന്‍, മഞ്ഞള്‍, കച്ചൂരം, തഴുതാമ, കസ്തൂരിമഞ്ഞള്‍, കറ്റാര്‍വാഴ, ആടലോടകം, തൊട്ടാവാടി, തിപ്പലി, ആര്യവേപ്പ്, കുറുന്തോട്ടി ചിറ്റമൃത്, പനിക്കൂര്‍ക്ക, വെറ്റില, കറിവേപ്പ്, കപ്പയില, ബ്രഹ്മി, മുത്തങ്ങ എന്നിങ്ങനെ ഔഷധസസ്യങ്ങളുടെ വലിയൊരു നിര തന്നെ ഒരുക്കിയിരുന്നു വിദ്യാര്‍ത്ഥികള്‍. ഈ നാട്ടു നന്മകള് നഷ്ടപ്പെടുത്തേണ്ടതല്ലെന്നും അവയെ തിരിച്ചറിയുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടതാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാക്കുന്നതായിരുന്നു ‘നാട്ടുവസന്തം’ പ്രദര്‍ശനം.
ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോള്‍ വളരെ താല്പര്യത്തോടുകൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഇവയെല്ലാം ശേഖരിച്ചതും പ്രദര്‍ശനം ഒരുക്കിയതും. പ്രദര്‍ശനത്തിലെ പലതും കുട്ടികള്‍ ആദ്യമായി കാണുകയായിരുന്നു. അതിന്റെ ആകാംക്ഷയും കൗതുകവും എല്ലാ വിദ്യാര്‍ത്ഥികളിലും ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ റവ. ഫാ. ജോസ് താണിക്കല്‍ ‘നാട്ടുവസന്തം’ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: