ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലയും, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാത്രം തനത് കലയുമായ കൃഷ്ണനാട്ടത്തിന് ഉപയോഗിക്കാനായി ‘വിശ്വരൂപം കിരീടം’ ഇന്നലെ വഴിപാടായി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.
ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി. കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ വിശ്വാസപൂര്‍വ്വം സമര്‍പ്പിക്കുന്നതാണ് വിശ്വരൂപം വഴിപാട്. ഭഗവാന്റെ വേഷഭൂഷാദികളും, കിരീടവും ധരിച്ച് ഭഗവത് സന്നിധിയില്‍ ഭക്തന് സ്വയം സമര്‍പ്പണം ചെയ്യുന്നു എന്നതാണ് ഈ വഴിപാടിന്റെ പ്രത്യേകത.
അവതാരം കഥയില്‍ ദേവകീ-വസുദേവന്മാര്‍ക്കു മുന്നിലും, സ്വയംവരം കഥയില്‍ മുകുന്ദ സമക്ഷവും ഭഗവാന് വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനായി അവതാരം കഥയില്‍ ചെറിയ കിരീടവും, സ്വയംവരം കഥയില്‍ വലിയ കിരീടവുമാണ് ഉപയോഗിക്കുന്നത്. കഥയില്‍ കൃഷ്ണവേഷം കെട്ടിയ കലാകാരന് നിശ്ചിത സമയത്തേക്ക് കൃഷ്ണ മുടി മാറ്റി കിരീടമണിഞ്ഞാണ് വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നത്.
ധരിക്കുന്നവരുടെ പ്രായത്തിനനുസരിച്ച് ചെറിയ കിരീടവും, വലിയ കിരീടവും ഉപയോഗിക്കും. സമര്‍പ്പണ ചടങ്ങില്‍ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ് കുമാര്‍, കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര, കൃഷ്ണനാട്ടം വേഷം ആശാന് എസ്. മാധവന്‍കുട്ടി, കൃഷ്ണനാട്ടം കോസ്റ്റ്യൂം ചുമതലയുള്ള ചുട്ടി കലാകാരന് ഇ. രാജു എന്നിവരും, നൂറുകണക്കിന് ഭക്തജനങ്ങളും സന്നിഹിതരായി. ശില്പി കെ. ജനാര്ദ്ദനന് നിര്‍മിച്ച കിരീടം, തിരുവനന്തപുരം സ്വദേശി രാജ്കൃഷ്ണന് ആര്. പിള്ളയാണ് ഭഗവാന്റെ തിരുമുന്നില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: